ന്യൂയോർക്ക്:ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഗ്ലാസുകളുടെ വിപണി പ്രവേശം വൈകുമെന്ന് റിപ്പോർട്ട്. 2027 തുടക്കത്തിൽ പുറത്തിറങ്ങുമെന്ന് കരുതിയിരുന്ന ഉൽപ്പന്നം ഈ വർഷം അവസാനത്തോടെ മാത്രമേ വിപണിയിലെത്താൻ സാധ്യതയുള്ളൂ. ആപ്പിളിന്റെ ഈ കാലതാമസം സ്മാർട്ട് ഗ്ലാസ് വിപണിയിൽ നിലവിൽ ആധിപത്യം പുലർത്തുന്ന മെറ്റായ്ക്ക് വലിയ നേട്ടമാകും.
കഴിഞ്ഞ ആഴ്ചയാണ് 12 മെഗാപിക്സൽ ക്യാമറയും 'മ്യൂസ് സ്പാർക്ക്' എ.ഐ. മോഡലുമുള്ള പുതിയ സ്മാർട്ട് ഗ്ലാസുകൾ മെറ്റാ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. റേ-ബാൻ, പ്രാഡ, ഓക്ലി തുടങ്ങിയ ആഗോള ഐവെയർ ഭീമന്മാരുമായി സഹകരിച്ചാണ് മെറ്റാ ഈ രംഗത്ത് മുന്നേറുന്നത്. മെറ്റായുടെ സ്മാർട്ട് ഗ്ലാസുകൾക്ക് 299 ഡോളർ (ഏകദേശം 28,000 രൂപ) മുതലാണ് വില ആരംഭിക്കുന്നത്.
ആപ്പിൾ ഇക്കോസിസ്റ്റവുമായുള്ള മികച്ച ഒത്തുചേരലും ഐഫോൺ കണക്റ്റിവിറ്റിയുമാണ് ആപ്പിൾ ഗ്ലാസുകളുടെ പ്രധാന കരുത്ത്. എന്നാൽ, സ്വന്തം ഉൽപ്പന്നം വിപണിയിൽ ഇറങ്ങുന്നതോടെ ആപ്പിൾ ഇത്തരം കണക്റ്റിവിറ്റിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. പ്രീമിയം ബ്രാൻഡായതിനാൽ മെറ്റായെ അപേക്ഷിച്ച് ആപ്പിൾ ഗ്ലാസുകൾക്ക് വില കുതിച്ചുയരാനാണ് സാധ്യതയെന്ന് ബ്ലൂംബെർഗ് ജേണലിസ്റ്റ് മാർക്ക് ഗുർമാൻ വിലയിരുത്തുന്നു.
ഇക്കാരണത്താൽ തന്നെ, വിലക്കുറവും മികച്ച ബ്രാൻഡ് പങ്കാളിത്തവും ഉപയോഗിച്ച് ഐഫോൺ ഉപയോക്താക്കളെപ്പോലും തങ്ങളിലേക്ക് ആകർഷിക്കാൻ മെറ്റായ്ക്ക് സാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം. വില കുറഞ്ഞ 'ഇൻ-ഹൗസ്' ഡിസൈനുകൾ വിപണിയിൽ എത്തിച്ച് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് മെറ്റയുടെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.