നിങ്ങൾ നിസ്സാരമെന്ന് കരുതി പങ്കുവെക്കുന്ന വിവരങ്ങൾ പോലും സൈബർ കുറ്റവാളികൾക്ക് ആയുധമാകാം; ജാഗ്രതാ നിർദ്ദേശവുമായി വിദഗ്ധർ

നിങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തികച്ചും സാധാരണവും നിസ്സാരവുമായ വിശേഷങ്ങൾ പോലും വലിയ സൈബർ സുരക്ഷാ ഭീഷണികളിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ സ്വകാര്യത, വ്യക്തിബന്ധങ്ങൾ, നിത്യജീവിതത്തിലെ ദിനചര്യകൾ, യാത്രാവിവരങ്ങൾ എന്നിവ വ്യക്തമാക്കുന്ന പോസ്റ്റുകൾ സൈബർ കുറ്റവാളികൾക്ക് എളുപ്പത്തിൽ നിങ്ങളെ കുടുക്കാൻ സഹായകരമാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

സോഷ്യൽ മീഡിയയിൽ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നത് ഇന്ന് മിക്കവർക്കും ഒരു ശീലമായി മാറിയിട്ടുണ്ട്. എന്നാൽ, ഇത്തരം പോസ്റ്റുകളിലൂടെ പുറത്തുവരുന്ന വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ലഭ്യമാവുകയും, അത് കോപ്പി ചെയ്യപ്പെടുകയോ ആർക്കൈവ് ചെയ്യപ്പെടുകയോ ചെയ്യുന്നു. തട്ടിപ്പുകാർ ഈ വിവരങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ വ്യാജ പ്രൊഫൈലുകൾ നിർമ്മിക്കുകയും, ആൾമാറാട്ടം നടത്തുകയും, ഐഡന്റിറ്റി തെഫ്റ്റ് പോലെയുള്ള തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.

അതുകൊണ്ടു തന്നെ നിങ്ങൾ സോഷ്യൽ മീഡിയയിൽ കാര്യങ്ങൾ പങ്കുവെക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ഫോൺ നമ്പറുകളും വ്യക്തിഗത ഇമെയിൽ വിലാസങ്ങളും വീടിന്റെ വിലാസവും ജോലിസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും ലൈവ് ലൊക്കേഷനുകളും തത്സമയ ചെക്ക്-ഇനുകളും യാത്രാ പ്ലാനുകളും അവധിക്കാല വിനോദയാത്രാ വിവരങ്ങളും ബോർഡിങ് പാസുകൾ, ടിക്കറ്റുകൾ, ബുക്കിങ് വിവരങ്ങൾ ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ, ലൊക്കേഷൻ ടാഗ് ചെയ്യുകയോ അല്ലെങ്കിൽ ദിവസേനയുള്ള ദിനചര്യകൾ എന്നിവ പങ്കുവെക്കുന്നത് സ്വാഭാവികമായി തോന്നുമെങ്കിലും ഇത്തരം ചെറിയ വിവരങ്ങളെല്ലാം കൂട്ടിച്ചേർത്ത് ഫിഷിങ്, ആൾമാറാട്ടം, സ്റ്റാക്കിങ് തുടങ്ങിയ വലിയ തട്ടിപ്പുകൾ വരെ നടത്താൻ കഴിയും.

കുട്ടികളുടെ ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണം. സ്കൂൾ യൂണിഫോം ധരിച്ച കുട്ടികളുടെ ചിത്രങ്ങൾ സ്കൂളിന്റെ പേരോ ലൊക്കേഷനോ വെളിപ്പെടുത്തിയേക്കാം. കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ അവരുടെ സ്ഥിരമായ യാത്രകളേയും ദിനചര്യകളേയും കുറിച്ച് പുറത്തുവിടും. ഇന്നത്തെ നിസ്സാരമായ കുടുംബ വിശേഷങ്ങൾ ഭാവിയിൽ കുട്ടികളുടെ സ്ഥിരം ഡിജിറ്റൽ ഐഡന്റിറ്റിയുടെ ഭാഗമായി മാറിയേക്കാം.

പോസ്റ്റ് ചെയ്യും മുമ്പ് ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. ഡിജിറ്റൽ സുരക്ഷ എന്നത് ശക്തമായ പാസ്‌വേഡുകൾ മാത്രമല്ലെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ഓൺലൈനിൽ പങ്കുവെക്കുന്ന വിവരങ്ങളെക്കുറിച്ച് ബോധപൂർവ്വമായ തീരുമാനങ്ങൾ എടുക്കുന്നത് മാത്രമാണ് സൈബർ ലോകത്ത് നമ്മെ സുരക്ഷിതരായി നിലനിർത്താനുള്ള ഏക മാർഗ്ഗം.

Tags:    
News Summary - social media, post, cyber fraud, cyber crime,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.