'രണ്ട് മുതലാളിമാർ ഒന്നിക്കുമ്പോൾ ലാഭവിഹിതമായിരിക്കും ചിന്ത, കോർപ്പറേറ്റ് താൽപര്യങ്ങളും വർഗീയതയും ഒരു പാത്രത്തിൽ വിളമ്പിയാൽ അത് വിഴുങ്ങാൻ ഇവിടെ ആരെയും കിട്ടില്ല'; സന്ദീപ് വാര്യർ

കൊച്ചി: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടി എൻ.ഡി.എയിൽ ചേർന്നതോടെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.

കിഴക്കമ്പലത്തെ സാബു മുതലാളിയും ഡൽഹിയിലെ രാജീവ് ചന്ദ്രശേഖരൻ മുതലാളിയും കൂടി കൈകോർക്കുമ്പോൾ അവിടെ സംഭവിക്കുന്നത് രാഷ്ട്രീയമല്ല, ഒരു ഒന്നാന്തരം 'ബിസിനസ് മെർജർ' ആണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഇതിനെ 'അവിശുദ്ധ കൂട്ടുകെട്ട്' എന്ന് വിളിക്കുന്നത് പഴയ സ്റ്റൈലാണ്. ഇതിപ്പോൾ ഒരു 'സ്‌ട്രാറ്റജിക് കോർപ്പറേറ്റ് പാർട്ണർഷിപ്പ്' ആണ്. കമ്പനിയുടെ ഷെയർ ഹോൾഡേഴ്സിനെ മാറ്റുന്നത് പോലെ വോട്ടർമാരെയും മാറ്റാമെന്നാണ് ഇവരുടെ വിചാരം. ഇത് പ്രബുദ്ധമായ കേരളമാണ്. കോർപ്പറേറ്റ് താല്പര്യങ്ങളും വർഗീയതയും ഒരു പാത്രത്തിൽ വിളമ്പിയാൽ അത് വിഴുങ്ങാൻ ഇവിടെ ആരെയും കിട്ടില്ലെന്നും സന്ദീപ് കുറ്റപ്പെടുത്തി.

സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്

"കിഴക്കമ്പലത്തെ സാബു മുതലാളിയും ഡൽഹിയിലെ രാജീവ് ചന്ദ്രശേഖരൻ മുതലാളിയും കൂടി കൈകോർക്കുമ്പോൾ അവിടെ സംഭവിക്കുന്നത് രാഷ്ട്രീയമല്ല, ഒരു ഒന്നാന്തരം 'ബിസിനസ് മെർജർ' ആണ്.

രാഷ്ട്രീയത്തെ പ്യുവർ ബിസിനസ്സായി കാണുന്ന രണ്ട് മുതലാളിമാർ ഒന്നിക്കുമ്പോൾ ലാഭവിഹിതത്തെക്കുറിച്ച് മാത്രമേ അവർക്ക് ചിന്തിക്കാനാവൂ. ഒരാൾ കിറ്റും പച്ചക്കറിയും വിറ്റ് വോട്ട് പിടിക്കാൻ നോക്കുന്നു, മറ്റൊരാൾ കോർപ്പറേറ്റ് പവറും കേന്ദ്ര സ്വാധീനവും ഉപയോഗിച്ച് കേരളത്തെ വിലയ്ക്കെടുക്കാമെന്ന് മോഹിക്കുന്നു.

ഇതിനെ 'അവിശുദ്ധ കൂട്ടുകെട്ട്' എന്ന് വിളിക്കുന്നത് പഴയ സ്റ്റൈലാണ്. ഇതിപ്പോൾ ഒരു 'സ്‌ട്രാറ്റജിക് കോർപ്പറേറ്റ് പാർട്ണർഷിപ്പ്' ആണ്. കമ്പനിയുടെ ഷെയർ ഹോൾഡേഴ്സിനെ മാറ്റുന്നത് പോലെ വോട്ടർമാരെയും മാറ്റാമെന്നാണ് ഇവരുടെ വിചാരം. തൊഴിലാളികളെ തഞ്ചത്തിൽ നിർത്തുന്നത് പോലെ വോട്ടർമാരെയും വരുതിയിലാക്കാം എന്ന് കരുതുന്ന ഈ 'മുതലാളിത്ത ബുദ്ധി'ക്ക് മുന്നിൽ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ..

മുതലാളിമാരേ, ഒരു കാര്യം ഓർമ്മിപ്പിക്കാം... ഇത് പ്രബുദ്ധമായ കേരളമാണ്. ഇവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ കിറ്റിലിട്ടോ വർഗീയത കലർത്തിയോ വിലയ്ക്കെടുക്കാം എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ്.

കോർപ്പറേറ്റ് താല്പര്യങ്ങളും വർഗീയതയും ഒരു പാത്രത്തിൽ വിളമ്പിയാൽ അത് വിഴുങ്ങാൻ ഇവിടെ ആരെയും കിട്ടില്ല. നാട്ടുകാരെ വെറും ഉപഭോക്താക്കളായി കാണുന്ന നിങ്ങളുടെ ഈ 'ഡീൽ രാഷ്ട്രീയം' അറബിക്കടലിൽ തള്ളാൻ കേരളം തയ്യാറെടുത്തു കഴിഞ്ഞു. ഈ കളി ഇവിടെ വിലപ്പോകില്ല മുതലാളിമാരേ" 

Full View

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തലസ്ഥാനത്ത് എത്താനിരിക്കെയാണ് ബി.ജെ.പിയുടെ നിർണായക നീക്കമുണ്ടാകുന്നത്. ആദ്യമായാണ് ട്വന്റി 20 ഒരു മുന്നണിയുടെ ഭാഗമാകുന്നത്. ചെയർമാൻ സാബു ജേക്കബും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുായി തിരുവനന്തപുരം മാരാർജി ഭവനിൽ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഇരുവരും മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്. 

Tags:    
News Summary - sandeep varier reacts to NDA's entry into Twenty20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.