മെഡിക്കൽ രംഗത്ത് ഇന്ത്യൻ സാങ്കേതികവിദ്യയുടെ മറ്റൊരു ശ്രദ്ധേയമായ ചുവടുവെപ്പുകൂടി നടത്തിയിരിക്കുകയാണ് നമ്മൾ. റോബോട്ടിനെ ഉപയോഗിച്ചുള്ള ആദ്യ ടെലിസർജറി വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഡൽഹിയിലെ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററിലെ (ആർ.ജി.സി.ഐ.ആർ.സി) ഡോക്ടർമാർ.
ആർ.ജി.സി.ഐ.ആർ.സിയിലെ ജെനിറ്റോ-യൂറോ ഓങ്കോളജി മെഡിക്കൽ ഡയറക്ടറും മേധാവിയുമായ ഡോ. സുധീർ റാവലിന്റെ നേതൃത്വത്തിലാണ് നെഫ്രെക്ടോമി എന്ന വൃക്കയിലെ ശസ്ത്രക്രിയ വിജയകരമായി റോബോട്ട് പൂർത്തീകരിച്ചത്. ഇതിലെ ശ്രദ്ധേയമായ കാര്യം രോഗിയും റോബോട്ടും ഡൽഹിയിലെ ആശുപത്രിയിലും ഡോക്ടർ സുധീർ റാവൽ ഗുരുഗ്രാമിലുമായിരുന്നു എന്നതാണ്.
എയർടെൽ 5ജി എസ്.എ നെറ്റ് വർക്കും എസ്.എസ് ഇന്നൊവേഷൻസ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മന്ത്ര സർജിക്കൽ റോബോട്ടിക് സിസ്റ്റവും ഉപയോഗിച്ചാണ് മറ്റൊരു സ്ഥലത്തുനിന്ന് ഡോക്ടർ റോബോട്ടിനെ നിയന്ത്രിച്ചത്. തടസ്സമില്ലാതെ പൂർത്തിയാക്കിയ ശസ്ത്രക്രിയയുടെ അടുത്ത ദിവസം രോഗി ഡിസ്ചാർജ് ആവുകയും ചെയ്തു. മാത്രമല്ല, ലണ്ടനിലെ ഇ.ആർ.യു.എസ്25ൽ പ്രദർശിപ്പിച്ച ശസ്ത്രക്രിയയുടെ തത്സമയ സംപ്രേഷണത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റോബോട്ടിക് സർജന്മാരും വിദഗ്ദ്ധരും സാക്ഷികളായി എന്നതും രാജ്യത്തിന്റെ നേട്ടമാണ്.
പുതിയ ചുവടുവെപ്പ്
അതിർത്തി കടന്നുള്ള ടെലിസർജറിയുടെ ചുരുക്കം ചില ഉദാഹരണങ്ങളിൽ ഒന്നായി ഇന്ത്യൻ നിർമിത റോബോട്ടിക് സിസ്റ്റം ഉപയോഗിച്ചുള്ള ഇ.ആർ.യു.എസ്25ലെ തത്സമയസംപ്രേഷണം അടയാളപ്പെടുത്തുന്നു. യഥാർഥ സാഹചര്യങ്ങളിൽ ഇത്തരം നടപടിക്രമങ്ങൾ നടത്തുന്നതിന്റെ സാങ്കേതിക സാധ്യതയും ക്ലിനിക്കൽ സുരക്ഷയും ഇത് എടുത്തുകാണിക്കുന്നു.
റോബോട്ടിക് സംവിധാനങ്ങൾ താങ്ങാനാവുന്ന ചെലവിൽ കൂടുതൽ വിശ്വസനീയവുമാകുമ്പോൾ മെട്രോ സിറ്റികളിലെ ആശുപത്രികളിലെ പരിചയസമ്പന്നരായ ശസ്ത്രക്രിയാ വിദഗ്ധർക്ക് വിദൂര പ്രദേശങ്ങളിൽ ശസ്ത്രക്രിയകൾ നടത്താനോ നയിക്കാനോ കഴിയും. അതുവഴി രോഗികളുടെ യാത്രയും കാത്തിരിപ്പ് സമയവും കുറയ്ക്കാനും പരമപ്രധാനമായി ജീവൻ രക്ഷിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.