ഇലോൺ മസ്‌ക്

മരണത്തെ തോൽപ്പിക്കാനുള്ള രഹസ്യം ഇലോൺ മസ്‌ക് കണ്ടെത്തിയോ? എന്താണ് ആ ട്വീറ്റിലൂടെ ഉദ്ദേശിച്ചത്?

രണത്തെ തോൽപ്പിച്ച് മനുഷ്യന് എന്നെന്നേക്കും ജീവിക്കാൻ സാധിക്കുമോ? ‘അമരത്വം’ എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള വഴി താൻ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക് ഏതാനും ദിവസം മുമ്പ് രംഗത്തുവന്നതോടെ നെറ്റിസൺസ് ഇതിനേക്കുറിച്ചുള്ള ചർച്ചയിലാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ രണ്ടുദിവസം മുമ്പ് മസ്ക് കുറിച്ച ഒറ്റ വരി -Immortality can be yours! അതാണ് ചർച്ചയുടെ കേന്ദ്രബിന്ദു.

എന്താണ് മസ്‌കിന്റെ ‘അമരത്വ’ പദ്ധതി?

തന്‍റെ എ.ഐ സ്റ്റാർട്ടപ്പായ ‘എക്സ് എ.ഐ’ വികസിപ്പിച്ചെടുത്ത ‘ഗ്രോക്കിപീഡിയ’ എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് മസ്ക് അമരത്വ പദ്ധതി സാധ്യമാക്കുന്നത്. വിക്കിപീഡിയക്ക് ബദലായി മസ്‌ക് കൊണ്ടുവന്ന പ്ലാറ്റ്ഫോമാണ് ഗ്രോക്കിപീഡിയ. മനുഷ്യരുടെ ജീവിതകഥകളും വിവരങ്ങളും എന്നെന്നേക്കുമായി സംരക്ഷിക്കപ്പെടും എന്നതാണ് ഇതിന്റെ സവിശേഷത.

ഗ്രോക്കിപീഡിയ ബയോഗ്രഫി: ഉപയോക്താക്കൾക്ക് തങ്ങളുടെ ജീവിതകഥ അഥവാ ബയോഗ്രഫി ഗ്രോക്കിപീഡിയയിൽ ഉൾപ്പെടുത്താം. ഗ്രോക്കിപീഡിയയിൽ രേഖപ്പെടുത്തുന്ന ഈ വിവരങ്ങളുടെ പകർപ്പുകൾ ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ അല്ലെങ്കിൽ അതിനുമപ്പുറമുള്ള വിദൂര ബഹിരാകാശ ലോകത്തേക്കോ അയക്കാനാണ് മസ്‌ക് പദ്ധതിയിടുന്നത്. ഇതിനെ 'എൻസൈക്ലോപീഡിയ ഗാലക്റ്റിക്ക' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

ഭൂമിയിൽ മനുഷ്യവാസം ഇല്ലാതായാലും അല്ലെങ്കിൽ നിങ്ങൾ മരിച്ച് നൂറ്റാണ്ടുകൾക്ക് ശേഷവും ബഹിരാകാശത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്ന നിങ്ങളുടെ ജീവിതകഥ ഏതെങ്കിലും അന്യഗ്രഹ ജീവികൾ കണ്ടെത്തുകയും വായിക്കുകയും ചെയ്തേക്കാം. ഇതിലൂടെ നിങ്ങളുടെ അസ്തിത്വം പ്രപഞ്ചത്തിൽ എന്നെന്നേക്കുമായി നിലനിൽക്കും. ഇതാണ് മസ്‌ക് ഉദ്ദേശിക്കുന്ന അമരത്വം.

എക്സിലെ ഒരു പോസ്റ്റിന് മറുപടിയായി ‘അമരത്വം ഇനി നിങ്ങൾക്ക് സ്വന്തമാക്കാം!’ (Immortality can be yours!) എന്നാണ് മസ്‌ക് കുറിച്ചത്. പ്രശസ്ത ശാസ്ത്രസാഹിത്യ എഴുത്തുകാരൻ ഐസക് അസിമോവിന്റെ ‘ഫൗണ്ടേഷൻ’ പരമ്പരയിൽനിന്നാണ് ഈ ആശയത്തിനുള്ള പ്രചോദനം മസ്‌കിന് ലഭിച്ചത്. ഭൂമിയിൽ എന്തെങ്കിലും വലിയ ദുരന്തങ്ങൾ സംഭവിച്ചാലും മനുഷ്യന്റെ അറിവുകളും ചരിത്രവും പ്രപഞ്ചത്തിൽ എവിടെയെങ്കിലും സുരക്ഷിതമായിരിക്കണം എന്നതാണ് ഇതിന്റെ ലക്ഷ്യം.

ചുരുക്കത്തിൽ, ശാരീരികമായ അമരത്വത്തിന് ഉപരിയായി, ഒരു മനുഷ്യന്റെ കഥകളും ഓർമകളും പ്രപഞ്ചത്തിന്റെ അറ്റംവരെ എത്തിച്ച് അവയെ അനശ്വരമാക്കുക എന്നതാണ് മസ്‌കിന്റെ പദ്ധതി വിഭാവനം ചെയ്യുന്നത്.

Tags:    
News Summary - Elon Musk might have found the secret to immortality, says you can soon have it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.