ഇത് മർവാന്‍റെ അറബി പറയുന്ന 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ'

കയ്പമംഗലം: പത്താം ക്ലാസുകാരനായ മർവാന് അറബി ഭാഷയും ഇലക്ട്രോണിക്സും ഒരുപോലെ കൈവെള്ളയിലാണ്. അറബി സംസാരിക്കുന്ന റോബോട്ടിനാണ് കൊച്ചുമിടുക്കൻ രൂപം നൽകിയിരിക്കുന്നത്. പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് വിദ്യാർഥിയും പൊൻമാനിക്കുടം മതിലകത്ത് വീട്ടിൽ അസീസ്-ഷബാന ദമ്പതികളുടെ മകനുമായ മർവാൻ രണ്ടുവർഷമായി ഇലക്ട്രോണിക്സിൽ വിവിധ പരീക്ഷണങ്ങൾ നടത്തുന്നു. ആദ്യം നിർമിച്ചത് കള്ളന്മാരെ പിടിക്കാനുള്ള സംവിധാനം. ഗേറ്റിൽ അപരിചിതർ കൈവെക്കുന്നതോടെ മൊബൈലിലേക്ക് കോൾ വരുന്നതായിരുന്നു വിദ്യ.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ, കൂട്ടുകാർക്കൊപ്പം കാഴ്ചപരിമിതർക്കുള്ള കോട്ട് നിർമിച്ചിരുന്നു ഈ മിടുക്കൻ. ഏതുഭാഗത്തുനിന്നും ആളുകളോ വാഹനങ്ങളോ വന്നാലും ആ ഭാഗത്ത് കോട്ടിന് വൈബ്രേഷൻ അനുവപ്പെടും. കൂടാതെ, കുഴികളും പടികളും തിരിച്ചറിയുന്ന വിധത്തിൽ ശബ്ദമുണ്ടാക്കുന്ന വടിയും കൂടെയുണ്ടായിരുന്നു. സ്കൂളിലെ അറബിക് അധ്യാപകൻ അദീബിന്റെ പ്രോത്സാഹനമാണ് റോബോട്ട് നിർമാണത്തിലേക്കെത്തിച്ചത്.

മൊബൈലിൽ റിമോട്ട് കൺട്രോൾ സംവിധാനിച്ച റോബോട്ട് നിരപ്പുള്ള ഏത് ഭാഗത്തേക്കും സഞ്ചരിക്കാനും സാധനങ്ങൾ സെർവ് ചെയ്യാനും കഴിവുള്ളതാണ്. കൂട്ടത്തിൽ അറബി സംസാരിക്കുകയും ചെയ്യും. 3000ത്തോളം രൂപയാണ് നിർമാണച്ചെലവ്. തകരാറിലാവുന്ന വൈദ്യുത ഉപകരണങ്ങൾ, സൈക്കിൾ, ബൈക്ക് എന്നിവ നന്നാക്കാൻ അയൽവാസികൾക്ക് ആശ്രയമാണ് മർവാൻ. സ്വന്തമായി ഡ്രോൺ നിർമിക്കാനുള്ള ശ്രമത്തിലാണെന്നും ശാസ്ത്രജ്ഞനാകാനാണ് ആഗ്രഹമെന്നും ഈ കൊച്ചുമിടുക്കൻ പറയുന്നു. പ്രവേശനോത്സവ ദിനത്തിൽ സ്കൂളിലെ പ്രധാന ആകർഷണമായിരുന്നു മർവാന്റെ റോബോട്ട്.

Tags:    
News Summary - This is Marwan's Arabic speaking 'Android kunjappan'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.