ഐഫോൺ ഡ്യുവോയുടെ നിർണായക ഘടകം നിർമ്മിക്കുന്നത് സാംസങ്; കരാർ വിശദാംശങ്ങൾ പുറത്ത്

ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഐഫോൺ ഡ്യുവോയുടെ ഏറ്റവും നിർണായക ഘടകം നിർമ്മിക്കുന്നത് പ്രധാന എതിരാളിയായ സാംസങ് ആണെന്ന് റിപ്പോർട്ട്. ഫോണിന്റെ അകത്തെ മടക്കാവുന്ന സ്ക്രീൻ പാനലിനായി (inner folding panel) ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്റെ ഡിസ്പ്ലേ വിഭാഗം ആപ്പിളിൽ നിന്ന് ഓരോ ഡിവൈസിനും ഏകദേശം 250 ഡോളർ വീതം ഈടാക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മൂന്ന് വർഷത്തേക്കാണ് കരാറെന്നും റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു.

ഐഫോൺ ഡ്യുവോയുടെ വരവോടെ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് ചുവടുവെക്കുന്ന ആപ്പിളിന് സാംസങ് ഒരു പ്രധാന പങ്കാളിയായി മാറും. സാധാരണ ഐഫോണുകളിൽ ഉപയോഗിക്കുന്ന സാധാരണ OLED പാനലുകളെ അപേക്ഷിച്ച് വളരെ സങ്കീർണ്ണമാണ് ഐഫോൺ ഡ്യുവോയുടെ അകത്തെ സ്ക്രീൻ. 250 ഡോളർ വിലവരുന്ന ഈ ഡിസ്പ്ലേ ഫോണിലെ ഏറ്റവും ചെലവേറിയ കാമ്പ്യൂട്ടേഷണൽ ഘടകങ്ങളിൽ ഒന്നായി മാറും.

ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ പുറത്തുവിടുന്ന ഇൻസ്റ്റന്റ് ഡിജിറ്റൽ മീഡിയ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, ഐഫോൺ ഡ്യുവോയ്ക്കും വരാനിരിക്കുന്ന മറ്റ് മോഡലുകൾക്കുമായി ഫോൾഡബിൾ സ്ക്രീൻ പാനലുകൾ വിതരണം ചെയ്യുന്നതിനായി സാംസങ് ഡിസ്പ്ലേ ആപ്പിളുമായി മൂന്ന് വർഷത്തെ എക്സ്ക്ലൂസീവ് കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ ഈ കരാറിനെക്കുറിച്ചോ വിലയെക്കുറിച്ചോ ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സാധാരണ ഐഫോൺ ഡിസ്പ്ലേകൾക്കായി ആപ്പിൾ സാംസങ്ങിനും എൽജി ഡിസ്പ്ലേയ്ക്കും നൽകിയിരുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഈ തുക വളരെ കൂടുതലാണ്. തുടർച്ചയായി മടക്കാനും നിവർത്താനും കഴിയുന്ന രീതിയിലുള്ള ഈ സ്ക്രീനിന്റെ സങ്കീർണ്ണതയാണ് ഉയർന്ന ചെലവിന് കാരണം.

ആപ്പിളുമായി സാംസങ് കരാറിലാണെന്ന വാർത്തകൾ നേരത്തെയും വന്നിരുന്നെങ്കിലും കരാർ കാലയളവും ആപ്പിൾ നൽകുന്ന തുകയും ഉൾപ്പെടെയുള്ള കാര്യങ്ങളുടെ വിശദാംശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആപ്പിളിന്‍റെ ഫോൾഡബിൾ ഫോൺ വിപണിയിലെത്താൻ വൈകിയതിൽ പരിഹസിച്ച് സാംസങ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് വരെ പങ്കുവെച്ചിരുന്നു. ഫോൾഡബിൾ ഫോണിൽ ഉൾപ്പെടെ സ്മാർട്ട്ഫോൺ വിപണിയിലെ ശക്തരായ എതിരാളികളാണ് സാംസങും ആപ്പിളും. ഇരുവരും തമ്മിൽ ഇത്തരമൊരു കരാറിലെത്തിയെന്ന വാർത്തയെ ടെക് ലോകം അൽഭുതത്തോടെയാണ് വീക്ഷിക്കുന്നത്. എന്നാൽ, ഇതുവരെയും രണ്ടു കമ്പനികളും ഈ വാർത്തയുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയിട്ടില്ല. 

Tags:    
News Summary - Samsung is reportedly manufacturing the most important components of apple duo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.