ഇന്ത്യ മുതൽ അഫ്ഗാനിസ്ഥാൻ വരെ; ടിക് ടോക് നിരോധിച്ച രാജ്യങ്ങൾ ഇവയാണ്....

​സമീപകാലത്തായി ലോകമെമ്പാടും ഞെട്ടിക്കുന്ന വളർച്ച നേടിയ സമൂഹ മാധ്യമ പ്ലാറ്റ്ഫോമാണ് ടിക് ടോക്. ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാൻസിന്റെ കീഴിലുള്ള ഷോർട്ട് വിഡിയോ ഷെയറിങ് ആപ്പിന് നിലവിൽ 100 കോടിയിലധികം യൂസർമാരുണ്ട്. ഫേസ്ബുക്ക്, യൂട്യൂബ്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, വീചാറ്റ് എന്നിവയാണ് യൂസർമാരുടെ എണ്ണത്തിൽ ടിക് ടോകിന് മുന്നിലുള്ള ആപ്പുകൾ.

ടിക് ടോക് വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. പല രാജ്യങ്ങളും സുരക്ഷാ കാരണങ്ങൾ പറഞ്ഞ് അവർക്കെതിരെ വാളെടുത്തിരിക്കുകയാണ്. ടിക് ടോക്ക് ഉപഭോക്ത്യ ഡാറ്റ ചൈനീസ് സർക്കാരിന്‍റെ കൈകളിലെത്തുന്നതായുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് ആപ്പിന് നിരോധനം ഏർപ്പെടുത്തുന്നത്.

ഇന്ത്യ

ഇന്ത്യയിലെ നിരോധനമാണ് ടിക് ടോകിന് ആദ്യ തിരിച്ചടി സമ്മാനിച്ചത്. രാജ്യത്തെ യുവാക്കളുടെ ഇഷ്ട പ്ലാറ്റ്ഫോമായി മാറിക്കൊണ്ടിരിക്കെ ചൈന-ഇന്ത്യ അതിർത്തിയിൽ സംഘർഷം ഉടലെടുക്കുകയും ആപ്പ് നിരോധിക്കുകയുമായിരുന്നു. ഇന്ത്യയിൽ നിരോധിച്ചില്ലായിരുന്നെങ്കിൽ, യൂസർമാരുടെ എണ്ണത്തിൽ ടിക് ടോക് ഏറെ മുമ്പിലെത്തുമായിരുന്നു. ടിക് ടോകിന് പുറമേ, പബ്ജി, ഷെയറിറ്റ് പോലുള്ള ജനപ്രിയ ചൈനീസ് ആപ്പുകളും നിരോധിക്കപ്പെട്ടിരുന്നു.

ബ്രിട്ടൻ

ഇപ്പോൾ അനേകം രാജ്യങ്ങൾ ടിക് ടോകിനെതിരെ തിരിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ബ്രിട്ടീഷ് ഗവൺമെന്റ് ഔദ്യോഗിക ഫോണുകളിൽ ടിക് ടോക് ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിട്ടിരുന്നു. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും. ദേശീയ സൈബര്‍ സുരക്ഷാ വിഭാഗത്തിന്‍റെ ഉപദേശപ്രകാരമാണ് തീരുമാനം.

ടിക് ടോക് സ്മാർട്ട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയൻ കമീഷൻ ജീവനക്കാരോട് നിർദേശിച്ചിരുന്നു. കോർപറേറ്റ് ഫോണുകളിൽ നിന്നും പ്രൊഫഷണൽ ആപ്പുകൾ ഉപയോഗിക്കുന്ന വ്യക്തിഗത ഉപകരണങ്ങളിൽ നിന്നും ടിക് ടോക് നീക്കം ചെയ്യണമെന്നായിരുന്നു നിർദേശം.

അമേരിക്ക

2022 ഡിസംബറിലായിരുന്നു അമേരിക്ക ഔദ്യോഗിക ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും ടിക് ടോക് ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിട്ടത്. ബൈറ്റ്ഡാൻസ് ലിമിറ്റഡ് ടിക് ടോകിലെ അവരുടെ ഓഹരികൾ വിറ്റൊഴിഞ്ഞില്ലെങ്കിൽ രാജ്യത്ത് പൂർണമായും നിരോധിക്കുമെന്ന ഭീഷണിയും യു.എസ് ഉയർത്തിയിരുന്നു.

