സൊമാറ്റോക്കും സ്വിഗിക്കും വെല്ലുവിളിയുമായി ഫ്ലിപ്കാർട്ട്; ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് കടക്കാൻ നീക്കം, 30 ദിവസത്തിനകം ആദ്യ പദ്ധതി

ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുറപ്പിക്കാൻ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇ-കോമഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട്. സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തുന്ന ഈ വിപണിയിലേക്ക് പുതിയൊരു തുടക്കവുമായി അടുത്ത 30 ദിവസത്തിനുള്ളിൽ ബെംഗളൂരുവിൽ പൈലറ്റ് പദ്ധതി ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സി.ഇ.ഒ കല്യാൺ കൃഷ്ണമൂർത്തി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഞങ്ങളുടെ വിശാലമായ ഇ-കോമഴ്സ് പ്ലാറ്റ്‌ഫോമിന് കീഴിലുള്ള ഉപഭോക്തൃ സേവനങ്ങളുടെ ഭാഗമാണ് ഭക്ഷണ വിതരണവും. ഒരു പൈലറ്റ് പദ്ധതിയിലൂടെ തുടക്കം കുറിക്കുകയും അതിൽ നിന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം ഇത് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സൊമാറ്റോ, സ്വിഗ്ഗി, റാപ്പിഡോയുടെ ഓൺലി, ഒഎൻഡിസി എന്നീ പ്ലാറ്റ്‌ഫോമുകളാണ് ഫ്ലിപ്കാർട്ടിന് മത്സരരംഗത്തുള്ള പ്രധാന കമ്പനികൾ. ഇതിനോടകം തന്നെ ക്വിക്ക് കൊമേഴ്‌സ് രംഗത്ത് സജീവമായ ഫ്ലിപ്കാർട്ടിന്റെ മിനിറ്റ്സ് പദ്ധതി ഇപ്പോൾ 1000-ത്തോളം ഡാർക്ക് സ്റ്റോറുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒഎൻഡിസി പ്ലാറ്റ്‌ഫോമിൽ ബയർ-സൈഡ് ആപ്ലിക്കേഷനുമായി സഹകരിക്കണോ അതോ സ്വതന്ത്രമായ പ്ലാറ്റ്‌ഫോം നിർമ്മിക്കണോ എന്ന കാര്യങ്ങൾ ഫ്ലിപ്കാർട്ട് പരിശോധിക്കുന്നുണ്ട്. പദ്ധതി ആദ്യ ഘട്ടത്തിൽ ഏത് നനഗരത്തിൽ അവതരിപ്പിക്കുമെന്നോ സേവനത്തിന് എന്ത് പേരിടുമെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഏതായാലും സൊമാറ്റോയും സ്വിഗ്ഗിയും വാഴുന്ന ഇന്ത്യൻ ഭക്ഷണ വിതരണ രംഗത്ത് ഫ്ലിപ്കാർട്ടിന്റെ വരവ് കടുത്ത മത്സരത്തിന് വഴിയൊരുക്കുമെന്നുറപ്പാണ്.

Tags:    
News Summary - Zomato, Swiggy, Flipkart, online food delivery,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.