ആനയുടെ ചവിട്ടേറ്റ് മരിച്ച സൂരജ് പിഷാരടി
അങ്കമാലി: തിരുനായത്തോട് ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ശ്രീമൂലനഗരം ചൊവ്വര സുരഭി പിഷാരത്ത് സേതുമാധവന്‍റെ മകൻ സൂരജ് പിഷാരടിയാണ് (34) മരിച്ചത്. യൂട്യൂബറും ഫ്രീലാൻഡ്സ് ഡോക്യുമെന്‍ററി സംവിധായകനുമാണ് മരിച്ച സൂരജ്.
തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിലെ തിരുവത്സവത്തിന്‍റെ ഭാഗമായി നടന്ന ശിങ്കാരിമേളത്തിനിടെയാണ് ആനയിടഞ്ഞത്. കുതിച്ച് ചാടി അക്രമാസക്തനായി ഓടിയ ആനയെ കണ്ട് ഭയന്നോടി വീണ് 16ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ ഏതാനും പേർ ഇപ്പോഴും അങ്കമാലി എൽ.എഫ് ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമാസക്തനായ ആനക്ക് മുന്നിൽ കാമറ ഉപയോഗിച്ച് ദൃശ്യം പകർത്തുന്നതിനിടെയാണ് ആന ഇടഞ്ഞ് മുന്നോട്ട് പാഞ്ഞത്. ഈ സമയം ആനയുടെ തൊഴിയേറ്റ് സൂരജിന്‍റെ തലക്ക് പരിക്കേറ്റു. തല തകർന്ന് അപകടസ്ഥലത്ത് കുറേനേരം രക്തം വാർന്ന് കിടന്നു. ആനയെ ബഹളമുണ്ടാക്കി സംഭവസ്ഥലത്ത് നിന്ന് മാറ്റിയശേഷമാണ് സൂരജിനെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വ്യാഴാഴ്ച പുലർച്ചെയോടെ മരിച്ചു.
കുതിച്ചു ചാടിയ ആനയുടെ പുറത്ത് നിന്നും വീണ് വാരിയെല്ലുകൾ തകർന്ന തൃപ്പൂണിത്തുറ ഏരൂർ കൗസ്തൂബം ഹരി കമ്മത്തും (41) എൽ.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇടഞ്ഞ ആനയെ കണ്ട് മറ്റൊരാന ഭയന്നോടിയതും അപകടത്തിന് വഴിയൊരുക്കി. മരിച്ച സൂരജിന്‍റെ അമ്മ സുഭദ്ര. സഹോദരൻ: സുജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.