ധാക്ക: ഇന്ത്യ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ ടീമിലെ എല്ലാ കളിക്കാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനമെടുത്തത്.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ സുരക്ഷാ കാരണങ്ങളാൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബി.സി.ബി) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.
ഐ.സി.സി ബംഗ്ലാദേശിനോട് നീതി കാണിച്ചില്ലെന്നും ക്രിക്കറ്റിനേക്കാൾ ഉപരി കളിക്കാരുടെ സുരക്ഷക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ആസിഫ് നസ്റുൽ പറഞ്ഞു. ഇന്ത്യയിൽ കളിക്കുന്ന കാര്യത്തിൽ നിലപാട് മാറ്റാൻ ഐ.സി.സി ഒരു ദിവസത്തെ സമയം കൂടി അനുവദിച്ചിരുന്നെങ്കിലും ബി.സി.ബി തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ലോകകപ്പ് വേദികളിൽ ബംഗ്ലാദേശ് താരങ്ങൾക്കോ ഉദ്യോഗസ്ഥർക്കോ ആരാധകർക്കോ യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്ന് ബുധനാഴ്ച ചേർന്ന ഐ.സി.സി ബോർഡ് മീറ്റിങ്ങിൽ വിലയിരുത്തിയിരുന്നു. നിലവിലെ ഷെഡ്യൂൾ പ്രകാരം തന്നെ മത്സരങ്ങൾ നടക്കുമെന്നും, മത്സരങ്ങൾ മാറ്റുന്നത് ടൂർണമെന്റിന്റെ നടത്തിപ്പിനെയാകെ ബാധിക്കുമെന്നും ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ വരാനിരിക്കുന്ന സീസണിൽനിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഉടക്കുകയായിരുന്നു ബി.സി.ബി. ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തതായിരുന്നു മുസ്തഫിസിറിനെ. ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചായിരുന്നു തീരുമാനം. തങ്ങളുടെ താരത്തെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കിയതിലുള്ള അമർഷം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന് അവർ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.