തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. തന്റെ കുടുംബം തകർത്തതും മക്കളെ തന്നിൽ നിന്ന് വേർപിരിച്ചതും ഉമ്മൻ ചാണ്ടിയാണ് എന്നായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം. ചാണ്ടി ഉമ്മന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
''തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉയർന്നു വരും. സി.ബി.ഐക്ക് ഞാൻ കൊടുത്ത മൊഴി ആർക്കു വേണമെങ്കിലും പരിശോധിക്കാം. ഉമ്മൻ ചാണ്ടി ഇത്തരമൊരു പ്രവൃത്തി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല എന്ന് എന്റെ അച്ഛൻ മരിക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് സി.ബി.ഐക്ക് മുന്നിൽ ഞാൻ പറഞ്ഞത്. എന്റെ കുടുംബം തകർത്ത്, എന്റെ സർവതും പിടിച്ചുവാങ്ങി, എന്റെ മക്കളെ എന്നിൽ നിന്ന് വേർപിരിച്ചുവിടാനായി മധ്യസ്ഥം വഹിച്ച ഉമ്മൻ ചാണ്ടി ആ മര്യാദകേടിന് മറുപടി പറയണ്ടേ. പറയണ്ട പറയേണ്ട എന്ന് വിചാരിച്ചാലും വായിൽ വിരലിട്ടാൽ കടിക്കാത്ത ആരുമില്ല. എന്റെ കുടുംബം തകർത്ത് എന്റെ മക്കളെയും എന്നെയും രണ്ടുവഴിക്കാക്കി വഴിയാധാരമാക്കിയതിന് ഉമ്മൻ ചാണ്ടി മറുപടി പറയുമോ? ഉമ്മൻ ചാണ്ടിയുടെ മകൻ മറുപടി പറയുമോ?'എന്തിനാണ് എന്നെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത്. പ്രശ്നങ്ങൾ അവസാനിച്ചാൽ മന്ത്രിസഭയിൽ തിരിച്ചെടുക്കുമെന്ന് പറഞ്ഞ് പറ്റിച്ചു. ചാണ്ടി ഉമ്മൻ ഇത്രയും കാലം എവിടെ ആയിരുന്നു.ചാണ്ടി ഉമ്മൻ മിണ്ടാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഞാൻ ഇതൊക്കെ വിളിച്ചുപറയും.-എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്.
പത്തനാപുരത്ത് നടന്ന പൊതുപരിപാടിയിൽ ചാണ്ടി ഉമ്മൻ പറഞ്ഞ ആരോപണങ്ങൾക്കാണ് ഗണേഷ് കുമാർ മറുപടി നൽകിയത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചത് ഗണേഷ് കുമാറാണ് എന്നായിരുന്നു ചാണ്ടി ഉമ്മൻ ആരോപിച്ചത്. അതിനു മറുപടിയായാണ് തന്റെ വിവാഹ മോചനത്തിന് കാരണക്കാരൻ ഉമ്മൻ ചാണ്ടിയാണ് എന്ന് ഗണേഷ് കുമാർ പറഞ്ഞത്.
സോളാർ കേസിലെ പരാതിക്കാരിയുടെ 18 പേജുള്ള പരാതി 24 പേജ് ആക്കിയതിന് പിന്നിൽ ഗണേഷ് കുമാർ ആണ്. ഇന്നും ഈ വിഷയത്തിൽ കൊട്ടാരക്കര കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒരിക്കൽ നീതി ലഭിക്കുമെന്നാണ് വിശ്വാസം. ഉമ്മൻചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാർ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും യാത്ര ചെയ്തു. എന്നിട്ട് സിഡി കിട്ടിയോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.
ആർ. ബാലകൃഷ്ണപിള്ളയുമായി ഉമ്മൻചാണ്ടിക്ക് അടുത്ത ബന്ധമായിരുന്നു. പക്ഷെ, ഗണേഷ് കുമാറിൽ നിന്ന് ഇതുപോലുള്ള നീച പ്രവൃത്തികളാണ് ഉണ്ടായതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.