'മത്സരത്തെ ഭയമില്ല, നിയമം എല്ലാവർക്കും ബാധകം'; ഇലോൺ മസ്കിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി റിലയൻസ്

ന്യൂഡൽഹി: ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവേശനം തടയുന്നുവെന്ന ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി റിലയൻസ് ഇൻഡസ്ട്രീസ്. ഉപഗ്രഹ ആശയവിനിമയ മേഖലയിൽ സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള കമ്പനികളുമായുള്ള മത്സരത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ എല്ലാ കമ്പനികളും രാജ്യത്തെ നിയമങ്ങളും നയങ്ങളും പാലിക്കണമെന്നും റിലയൻസ് വ്യക്തമാക്കി.

ഇന്ത്യൻ വിപണിയെയും റിലയൻസിനെയും കുറിച്ചുള്ള മസ്‌കിന്റെ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്പനി എക്സിലൂടെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യൻ കമ്പനികൾക്കും വിദേശ കമ്പനികൾക്കും ഒരേ നടപടിക്രമങ്ങളാണ് സർക്കാർ ബാധകമാക്കുന്നതെന്ന് റിലയൻസ് ചൂണ്ടിക്കാട്ടി. ജിയോയുടെ ഉപഗ്രഹ സേവനങ്ങൾക്കും ആവശ്യമായ അനുമതികൾ ലഭിക്കാനുണ്ടെന്നും കമ്പനി അറിയിച്ചു.

മത്സരത്തെ ഒരിക്കലും ഭയപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ റിലയൻസ്, ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനുള്ള യഥാർഥ പരീക്ഷണമാണ് മത്സരമെന്നും പറഞ്ഞു. 2016ൽ ഇന്ത്യൻ ടെലികോം വിപണിയിൽ പ്രവേശിച്ച ജിയോക്ക് ഇന്ന് 53 കോടിയിലധികം ഉപഭോക്താക്കളുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. ഉപഗ്രഹ ആശയവിനിമയ മേഖലയിലെ മത്സരവും ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടമുണ്ടാക്കുമെന്ന് റിലയൻസ് കൂട്ടിച്ചേർത്തു.

സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവേശനത്തിന് ചില താൽപര്യക്കാർ തടസ്സം സൃഷ്ടിക്കുകയാണെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്‌ക് നേരത്തേ ആരോപിച്ചിരുന്നു. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോയുടെ കുറഞ്ഞ നിരക്കുകളുമായി സ്റ്റാർലിങ്കിന് മത്സരിക്കാനാകില്ലെന്ന് ഒരു വശത്ത് വാദിക്കുകയും മറുവശത്ത് സ്റ്റാർലിങ്ക് ശക്തനായ എതിരാളിയാകുമെന്ന് പറയുകയും ചെയ്യുന്നത് വിരോധാഭാസമാണെന്നായിരുന്നു മസ്‌കിന്റെ വിമർശനം.

ഇന്ത്യയിൽ കൂടുതൽ മത്സരം വന്നാൽ നിലവിലുള്ള കമ്പനികളുടെ ലാഭം കുറഞ്ഞേക്കാമെങ്കിലും അവയുടെ നിലനിൽപ്പിന് ഭീഷണിയാകണമെന്നില്ലെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. മത്സരം ഉപഭോക്താക്കൾക്ക് കൂടുതൽ തെരഞ്ഞെടുപ്പുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ടെലികോം മേഖലയിൽ കുത്തക നിലനിർത്താനുള്ള ശ്രമങ്ങളുണ്ടെന്നും സ്റ്റാർലിങ്കിന്റെ വാണിജ്യ പ്രവർത്തനങ്ങൾക്ക് മുന്നിലുള്ള നിയന്ത്രണങ്ങൾ ചോദ്യം ചെയ്തും മസ്‌ക് നേരത്തേ രംഗത്തെത്തിയിരുന്നു.

അതേസമയം, ഉപഗ്രഹ ആശയവിനിമയ മേഖലയിൽ കുത്തക അനുവദിക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. വാണിജ്യ ലൈസൻസിനായുള്ള അന്തിമ അനുമതിയുടെ ഘട്ടത്തിൽ മൂന്ന് കമ്പനികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഗ്രഹ ആശയവിനിമയ സേവനങ്ങളുടെ നിരക്ക് നിർണയ ചട്ടക്കൂടിൽ ഇന്ത്യ ഉടൻ തീരുമാനമെടുക്കുമെന്നും സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള എല്ലാ ലൈസൻസുള്ള കമ്പനികളും വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - 'Never feared competition': Reliance Industries after Elon Musk's remarks on Starlink's India entry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.