കോടികൾ ചോരുന്നു; ഓൺലൈനിൽ തട്ടിപ്പിന്റെ പരകോടി
മലപ്പുറം: സംസ്ഥാനത്തുനിന്ന് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ കവരുന്നത് കോടികൾ. രണ്ട് വർഷം കൊണ്ട് കേരളത്തിൽനിന്ന് കവർന്നത് 1084 കോടി രൂപ. ഈ വർഷം പത്ത് മാസംകൊണ്ട് നടന്നത് 419 കോടി രൂപയുടെ തട്ടിപ്പ്. ഇതിൽ നിന്ന് 109 കോടി രൂപ വീണ്ടെടുക്കാൻ കഴിഞ്ഞെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു.
2025ൽ മാത്രം 664 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടന്നപ്പോൾ, തിരിച്ചെടുക്കാൻ സാധിച്ചത് 160 കോടി രൂപ മാത്രമാണെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് ലോൺ ആപ്പുകൾ വഴിയാണ്.
വ്യാജ നിക്ഷേപം, തൊഴിൽ തട്ടിപ്പുകൾ, വിവിധ തരത്തിലുള്ള സമ്മാനത്തട്ടിപ്പുകൾ, വ്യാജ വാഹന പിഴ, ഡിജിറ്റൽ അറസ്റ്റ്, ഒ.ടി.പി തട്ടിപ്പുകൾ, വ്യാജ കൊറിയർ തട്ടിപ്പുകൾ, വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയുള്ള തട്ടിപ്പുകൾ തുടങ്ങിയവയിലൂടെയും ജനങ്ങൾക്ക് വൻതോതിൽ പണം നഷ്ടമാകുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ (എൻ.സി.ആർ.പി) ഈ വർഷം ഒക്ടോബർ ഏഴുവരെ 36192 പരാതികൾ ലഭിച്ചിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുകളിലൂടെ കവർന്നെടുക്കുന്ന പണം കടത്തിക്കൊണ്ടുപോകാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കാൻ കേരള പൊലീസ് പുതുതായി മണി റെസ്റ്റൊറേഷൻ മൊഡ്യൂൾ പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.
ഇതുവഴി 6.17 കോടി രൂപ തട്ടിപ്പിനിരയായവർക്ക് തിരികെ നൽകാൻ സാധിച്ചിട്ടുണ്ട്. ‘സൈ ഹണ്ട് ഓപറേഷൻ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തുന്ന സ്പെഷൽ ഡ്രൈവ് വഴി നിരവധി സൈബർ തട്ടിപ്പുകാരെ പിടികൂടാനും മ്യൂൾ അക്കൗണ്ടുകളുടെ വ്യാപനം തടയാനും കഴിഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പ് അവകാശപ്പെടുന്നു. പൊലീസിന്റെ സൈബർ ഡിവിഷൻ ആരംഭിച്ച ‘സൈബർവാൾ’ പ്ലാറ്റ്ഫോമിലൂടെ വിവിധ ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണവും സുരക്ഷാനിർദേശങ്ങളും നൽകിവരുന്നതായും അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ വെബ്സൈറ്റുകൾ, യു.ആർ.എല്ലുകൾ, ഇ-മെയിലുകൾ, എസ്.എം.എസ്, എസ്.എം.എസ് ഹെഡറുകൾ, ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐ.പി വിലാസങ്ങൾ എന്നിവ ഈ പ്ലാറ്റ്ഫോമിലൂടെ ജനങ്ങൾക്ക് പരിശോധിക്കാൻ സാധിക്കും. പി.ഒ.എൽ-ആപ്പ്, വാട്സാപ്പ് ചാറ്റ്ബോട്ട്, ടെലിഗ്രാം ചാറ്റ്ബോട്ട്, വെബ് പോർട്ടൽ എന്നിവ വഴി ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്നും ആഭ്യന്തര വകുപ്പ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.