ചാറ്റ് ജിപിടി ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കിയ ബംഗളൂരു ഓട്ടോ ഡ്രൈവർ; വീഡിയോ വൈറലായതോടെ അഭിനന്ദനവുമായി ഓപ്പൺ എഐ

ബംഗളൂരു: സാങ്കേതികവിദ്യയുടെ ഗുണഭോക്താക്കൾ ഏതെങ്കിലും പ്രത്യേക തൊഴിൽ മേഖലയിൽ മാത്രം ഒതുങ്ങുന്നവരല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവർ. എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയ ഈ ഡ്രൈവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ബംഗലൂരുവിലെ ഓട്ടോ ഡ്രൈവർ ഒരു കണ്ടന്‍റ് ക്രിയോറ്ററുമായി യാത്രക്കിടെ നടത്തിയ സംഭാഷണമാണ് ഇന്‍റർനെറ്റിൽ വൈറലായിരിക്കുന്നത്. പഠനത്തിനും പ്രശ്നപരിഹാരത്തിനും കന്നഡ ഭാഷയിലുള്ള ആശയവിനിമയത്തിനും താൻ പതിവായി ചാറ്റ്ജിപിടിയെ ആശ്രയിക്കാറുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.

താൻ ഇംഗ്ലീഷിലാണ് ചോദ്യങ്ങൾ ചോദിക്കാറുള്ളതെങ്കിലും ഉത്തരം കന്നഡയിൽ നൽകാൻ ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടാറുണ്ടെന്ന് അദ്ദേഹം പറയുന്നു. മാസങ്ങൾക്ക് മുമ്പ് ചോദിച്ച കാര്യങ്ങൾ പോലും ഓർത്തെടുത്ത് മറുപടി നൽകാനുള്ള ചാറ്റ്ജിപിടിയുടെ കഴിവ് തന്നെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭാഷണത്തിനിടെ ചാറ്റ്‌ബോട്ടിന്റെ വോയ്‌സ് ഫീച്ചറിനെക്കുറിച്ച് അറിഞ്ഞ ഡ്രൈവർ അത് നേരിട്ട് പരീക്ഷിച്ച് നോക്കി. എഐ തന്നോട് കന്നഡയിൽ സംസാരിക്കുന്നത് കേട്ട അദ്ദേഹം വളരെയധികം സന്തോഷത്തോടെയാണ് പ്രതികരിച്ചത്. സാങ്കേതികവിദ്യ എത്രത്തോളം സാധാരണക്കാരിലേക്ക് എത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വീഡിയോയെന്ന് പലരും അഭിപ്രായപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എഐ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കന്നഡയിൽ മറുപടി നൽകി. അനുഭവങ്ങൾ പങ്കുവെച്ചതിന് ഓട്ടോ ഡ്രൈവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Tags:    
News Summary - Bengaluru auto driver's ChatGPT routine goes viral, OpenAI replies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.