യൂസർനെയിം ഫീച്ചർ: വാട്സ്ആപിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കേന്ദ്രത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ തന്നെ ആശയവിനിമയം നടത്താൻ അവസരമൊരുക്കുന്ന പുതിയ ‘യൂസർനെയിം’ (ഉപയോക്തൃനാമം) ഫീച്ചർ അവതരിപ്പിക്കാനുള്ള തീരുമാനത്തിൽ ടെലിഗ്രാമിനും സിഗ്നലിനും കേന്ദ്രസർക്കാർ നോട്ടീസയച്ചു. സമാനമായ ഫീച്ചർ അവതരിപ്പിക്കാൻ പദ്ധതിയിട്ട വാട്സ്ആപ്പിന് ഇന്നലെ സർക്കാർ നോട്ടീസ് നൽകിയിരുന്നു.

പുതിയ ഫീച്ചർ നടപ്പിലാക്കുമ്പോൾ രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകളും ആൾമാറാട്ടവും വർധിക്കുമെന്നും, ‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള കുറ്റകൃത്യങ്ങൾക്ക് ഇത് വഴിവെക്കുമെന്നുമാണ് കേന്ദ്രസർക്കാരിന്റെ പ്രധാന ആശങ്ക. ഉപയോക്തൃനാമങ്ങൾ വഴി ലഭിക്കുന്ന അജ്ഞാതത്വം ക്രിമിനലുകൾക്ക് വലിയ തോതിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ അവസരമൊരുക്കുമെന്നും സർക്കാർ വിലയിരുത്തുന്നു.

ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനും ടെലിഗ്രാമിനോടും സിഗ്നലിനോടും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

നേരത്തെ, വാട്സ്ആപ്പിന് നൽകിയ നോട്ടീസിൽ മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച കൂടിയാലോചനകൾ പൂർത്തിയാകുന്നത് വരെ പുതിയ ഫീച്ചർ പുറത്തിറക്കരുതെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. മെറ്റയുടെ മറുപടി പരിശോധിച്ച ശേഷവും സുരക്ഷാ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടത്തിയ ശേഷവും മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, ഇത്തരം ആശങ്കകൾ പരിഹരിക്കാൻ തങ്ങൾ മൾട്ടി-ലയർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വാട്സ്ആപ്പ് പ്രതികരിച്ചു. പ്രമുഖ വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, സെലിബ്രിറ്റികൾ എന്നിവരുടെ പേരുകൾ മറ്റുള്ളവർക്ക് സ്വന്തമാക്കാൻ കഴിയാത്തവിധം തടഞ്ഞുവെച്ചിട്ടുണ്ട്. സമാനമായ രീതിയിലുള്ള വ്യാജ പേരുകളും തടഞ്ഞിട്ടുണ്ടെന്നും വാട്സ്ആപ്പ് വക്താവ് കൂട്ടിച്ചേർത്തു.

കേന്ദ്രം ഉന്നയിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നാണ് വാട്‌സ്ആപിന്റെ അവകാശപ്പെടുന്നു. സെലിബ്രിറ്റികളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പേരുകൾ മറ്റാരും എടുക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. യൂസർനെയിം ഫീച്ചർ നിലവിൽ വരുമ്പോഴും വാട്‌സ്ആപ് ഉപയോഗിക്കുന്നതിന് ഫോൺ നമ്പർ നിർബന്ധമാണ്. കൂടാതെ, ഒരു അക്കൗണ്ടിൽ നിന്ന് എത്ര പേർക്ക് സന്ദേശം അയക്കാം എന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകും. സംശയാസ്പദമായ അക്കൗണ്ടുകളെ കണ്ടെത്താനും തടയാനുമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആദ്യമായി സന്ദേശം അയക്കുന്ന യൂസർനെയിം അക്കൗണ്ടുകളെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും. അക്കൗണ്ട് പുതിയതാണോ, കോൺടാക്റ്റ് ലിസ്റ്റിൽ ഉണ്ടോ, പൊതുവായ ഗ്രൂപ്പുകളിൽ അംഗമാണോ എന്നീ വിവരങ്ങൾ പരിശോധിച്ച് സന്ദേശം സ്വീകരിക്കണോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം.

ആൾമാറാട്ടത്തെയും തട്ടിപ്പുകളെയും വളരെ ഗൗരവമായാണ് കാണുന്നതെന്ന് വാട്‌സ്ആപ് ഉറപ്പുനൽകുന്നുണ്ട്. ആരെങ്കിലും തെറ്റായ രീതിയിൽ യൂസർനെയിം ഉപയോഗിക്കുകയോ മറ്റൊരാളായി ആൾമാറാട്ടം നടത്തുകയോ ചെയ്താൽ അത്തരം അക്കൗണ്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, ഉപയോക്താക്കൾക്ക് അത്തരം അക്കൗണ്ടുകളെ റിപ്പോർട്ട് ചെയ്യാൻ അവസരമുണ്ടെന്നും കമ്പനി അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെടുന്ന അക്കൗണ്ടുകൾ പരിശോധിച്ച ശേഷം അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും വാട്‌സ്ആപ് വക്താവ് കൂട്ടിച്ചേർത്തു.

എന്നാൽ സർക്കാർ തലത്തിൽ വിശദമായ ചർച്ചകൾ പൂർത്തിയാകും വരെ ഈ ഫീച്ചർ പുറത്തിറക്കരുതെന്ന് വാട്‌സ്ആപിന് കേന്ദ്രം കർശന നിർദേശം നൽകിയിട്ടുണ്ട്

Tags:    
News Summary - Username feature: After WhatsApp, Centre issues notice to Telegram and Signal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.