എന്താണ് വാട്സ്ആപ്പിലേക്കെത്തുന്ന പുതിയ 'കംപാനിയൻ മോഡ്'..? അറിയാം..

വാട്സ്ആപ്പ് ഈയടുത്തായിരുന്നു ഒരേസമയം നാല് ഡിവൈസുകളിൽ ഒരു അക്കൗണ്ട് ഉപയോഗിക്കാവുന്ന (മൾട്ടി-ഡിവൈസ് ഫീച്ചർ) സവിശേഷത പുറത്തുവിട്ടത്. പ്രധാന ഉപകരണത്തിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും അതേ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കുന്ന മറ്റ് ഡിവൈസുകളിൽ സേവനം തടസ്സപ്പെടില്ല എന്നുള്ളതായിരുന്നു ഈ ഫീച്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ, മൾട്ടി-ഡിവൈസ് സേവനത്തിന് കീഴിൽ പുതിയൊരു കിടിലൻ ഫീച്ചർ കൂടി കമ്പനി അവതരിപ്പിക്കാൻ പോവുകയാണ്.

അതാണ് 'കംപാനിയൻ മോഡ്'. വാട്സ്ആപ്പിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പങ്കുവെക്കാറുള്ള WABetaInfo പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കംപാനിയൻ മോഡിൽ കമ്പനി ഏറെക്കാലമായി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. വാട്‌സ്ആപ്പിന്റെ 2.22.11.10 ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് WaBetaInfo പുതിയ ഫീച്ചർ കണ്ടെത്തിയത്.


നിങ്ങളുടെ പ്രൈമറി ഫോണുകളിൽ ഉപയോഗിക്കുന്ന വാട്സ്ആപ്പ് അക്കൗണ്ട് മറ്റൊരു ഫോണിൽ എളുപ്പം ലോഗിൻ ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറാണ് 'കംപാനിയൻ മോഡ്'. മൾട്ടി-ഡിവൈസ് സവേനത്തിന് കീഴിലാണെങ്കിലും രണ്ട് ഫോണുകളിലും ഒരേസമയം ഒരു അക്കൗണ്ട് ഉപയോഗിക്കാൻ ഈ ഫീച്ചർ അനുവദിക്കില്ല. രണ്ടാമത്തെ ഫോണിൽ അക്കൗണ്ട് ഉപയോഗിക്കാൻ തുടങ്ങുന്നതോടെ ആദ്യ ഫോണിൽ നിന്ന് വാട്സ്ആപ്പ് ലോഗ്-ഔട്ടാകും. കൂടെ പ്രൈമറി ഫോണിലുണ്ടായിരുന്ന ചാറ്റും മീഡിയയുമെല്ലാം നീക്കം ചെയ്യപ്പെടും. എന്നാൽ, ഗൂഗിൾ ഡ്രൈവിലും ഐക്ലൗഡിലും ബാക്കപ്പ് ചെയ്ത ഡാറ്റ റീസ്റ്റോർ ചെയ്ത് രണ്ടാമത്തെ ഫോണിൽ ഉപയോഗിക്കാം.

വാട്സ്ആപ്പ് മറ്റൊരു ഫോണിൽ ലോഗ്-ഇൻ ചെയ്യുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്നതാണ് ഇതൊക്കെ, പുതിയ 'കംപാനിയൻ മോഡ്' കൊണ്ട് പിന്നെ കമ്പനി എന്താണ് ഉദ്ദേശിക്കുന്നതെന്ന് നോക്കാം..

വാട്സ്ആപ്പ് പ്രധാനമായും ഈ ഫീച്ചറിലൂടെ ഉദ്ദേശിക്കുന്നത്, രണ്ടാമതൊരു ഫോണിൽ ഒരു വാട്സ്ആപ്പ് അക്കൗണ്ട് ലോഗിൻ ചെയ്യുന്നത് എളുപ്പമാക്കലാണ്. ഫോൺ നമ്പർ ടൈപ്പ് ചെയ്ത് ഒ.ടി.പി നമ്പറിനായി കാത്തുനിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കി, 'ക്യൂആർ കോഡ്' ഉപയോഗിച്ച് ലോഗിൻ ചെയ്യാനാകും എന്നുള്ളതാണ് പ്രത്യേകത. ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതിന് ആദ്യം ഒരു ഫോൺ അല്ലെങ്കിൽ ടാബ്ലെറ്റ് കംപാനിയൻ ആയി രജിസ്റ്റർ ചെയ്യണം. മൾട്ടി ഡിവൈസ് ഫീച്ചറി​ന് കീഴിലായിരിക്കും പുതിയ സവിശേഷതയുമുണ്ടാവുക. തുടർന്ന് ഉപയോക്താക്കളുടെ പ്രൈമറി സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് മറ്റൊരു ഫോണിൽ അക്കൗണ്ട് ആക്‌സസ് ചെയ്യാം. പുതിയ ഫീച്ചറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവന്നേക്കം. 

Tags:    
News Summary - what is the new companion mode in whatsapp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.