തിരുവനന്തപുരം: പി.ബിയിൽനിന്ന് ചോർന്ന കത്തിൽ നേതാക്കളും മന്ത്രിമാരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ സി.പി.എമ്മിന് തലവേദനയാകും. പാർട്ടി അനുഭാവി ഷര്‍ഷാദ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്തില്‍ നേതാക്കളുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ചെന്നൈയില്‍ കമ്പനി രൂപവത്കരിച്ച് പണമെത്തിച്ച് കേരളത്തിലെ സി.പി.എം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നതാണ് ഒരു പരാമർശം. ഈ പണം ഏത് ഇനത്തിലാണ് നേതാക്കൾ കൈപ്പറ്റിയെന്നതും ഏത് വകയിൽ ചെലവഴിച്ചുവെന്നതുമാണ് ഉയരുന്ന ചോദ്യം.
സർക്കാർ പദ്ധതികളിലേക്ക് യു.കെയിലുള്ള കമ്പനിക്ക് കടന്നുവരവിന് വഴിയൊരുക്കിയ സാഹചര്യമാണ് മറ്റൊന്ന്. ഇതിനായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സന്ദർശനം നടന്നുവെന്നും മന്ത്രിമാർ വരെ പങ്കെടുത്ത വാർത്തസമ്മേളനം നടന്നുവെന്നുമാണ് മറ്റൊരു ആരോപണം. ഇതിനായി 50 ലക്ഷം എത്തിച്ചുവെന്ന് കത്തിൽ പറയുന്നുണ്ടെങ്കിലും വിനിയോഗം സംബന്ധിച്ച് വിശദാംശങ്ങളില്ല. സി.പി.എമ്മിന്റെ മുൻ മന്ത്രിമാർക്കെതിരെയും പോളിറ്റ്ബ്യൂറോക്ക് നൽകിയ പരാതിയിൽ പരാമർശങ്ങളുണ്ട്.
യു.കെ വ്യവസായിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചില ഇടപെടലുകൾ കാരണം സാധിച്ചില്ലെന്നാണ് ഷർഷാദ് പറയുന്നത്. കത്ത് ചോർന്നതുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ പേരാണ് ഷർഷാദ് സംശയമായി ഉന്നയിക്കുന്നത്. ഇതോടെ പാർട്ടി സെക്രട്ടറി മറുപടി നൽകാൻ നിർബന്ധിതമാവുകയാണ്.
അതേസമയം, കത്ത് നേതൃത്വത്തിന് ലഭിച്ചിട്ടും എന്തുകൊണ്ട് പൂഴ്ത്തിവെച്ചുവെന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇത്രയും കാലം സി.പി.എമ്മിന്റെ പ്രധാന നേതാക്കള്‍ അറിഞ്ഞുകൊണ്ടാണോ ഇടപാടുകളെന്നാണ് ചോദ്യം. സി.പി.എമ്മിന്റെ ആരും കാണാത്ത മുഖമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഇത്രയും കാലം എന്തുകൊണ്ടാണ് കത്ത് മറച്ചുവെച്ചതെന്നും ആരോപണങ്ങളെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.