മെറ്റയുടെ സമൂഹമാധ്യമ ആപ്പുകളായ വാട്ട്സ്ആപ്പും ഇൻസ്റ്റഗ്രാമും ഇനിമുതൽ സ്മാർട്ട് ഗ്ലാസിലൂടെയും ഉപയോഗിക്കാം. റേ-ബാൻ ഡിസ്‌പ്ലേയിൽ അവതരിപ്പിക്കുന്ന സ്മാർട്ട് ഗ്ലാസ് ഉപയോക്താക്കൾക്കിടയിലെ വൻ വിജയമാകുമെന്നാണ് മെറ്റ കണക്കുകൂട്ടുന്നത്. ഉപയോക്താവിന്റെ ആവശ്യാനുസരണം ടെക്സ്റ്റ് റിപ്ലൈകള്‍ നൽകാനും മാപ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കാനും സ്മാർട്ട് ഗ്ലാസിലൂടെ സാധിക്കും. മെറ്റയുടെ വാർഷിക സമ്മേളനത്തിൽ സി.ഇ.ഒ മാർക്ക് സക്കർബർഗാണ് പുതിയ റേ-ബാൻ ഡിസ്‌പ്ലേ സ്മാർട്ട് ഗ്ലാസുകൾ പരിചയപ്പെടുത്തിയത്.
799 ഡോളറാണ് സ്മാർട്ട് ഗ്ലാസിന്‍റെ റീട്ടെയിൽ വില. രൂപയിലേക്ക് മാറ്റുമ്പോൾ 70,000ത്തിന് മുകളിലാകും. സെപ്റ്റംബർ 30ന് ഗ്ലാസുകൾ വിപണിയിലെത്തും. മെറ്റ റേ-ബാൻ ഡിസ്‌പ്ലേയിൽ ഓൺ-ബോർഡ് എ.ഐ അസിസ്റ്റന്റ്, കാമറകൾ, സ്പീക്കറുകൾ, മൈക്രോഫോണുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലൗഡുമായി ബന്ധിപ്പിച്ച് ഇന്റർനെറ്റ് സൗകര്യമൊരുക്കുന്നത് വഴിയാണ് സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കുന്നത്.
കൈകളുടെ ചെറുചലനത്തിലൂടെ ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാനായി ഫിറ്റ്ബിറ്റിന് സമാനമായ, എന്നാൽ സ്ക്രീനുകളില്ലാത്ത ന്യൂറോബാൻഡാണ് മെറ്റ പുറത്തിറക്കിയിട്ടുള്ളത്. ഇവ 18 മണിക്കൂറോളം ബാറ്ററിബാക്കപ്പ് നൽകും. പുതിയ സ്മാർട്ട് ഗ്ലാസ് വാട്ടർ റെസിസ്റ്റന്റാണെന്നും സക്കർബർഗ് പറഞ്ഞു. ഹൈപ്പർനോവ എന്ന പേരിൽ അറിയപ്പെടുന്ന, മെറ്റയുടെ പുതിയ സ്മാർട്ട് ഗ്ലാസിന്റെ വിഡിയോ ചോർന്നിരുന്നു. വൈകാതെ ഇത് പരിചയപ്പെടുത്താൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.