ഉറങ്ങുന്നതിനിടെ തലക്കു സമീപം വെച്ച ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു; വെളിപ്പെടുത്തലുമായി യൂട്യൂബർ

ന്യൂഡൽഹി: റെഡ്മിയുടെ സ്മാർട്ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരണാന്ത്യം. ഡൽഹിയിൽ നിന്നുള്ള ടെക് യൂട്യൂബറായ മൻജീത് ആണ് ട്വിറ്ററിൽ തന്റെ ബന്ധു സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് മരിച്ച വിവരം പങ്കുവെച്ചത്. റെഡ്മിയുടെ 6എ എന്ന ബജറ്റ് മോഡലായിരുന്നു അവർ ഉപയോഗിച്ചിരുന്നത്.

ഉറങ്ങുമ്പോൾ തലയണക്ക് അടുത്തായി വെച്ച ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിക്കുകയായിരുന്നുവെന്ന് മൻജീത് വെളിപ്പെടുത്തി. 'എംഡി ടോക് വൈടി' എന്ന യൂട്യൂബ് ചാനലിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മൻജീത് സംഭവം വിശദീകരിച്ചത്. കൂടെ പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രവും മരിച്ചുകിടക്കുന്ന ബന്ധുവായ സ്ത്രീയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. പോസ്റ്റിൽ റെഡ്മി ഇന്ത്യയെയും സി.ഇ.ഒ മനുകുമാർ ജെയ്നിനെയും ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

'ഇന്നലെ രാത്രി എന്റെ ബന്ധുവായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. അവർ റെഡ്മി 6എ എന്ന ഫോണായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. ഉറങ്ങുമ്പോൾ തലയണക്കടുത്തായി വെച്ച ഫോൺ കുറച്ചുകഴിഞ്ഞപ്പോൾ പൊട്ടിത്തെറിച്ചു. വളരെ മോശം സാഹചര്യത്തിലാണ് നമ്മളുള്ളത്. ബ്രാൻഡ് എന്ന നിലക്ക് പിന്തുണ നൽകൽ നിങ്ങളുടെ ഉത്തരവാദിത്തമാണ്'. -മൻജീത് ട്വീറ്റ് ചെയ്തു.

 

സംഭവം അന്വേഷിക്കുന്നതായി ട്വീറ്റിന് മറുപടിയായി ഷവോമി കുറിച്ചിട്ടുണ്ട്. അപകടം സംഭവിച്ച കുടുംബവുമായി ബന്ധപ്പെടാനും ഫോൺ പൊട്ടിത്തെറിക്കാനുള്ള കാരണം കണ്ടെത്താനും തങ്ങളുടെ ടീം ശ്രമിക്കുന്നതായും അവർ കുറിച്ചു.

മരിച്ച സ്ത്രീയുടെ വളരെ സാധാരണക്കാരാണെന്നും അവരുടെ മകൻ പട്ടാളത്തിലാണെന്നും യൂട്യൂബർ മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ഇക്കാര്യത്തിൽ എന്ത് നടപടികളിലേക്ക് പോകണമെന്നതിനെ കുറിച്ച് അവർ ധാരണയില്ലെന്നും പൊട്ടിത്തെറിച്ച ഫോൺ കോൾ ചെയ്യാനും യൂട്യൂബ് കാണാനും മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും മൻജീത് കൂട്ടിച്ചേർത്തു. 

Tags:    
News Summary - Woman Dies After Smartphone Exploded Near Her Face While Sleeping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.