എഐ മനുഷ്യനെ ഇല്ലാതാക്കുമോ? മുന്നറിയിപ്പുമായി ആന്ത്രോപിക് സിഇഒ
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) അതിവേഗ വളർച്ച മനുഷ്യരാശിക്ക് ഭീഷണിയാകാനുള്ള സാധ്യത ഒഴിവാക്കാൻ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന് ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡെയ്. എ.ഐയുടെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ സമയം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.ഐ മനുഷ്യരെ തന്നെ ഇല്ലാതാക്കുമോ എന്ന ആശങ്ക തള്ളിക്കളയാനാകില്ലെന്നും അമോഡെയ് മുന്നറിയിപ്പ് നൽകി.
എ.ഐയുടെ അപകടസാധ്യതയെ നിസാരമായി കണക്കാക്കുന്നതിന് പകരം സാങ്കേതികവിദ്യയെ എങ്ങനെയാണ് മനുഷ്യർ കൈകാര്യം ചെയ്യുന്നതെന്ന് പരിശോധിക്കണമെന്നാണ് അമോഡെയ് പറയുന്നത്. ശരിയായ തീരുമാനങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നതെങ്കിൽ അപകടസാധ്യത വളരെ കുറയ്ക്കാൻ കഴിയുമെന്നും തെറ്റായ വഴിയാണ് സ്വീകരിക്കുന്നതെങ്കിൽ അപകടസാധ്യത കൂടുതൽ ഉയരാമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരും കമ്പനികളും എ.ഐയുടെ അതിവേഗ വളർച്ചയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവിയിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായമേഖല പരസ്പരം സഹകരിക്കണമെന്നും എ.ഐ വികസനത്തിന്റെ വേഗം നിയന്ത്രിക്കുന്നതിനൊപ്പം സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അമോഡെയ് ആവശ്യപ്പെട്ടു.
അതേ സമയം ആന്ത്രോപിക്കിലും ഓപ്പൺ എ.ഐയിലും പ്രവർത്തിച്ചിരുന്ന എ.ഐ ഗവേഷകൻ ജേക്കബ് കോക്സൺ എ.ഐയുടെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അമോഡെയുടെ പ്രതികരണം. എ.ഐ വികസിപ്പിക്കുന്ന കമ്പനികൾ അപകടസാധ്യതകൾ അവഗണിച്ച് കൂടുതൽ ശക്തമായ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള മത്സരത്തിലാണെന്നായിരുന്നു കോക്സന്റെ വിമർശനം.
എ.ഐക്ക് വലിയ നേട്ടങ്ങൾ നൽകാൻ കഴിയുമെങ്കിലും അതിനൊപ്പം ഗുരുതരമായ അപകടസാധ്യതകളുമുണ്ടെന്ന് അമോഡെയ് നേരത്തെ വ്യക്തമാക്കിയിരുന്നു. എ.ഐ സംവിധാനങ്ങളുടെ നിയന്ത്രണം മനുഷ്യർക്ക് നഷ്ടപ്പെടാനുള്ള സാധ്യത, സൈബർ ആക്രമണങ്ങൾക്കും ബയോടെററിസത്തിനും എ.ഐ ദുരുപയോഗം ചെയ്യപ്പെടുന്നത്, വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്പനികൾ മത്സരിച്ച് അതിവേഗം മുന്നേറുന്നത് ഇത്തരം അപകടങ്ങളെ കൂടുതൽ ഗുരുതരമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതിനാൽ എ.ഐ മോഡലുകളുടെ ശേഷി വർധിപ്പിക്കുന്ന വേഗം കുറയ്ക്കണമെന്നും ലഭിക്കുന്ന അധിക സമയം സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്നും അമോഡെയ് ആവശ്യപ്പെട്ടു.
അമോഡെയുടെ നിലപാടിന് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാനും പിന്തുണ നൽകിയിട്ടുണ്ട്. എ.ഐ വികസനത്തിന്റെ അതിർത്തി നിയന്ത്രിത വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകേണ്ടത് ആവശ്യമാണെന്ന് ആൾട്ട്മാൻ പറഞ്ഞു. സ്വതന്ത്ര വിലയിരുത്തലുകാർക്ക് ജീവനക്കാർക്ക് ലഭിക്കുന്നതിനു സമാനമായ പ്രവേശനാനുമതി നൽകണമെന്ന അമോഡെയുടെ നിർദേശവും ഓപ്പൺ എ.ഐ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.