വാട്സ്ആപ്പും സിഗ്നലും ബ്രിട്ടനിൽ നിന്ന് പുറത്തായേക്കും; പുതിയ ബില്ലിലെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് തലവൻമാർ

ബ്രിട്ടന്റെ പുതിയ ഓണ്‍ലൈന്‍ സുരക്ഷാ ബില്‍ കാരണം മെസ്സേജിങ് ആപ്പുകളായ വാട്സ്ആപ്പും ടെലഗ്രാമും പുലിവാല് പിടിച്ചിരിക്കുകയാണ്. പുതിയ ബിൽ രണ്ട് ആപ്പുകളിലെയും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷൻ (E2EE) സുരക്ഷയ്ക്കാണ് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്. അത് അനുവദിക്കാനാകില്ലെന്നും നിയമവിരുദ്ധമാക്കുമെന്നുമൊക്കെയാണ് യു.കെ അധികൃതർ പറയുന്നത്. എന്നാൽ, അങ്ങനെ സംഭവിച്ചാൽ, അതിന് വഴങ്ങില്ലെന്നും യു.കെയിൽ പ്രവർത്തനം അവസാനിപ്പിക്കുമെന്നും വാട്‌സാപ് മേധാവി വില്‍ കാത്കാര്‍ട്ട് അറിയിച്ചുകഴിഞ്ഞു.

വാട്സ്ആപ്പിനേക്കാൾ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന സിഗ്നലിന്റെ തലവൻ മെറഡിറ്റ് വിറ്റകറും ബ്രിട്ടന്റെ ആവശ്യം തള്ളി ദിവസങ്ങൾക്ക് മുമ്പ് തന്നെ രംഗത്തുവന്നിരുന്നു. യൂസർമാരുടെ സന്ദേശങ്ങൾ സ്കാൻ ചെയ്യാണമെന്നാണ് പറയുന്നതെങ്കിൽ യു.കെയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം തുറന്നടിച്ചത്.

യൂസർമാരുടെ സുരക്ഷയ്ക്കായി വാട്സ്ആപ്പും സിഗ്നലും എൻക്രിപ്റ്റ് ചെയ്യുന്ന സന്ദേശങ്ങളുടെ സ്വകാര്യത ദുർബലപ്പെടുത്താനാണ് യു.കെയിലെ പുതിയ ഓൺലൈൻ സുരക്ഷാ ബിൽ ആവശ്യപ്പെടുന്നത്. അതിന് വിസമ്മതിച്ചാൽ രണ്ട് ആപ്പുകളും യുകെയിൽ ബ്ലോക്ക് ചെയ്യപ്പെടുക തന്നെ ചെയ്യും.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുണ്ടോ എന്നറിയാൻ കമ്പനികൾ ഉപയോക്താക്കളുടെ സന്ദേശങ്ങൾ സ്കാൻ ചെയ്യണമെന്ന് ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മറികടന്നല്ലാതെ കമ്പനികൾക്ക് അത് ചെയ്യാൻ തരമില്ല. അതേസമയം, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുളള സർക്കാർ ഏജൻസികളുടെ നീക്കത്തെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷൻ തടസ്സപ്പെടുത്തുമെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

എന്താണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ...?

അയച്ചയാൾക്കും സ്വീകർത്താവിനുമല്ലാതെ മെസ്സേജുകൾ കാണാൻ കഴിയില്ല എന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സേവനത്തിന്റെ പ്രധാന സവിശേഷത. നിങ്ങൾ അയച്ച സന്ദേശത്തിന്റെ ഉള്ളടക്കം വാട്സ്ആപ്പ് അധികൃതർ അടക്കമുള്ള മൂന്നാമതൊരാൾ കാണുന്നതിൽ നിന്നും എ​ൻക്രിപ്ഷൻ സംരക്ഷിക്കും. അതുകൊണ്ട് തന്നെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനമുളള മെസഞ്ചറിലെ സന്ദേശങ്ങളുടെ ഉള്ളടക്കം വീണ്ടെടുക്കാൻ വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് പോലും കഴിയില്ല.

മൊബൈൽ ഫോൺ നഷ്ടമായാലും അയച്ച സന്ദേശങ്ങൾ സുരക്ഷിതമായിരിക്കുകയും എന്നതും ഈ സവേനത്തിന്റെ സവിശേഷതയാണ്. അതുപോലെ എപ്പോൾ വേണമെങ്കിലും സന്ദേശങ്ങൾ ഉപയോക്താവിന് വീണ്ടെടുക്കുകയും ചെയ്യാം.

സ്വകാര്യതയും വേണം സുരക്ഷയും വേണമെന്ന് ബ്രിട്ടൻ

സമൂഹ മാധ്യമങ്ങളിൽ ഉപയോക്താക്കൾ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളിലുള്ള നിയന്ത്രണമാണ് ബ്രിട്ടൻ ആവശ്യപ്പെടുന്നത്. കുട്ടികളെ ഉപദ്രവിക്കുന്ന ഉള്ളടക്കങ്ങൾ അടക്കമുള്ള നിയമവിരുദ്ധമായതൊന്നും ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ​്റ്റഗ്രാം, വാട്സ്ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ പാടില്ലെന്നും അവർ പറയുന്നു. വാട്സ്ആപ്പിലും മറ്റുമുള്ള എന്‍ക്രിപ്ഷൻ അത്തരം നിയന്ത്രണങ്ങൾക്ക് വെല്ലുവിളിയാണെന്നും യൂസർമാരുടെ സ്വകാര്യത പരിഗണിക്കുന്നതുപോലെ അത്തരം ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയണമെന്നും ബ്രിട്ടന്റെ ആഭ്യന്തര വകുപ്പ് പറയുന്നു.

Tags:    
News Summary - WhatsApp and Signal would rather quit UK than comply with Online Safety Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.