ഒരു ക്ലിക്ക് മതി അക്കൗണ്ട് കാലിയാകും; ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പരസ്യങ്ങൾക്ക് പിന്നിൽ വമ്പൻ സാമ്പത്തിക തട്ടിപ്പുകൾ
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ കാണുന്ന പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും ഏതെങ്കിലുമൊരു വെബ്സൈറ്റിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിൽ നിങ്ങളറയാതെ ചെയ്യുന്ന ഏതാനും ടാപ്പുകളിലൂടെ നിങ്ങളുടെ പണവും ഡാറ്റയുമെല്ലാം തട്ടിപ്പുകാർ കൈക്കലാക്കുന്നു. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ വഴിയുള്ള തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. പരസ്യങ്ങൾ മാൽവെയർ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും വഴി നിങ്ങളുടെ പണവും വിവരങ്ങളുമെല്ലാം കൈക്കലാക്കുന്ന രീതിയാണ് ഇവിടെ നടപ്പിലാകുന്നത്.
സമൂഹമാധ്യമങ്ങളിലെ ആകർഷകമായ പരസ്യങ്ങൾ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താക്കൾ ഫിഷിങ് വെബ്‌സൈറ്റുകളിൽ എത്തിപ്പെടുന്നു. ഔദ്യോഗിക പ്ലേ സ്റ്റോറിന് പുറത്തുനിന്ന് എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ ഈ സൈറ്റുകൾ നിർബന്ധിക്കുന്നു. ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ആക്‌സസിബിലിറ്റി അടക്കമുള്ള സുപ്രധാന അനുമതികൾ ആവശ്യപ്പെടുന്നു. ഇത് ലഭിച്ചാൽ തട്ടിപ്പുകാർക്ക് ഫോണിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനാകും.
ചില മാൽവെയറുകൾ ഫോണിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്ത് ഇന്റർനെറ്റ് ട്രാഫിക് തട്ടിപ്പുകാരുടെ സർവറുകളിലേക്ക് തിരിച്ചുവിടുന്നു. ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി അനധികൃത പണമിടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കുന്നു. പ്രധാനമായും ഫേസ്ബുക്കിലേയും ഇൻസ്റ്റഗ്രാമിലെയും പരസ്യങ്ങളിലൂടെയാണ് ഇത്തരം ഫേക്ക് ആപ്ലിക്കേഷനുകൾ പ്രചരിക്കുന്നത്.
തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം;
- ഔദ്യോഗിക പ്ലേ സ്റ്റോറിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
- സമൂഹമാധ്യമങ്ങളിലെ ലിങ്കുകൾ വഴി എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക.
- പരിചയമില്ലാത്ത ആപ്പുകൾക്ക് ആക്‌സസിബിലിറ്റി അനുമതികൾ നൽകാതിരിക്കുക.
- ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് ആക്ടീവ് ആയി സൂക്ഷിക്കുക.
- ബാങ്ക് അക്കൗണ്ടുകളും യുപിഐ ഇടപാടുകളും പതിവായി നിരീക്ഷിക്കുക.
തട്ടിപ്പിൽ പെട്ടാൽ എന്തുചെയ്യണം?
- ഫോൺ സേഫ് മോഡിൽ റീസ്റ്റാർട്ട് ചെയ്ത ശേഷം സെറ്റിങ്സിൽ പോയി തട്ടിപ്പ് ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുക.
- ആക്‌സസിബിലിറ്റി, വിപിഎൻ, ഡിവൈസ് അഡ്മിനിസ്ട്രേറ്റർ അനുമതികൾ ഉടൻ റദ്ദാക്കുക.
- ഫോൺ ഫ്ലൈറ്റ് മോഡിൽ ഇടുകയോ ഇന്റർനെറ്റ് വിച്ഛേദിക്കുകയോ ചെയ്യുക.
- അനധികൃത പണമിടപാട് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബാങ്കിനെ വിവരം അറിയിക്കുക.
ഫോണിലെ ഗാലറിയിൽ സൂക്ഷിക്കുന്ന പാൻ കാർഡ്, പാസ്ബുക്ക് തുടങ്ങിയ പ്രധാന രേഖകളുടെ ചിത്രങ്ങൾ പോലും ഇത്തരം ആപ്പുകൾ വഴി ചോർത്തപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ സമൂഹമാധ്യമങ്ങളിലെ ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് ജാഗ്രത പാലിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.