റോഡിലെ കുണ്ടും കുഴിയും തിരിച്ചറിയാൻ ഇനി എഐ; പുതിയ സംവിധാനം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

റോഡുകളിലെ കുഴികളും വിള്ളലുകളും മറ്റ് തകരാറുകളും മൊബൈൽ ഫോൺ വീഡിയോകളുടെ സഹായത്തോടെ തിരിച്ചറിയാൻ എഐ സംവിധാനം പരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഈ മാസം ആദ്യവാരം മുതൽ രാജ്യവ്യാപകമായ ഫീൽഡ് പരിശോധനകൾ ആരംഭിച്ചു.

റോഡ് പരിപാലന തീരുമാനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു ഉപകരണം മാത്രമായാണ് ഈ സാങ്കേതികവിദ്യ നിലവിൽ പരീക്ഷിക്കുന്നത്. മാത്രമല്ല, എഞ്ചിനീയർമാർ റോഡിലെ തകരാറുകൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്ന രീതി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രധാനമന്ത്രി ഗ്രാം സഡക് യോജന അധവാ PMGSYക്ക് കീഴിൽ നിർമ്മിച്ച റോഡുകളിൽ സംവിധാനം പരീക്ഷിക്കുന്നതിന് മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഏജൻസിയുടെ സഹകരണത്തോടെ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗാണ് ഇത് വികസിപ്പിച്ചെടുക്കുന്നത്.

റോഡിലെ കുഴികൾ, നീളത്തിലുള്ളതും കുറുകെയുള്ളതുമായ വിള്ളലുകൾ, റോഡിന്റെ വശങ്ങൾ തകരുന്നത്, പ്രതലത്തിലെ താഴ്ചകൾ, പാച്ചുകൾ, റോഡിലേക്ക് വളർന്നുനിൽക്കുന്ന ചെടികൾ കാരണമുള്ള തടസ്സങ്ങൾ എന്നിങ്ങനെ റോഡുകളിലെ ദൃശ്യമായ തകരാറുകളാണ് എഐ സംവിധാനം പ്രധാനമായും പരിശോധിക്കുന്നത്.

പുണെ, ലഖ്‌നൗ, കാംരൂപ്, റി-ഭോയ്, കാൻപൂർ, ഭോപ്പാൽ എന്നിവിടങ്ങളിലെ വിവിധ റോഡുകളിൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങളുടെ വിജയത്തെത്തുടർന്നാണ് ഇപ്പോൾ രാജ്യവ്യാപകമായി പരിശോധന വ്യാപിപ്പിച്ചിരിക്കുന്നത്. വാഹനങ്ങളിൽ മൊബൈൽ ഫോണുകൾ ഘടിപ്പിച്ചാണ് റോഡ് വീഡിയോകൾ റെക്കോർഡ് ചെയ്യുന്നത്. ഭാവിയിൽ ആവശ്യാനുസരണം ഡാഷ്‌ക്യാമുകൾ ഉപയോഗിക്കുന്നത് പരിഗണിക്കുമെന്നാണ് മന്ത്രാലയം പറഞ്ഞിരിക്കുന്നത്.

നിലവിലുള്ള ഇ-മാർഗ് മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇപ്പോൾ റോഡ് പരിശോധനകൾ നടക്കുന്നത്. എഐ സംവിധാനം പൂർണ്ണമായി വരുന്നതോടെ റോഡ് പരിപാലനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാകുമെന്ന് ഗ്രാമവികസന മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - central government tests AI system to identify rural road defects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.