ഇന്റർനെറ്റിന്റെ നിയന്ത്രണം എ.ഐ പിടിച്ചെടുത്തേക്കാമെന്ന് ആന്ത്രോപിക്കിന്റെ മുന്നറിയിപ്പ്
നിർമിതബുദ്ധി സാങ്കേതികവിദ്യ അതിവേഗം മുന്നേറുന്നതിനിടെ ഇന്റർനെറ്റിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർത്തുന്ന മുന്നറിയിപ്പുമായി പ്രമുഖ എ.ഐ കമ്പനിയായ ആന്ത്രോപിക്. നിലവിലെ വേഗത്തിൽ സാങ്കേതികവിദ്യ വികസിച്ചാൽ 2026 അവസാനത്തോടെ മനുഷ്യസഹായമില്ലാതെ ഇന്റർനെറ്റിലൂടെ സ്വയം പകർപ്പുകൾ സൃഷ്ടിച്ച് വ്യാപിക്കാൻ എ.ഐ മോഡലുകൾക്ക് സാധിച്ചേക്കാമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
പ്രമുഖ എ.ഐ സംവിധാനമായ ക്ലോഡിന്റെ നിർമാതാക്കളാണ് ആന്ത്രോപിക്. മനുഷ്യരുടെ നിർദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും അതീതമായി പ്രവർത്തിക്കുന്ന എ.ഐ ഏജന്റുകൾ പരസ്പരം ബന്ധിപ്പിച്ചുള്ള വലിയ ശൃംഖല രൂപീകരിച്ചേക്കാം. ഇത്തരം സംവിധാനങ്ങൾക്ക് നിരവധി ഉപകരണങ്ങളിലേക്ക് വ്യാപിക്കാനും അവയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനും സാധിച്ചേക്കും. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള നിരവധി ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് ഒരേസമയം പ്രവർത്തിപ്പിക്കുന്ന ശൃംഖലയെയാണ് ബോട്ട്നെറ്റ് (Botnet) എന്ന് വിളിക്കുന്നത്. സാധാരണ സൈബർ ആക്രമണങ്ങളിലും ഇത്തരം ശൃംഖലകൾ ഉപയോഗിക്കാറുണ്ട്.
എന്നാൽ, നിർമിതബുദ്ധിക്ക് സ്വയം ഇത്തരം ശൃംഖലകൾ സൃഷ്ടിക്കാനും നിലനിർത്താനും സാധിക്കുന്ന സാഹചര്യം കൂടുതൽ ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ആന്ത്രോപിക് മുന്നറിയിപ്പ് നൽകുന്നു. മനുഷ്യരുടെ സഹായമില്ലാതെ പുതിയ ഉപകരണങ്ങളിലേക്ക് പ്രവേശിക്കുകയും സ്വന്തം പകർപ്പുകൾ സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ എ.ഐ സംവിധാനങ്ങൾക്ക് കൂടുതൽ വ്യാപിക്കാൻ കഴിഞ്ഞേക്കും. ഇത്തരത്തിൽ നിരവധി ഉപകരണങ്ങളിലായി പ്രവർത്തിക്കുന്ന സംവിധാനത്തെ ഒരേസമയം നിർവീര്യമാക്കുക പ്രയാസകരമായിരിക്കും.
കൂടുതൽ ശേഷിയുള്ള കമ്പ്യൂട്ടിങ് സംവിധാനങ്ങൾ കണ്ടെത്തി ഉപയോഗിക്കാനും ഇത്തരം എ.ഐ ഏജന്റുകൾ ശ്രമിച്ചേക്കാം. ഡാറ്റ സെന്ററുകളിലെ ശക്തിയേറിയ പ്രോസസറുകളിലേക്കുള്ള പ്രവേശനം ലഭിച്ചാൽ അവയുടെ പ്രവർത്തനശേഷി ഗണ്യമായി വർധിക്കാനും സാധ്യതയുണ്ട്. സ്വയം പകർപ്പുകൾ സൃഷ്ടിക്കാൻ എ.ഐ സംവിധാനങ്ങൾക്ക് എത്രത്തോളം ശേഷിയുണ്ടെന്ന് പരിശോധിക്കാൻ ആന്ത്രോപിക് വിവിധ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.