പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം (ഫയൽ ചിത്രം)
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ നയതന്ത്ര മേഖലയും (ഡിപ്ലോമാറ്റിക് ക്വാർട്ടർ) എണ്ണപ്പാടങ്ങളും ലക്ഷ്യമിട്ട് നടത്തിയ വൻ ഡ്രോൺ ആക്രമണ ശ്രമങ്ങൾ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ആകെ 33 ഡ്രോണുകൾ വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടർ ലക്ഷ്യമിട്ടു വന്ന ഡ്രോൺ തകർത്തതായി പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ആക്രമണ ശ്രമത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിയാദിന്റെ കിഴക്കൻ മേഖലയിൽ നിന്ന് 18 ഡ്രോണുകളും വ്യോമാതിർത്തിക്കുള്ളിൽ കടന്ന 8 ഡ്രോണുകളും തകർത്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ മറ്റ് 6 ഡ്രോണുകളും വെടിവെച്ചിട്ടു.
റുബുൽ ഖാലി മേഖലയിലൂടെ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടു നീങ്ങിയ ഡ്രോണും സൈന്യം തകർത്തു. ശനിയാഴ്ച അൽഖർജിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമിട്ടു തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന തകർത്തിരുന്നു. മറ്റൊരു മിസൈൽ ജനവാസമില്ലാത്ത മേഖലയിൽ പതിച്ചതായും മന്ത്രാലയം സ്ഥിരീകരിച്ചു.
സൗദിയുടെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ഇത്തരം പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.