അതേസമയം, ടിക് ടോക്ക് ഉയർത്തുന്ന ദേശീയ സുരക്ഷാ ഭീഷണിക്കെതിരെ വേണ്ടത്ര ശക്തമായ നിലപാട് സ്വീകരിക്കാത്തതിന് ബൈഡൻ ഭരണകൂടത്തിനെതിരെ റിപ്പബ്ലിക്കൻമാർ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.

ന്യൂസിലാന്‍ഡ്

സൈബർ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്‍റ് ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയത്. ഈ മാസാവസാനത്തോടെ ടിക് ടോക്ക് നിരോധിക്കുമെന്ന് പാർലമെന്‍ററി സർവീസ് രാജ്യത്തെ എം.പിമാരെ അറിയിച്ചുകഴിഞ്ഞു. മാർച്ച് 31-ന് കോർപ്പറേറ്റ് ഉപകരണങ്ങളിൽ നിന്ന് ആപ്പ് നീക്കം ചെയ്യുമെന്നും അതിനുശേഷം അത് വീണ്ടും ഡൗൺലോഡ് ചെയ്യാൻ കഴിയില്ലെന്നും പാർലമെന്‍റ് അംഗങ്ങൾക്ക് അയച്ച ഇ-മെയിലിൽ പറയുന്നു.

കാനഡ

സ്വകാര്യതയെയും സുരക്ഷാ അപകടങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് സർക്കാർ ഉപകരണങ്ങളിൽ ടിക് ടോക് ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കാനഡ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. മൊബൈൽ ഉപകരണങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്ന ആശങ്കകളെ തുടർന്നാണ് തീരുമാനമെന്ന് കാനഡ പൊതുസേവന ചുമതലയുള്ള മന്ത്രി മോന ഫോർട്ടിയർ അറിയിച്ചു.

തായ്‍വാൻ

ടിക്‌ടോക്ക് ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നുവെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് തായ്‌വാൻ 2022 ഡിസംബറിൽ, ടിക്‌ടോക്കിന് പൊതുമേഖലാ നിരോധനം ഏർപ്പെടുത്തി.

തായ്‌വാൻ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അവാസ്തവങ്ങൾ പ്രചരിപ്പിക്കാനായി ചൈനീസ് സർക്കാർ ടിക് ടോക്ക് ഉപയോഗിക്കുന്നതായി തായ്‍വാൻ ആരോപിച്ചിരുന്നു. തായ്‌വാനും യു.എസു​മായുള്ള ബന്ധത്തെ അട്ടിമറിക്കാൻ ചൈന ശ്രമിക്കുന്നതായും അവർ പറയുന്നു.

ബെൽജിയം

സൈബര്‍ സുരക്ഷ, സ്വകാര്യത, തെറ്റായ വിവരങ്ങള്‍ എന്നിവയെ കുറിച്ചുള്ള ആശങ്കകളുടെ പേരിലാണ് സര്‍ക്കാര്‍ ഫോണുകളില്‍ നിന്ന് ടിക് ടോക്ക് നിരോധിച്ചുകൊണ്ട് ബെല്‍ജിയം സർക്കാർ ഉത്തരവിട്ടത്. അതേസമയം, ടിക് ടോക്കിന് താല്‍ക്കാലിക നിരോധനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂ അറിയിച്ചു.

ഡെന്മാർക്

ഔദ്യോഗിക വിവരങ്ങൾ ചോർത്താനിടയുളളതിനാൽ ടിക്ടോക് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡെന്മാർക്ക് സർക്കാർ കഴിഞ്ഞ ദിവസമായിരുന്നു ജീവനക്കാർക്കും എംപിമാർക്കും മെയിൽ അയച്ചത്.

ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത് യുഎസിന്റെ അരക്ഷിതാവസ്ഥയും അധികാര ദുർവിനിയോഗവുമാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞത്.

അഫ്ഗാനിസ്ഥാൻ

യുവാക്കളെ വഴി തെറ്റിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് താലിബാൻ ടിക് ടോക് നിരോധിച്ചിരിക്കുന്നത്. 

Tags:    
News Summary - TikTok banned in these countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.