ഓൺലൈനാകുമ്പോളെല്ലാം നിങ്ങൾക്കു മുന്നിൽ തെളിയുന്ന ചോദ്യമാണ്, “accept all” അല്ലെങ്കിൽ “reject all”. കുക്കീസ് സ്വീകരിക്കണോ വേണ്ടയോ എന്ന ഈ ചോദ്യം, എന്തിനാണെന്നറിയാതെ ‘ഡിസ്മിസ്’ ചെയ്യാറാണ് പലരും. എന്നാൽ, വെബ്സൈറ്റ് എങ്ങനെ പ്രവർത്തിക്കണമെന്നതിലും നിങ്ങളുടെ വ്യക്തി വിവരങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നതിലും പ്രധാന പങ്ക് വഹിക്കാനുള്ളതാണ് ഈ ചെറു ഫയലുകൾ.
ലോഗിൻ വിവരങ്ങളും ഷോപ്പിങ് കാർട്ടിൽ ഐറ്റങ്ങൾ ശേഖരിക്കാനും ഭാഷ സെലക്ട് ചെയ്യാനുമടക്കം, വെബ്സൈറ്റ് സുഗമമായി ഉപയോഗിക്കാൻ കുക്കികൾ സഹായിക്കുന്നു. അതേസമയം, വിവിധ സൈറ്റുകളിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ, ശീലങ്ങളെക്കുറിച്ചുള്ള വിശദമായ പ്രൊഫൈലുകൾ തുടങ്ങിയവ പരസ്യദാതാക്കൾ അടക്കമുള്ള തേർഡ് പാർട്ടിക്ക് ലഭിക്കുന്നതും കുക്കീസ് വഴിയാണ്. കുക്കി അനുമതി ചോദിക്കണമെന്ന് നിയമം അനുശാസിക്കുന്നു.
കുക്കികളുടെ കളികൾ
വെബ്സൈറ്റുകൾ നിങ്ങളുടെ സിസ്റ്റത്തിൽ നിക്ഷേപിക്കുന്ന ചെറു ഫയലുകളാണ് കുക്കികൾ. ഓൺലൈൻ അനുഭവം മെച്ചപ്പെടുത്താനും വെബ്സൈറ്റുകൾ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ സൂക്ഷിക്കുകയാണ് ഇവയുടെ പ്രധാന ധർമം.
ഫങ്ഷണൽ കുക്കീസ്
ഭാഷാ മുൻഗണനകൾ, ഏതു മേഖലയിൽനിന്നാണ് പ്രവർത്തിപ്പിക്കുന്നത് തുടങ്ങിയ വിവരങ്ങൾ സംഭരിക്കുന്നു.
അനലിറ്റിക്സ് കുക്കികൾ
ഉപയോക്താവ് ഒരു സൈറ്റിൽ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു.
എസ്സൻഷ്യൽ കുക്കികൾ
ലോഗിൻ ചെയ്യുക, ഷോപ്പിങ് കാർട്ടുകൾ ഉപയോഗിക്കുക തുടങ്ങി, വെബ്സൈറ്റ് പ്രവർത്തിക്കാൻ ആവശ്യമായവ. ഇവ നിരസിക്കാൻ കഴിയില്ല.
പരസ്യ കുക്കികൾ
ടാർഗറ്റ് പരസ്യങ്ങൾ നൽകുന്നതിനായി, വിവിധ വെബ്സൈറ്റുകളിലും ഉപകരണങ്ങളിലും നിങ്ങളുടെ ബ്രൗസിങ് ട്രാക്ക് ചെയ്യുകയാണ് ഈ കുക്കികളുടെ പണി.
ചില കുക്കികൾ താൽക്കാലികമാണ്. ബ്രൗസർ അടയ്ക്കുമ്പോൾ അവ അപ്രത്യക്ഷമാകും, മറ്റു ചിലവ ആഴ്ചകളോ മാസങ്ങളോ നിലനിൽക്കും.
സ്വീകരിക്കണോ,റിജക്ട് ചെയ്യണോ ?
“Accept All” തെരഞ്ഞെടുത്താൽ കുക്കികളെല്ലാം പ്രവർത്തനക്ഷമമാക്കും. മുഴുവൻ വ്യക്തിഗത സേവനങ്ങളും ഫീച്ചറുകളും ലഭിക്കും. എന്നാൽ, അതിനൊപ്പം പരസ്യദാതാക്കളും മൂന്നാം കക്ഷികളും നിങ്ങളുടെ ഓൺലൈൻ ശീലവും പ്രവർത്തനവും എളുപ്പം പിടിച്ചെടുക്കുകതന്നെ ചെയ്യും. അത്യാവശ്യമായത് ഒഴികെ മറ്റെല്ലാം നിരസിക്കുന്ന സ്വകാര്യത മെച്ചപ്പെടുത്തും. എന്നാൽ, വെബ്സൈറ്റിന്റെ ചില പ്രവർത്തനങ്ങൾ പരിമിതപ്പെടുകയും ബ്രൗസിങ് എളുപ്പമല്ലാതാകുകയും ചെയ്യും.
ഗതികെട്ട് സമ്മതം
ഇന്റർനെറ്റിൽ എല്ലായിടത്തും പൊപ്പ്-അപ്പുകൾ വരുന്ന സാഹചര്യമായതിനാൽ പലരും “എല്ലാം സ്വീകരിക്കുക” (“Accept All”) എന്നതിൽ ക്ലിക്ക് ചെയ്യാറുണ്ട്. ഇതിനെ consent fatigue എന്ന് വിശേഷിപ്പിക്കാറുണ്ട്. പോപ്പ് അപ്പുകൾ കണ്ടു മടുത്ത് എല്ലാം അക്സപ്റ്റ് ചെയ്യുന്നു എന്നർഥം. ഇതിന്റ ഫലമായി സ്വകാര്യത അപകടത്തിലാകാൻ സാധ്യതയുണ്ട്. സൈറ്റ് യൂസർ ഫ്രണ്ട്ലിയാക്കാനുള്ള മാർഗങ്ങളാണ് കുക്കികൾ. എങ്കിലും അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന സ്വകാര്യതാ വിട്ടുവീഴ്ചകൾ ഉപയോക്താവിന് ഭീഷണിയാണ്. അതിനാൽ ആവശ്യമായിടത്ത് മാത്രം കുക്കികൾ സ്വീകരിക്കുകയും ശേഷിക്കുന്നവ നിരസിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതാണ് ഉചിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.