ഉത്സവകാലത്തും സ്മാർട്ട്‌ഫോൺ വിപണിയിൽ ഇടിവ്; പിടിച്ചുനിന്ന് പ്രീമിയം ഫോണുകൾ

കൊൽക്കത്ത: ഇ-കൊമേഴ്‌സ് നവരാത്രി വിൽപ്പനയിൽ സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ വർഷാടിസ്ഥാനത്തിൽ 16% ഇടിവുണ്ടായതായി മാർക്കറ്റ് ട്രാക്കറായ കൗണ്ടർപോയിന്റ് റിസർച്ച്. ഇന്ത്യയിലെ ഉത്സവകാല സ്മാർട്ട്‌ഫോൺ വിപണി എക്കാലത്തെയും വലിയ തിരിച്ചടികളിലൊന്നാണ് അഭിമുഖീകരിക്കുന്നത്.

ചിപ്പുകളുടെ ഉയർന്ന ചെലവ് നികത്തുന്നതിനായി ഫോൺ  നിർമാതാക്കൾ ഡിസ്‌കൗണ്ടുകൾ കുറച്ചതും വില കൂടെക്കൂടെ വർധിപ്പിച്ചതും ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ ബാധിച്ചു. സ്മാർട്ട്‌ഫോണുകളിലെ ശരാശരി ഓൺലൈൻ ഉത്സവകാല കിഴിവുകൾ കഴിഞ്ഞ വർഷത്തെ 25-40 ശതമാനത്തിൽ നിന്ന് 10-25 ശതമാനമായി കുറഞ്ഞതായി കൗണ്ടർപോയിന്റ് ചൂണ്ടിക്കാണിക്കുന്നു. മെമ്മറി ചിപ്പ് വിലയിൽ രണ്ടും മൂന്നും ഇരട്ടി വർധനവ്, രൂപയുടെ മൂല്യത്തകർച്ച, ഉയർന്ന ഫ്രൈറ്റ് (ചരക്കുകൂലി) ചെലവുകൾ എന്നിവ കാരണം സ്മാർട്ട്‌ഫോൺ വിലയിൽ ശരാശരി 35-40% വർധനവ് ഉണ്ടായതിനിടയിലാണ് ഈ സാഹചര്യം.

ഓൺലൈൻ നവരാത്രി ഉത്സവകാല വിൽപ്പന കഴിഞ്ഞ ആഴ്ചയാണ് ആരംഭിച്ചത്. ഈ വാരാന്ത്യം വരെ തുടരുകയും ചെയ്യും. ഇ-കൊമേഴ്‌സിലെ ആകെ ഉത്സവകാല ബിസിനസിന്റെ 60-65% സംഭാവന ചെയ്യുന്നത് ഈ കാലയളവാണ്. സാധാരണ റീട്ടെയിൽ കടകളും സമാനമായ ഇടിവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. നവരാത്രി ആരംഭിച്ചതിനുശേഷം വിൽപ്പനയിൽ 20% ഇടിവുണ്ടായതായി ഓൾ ഇന്ത്യ മൊബൈൽ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ കണക്കാക്കുന്നു. ദസറ, ദീപാവലി എന്നിവയോടനുബന്ധിച്ച് വിൽപ്പന ഉയരുമെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള ഉത്സവകാല റീട്ടെയിൽ വിൽപ്പന കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനത്തിലധികം കുറയാൻ സാധ്യതയുണ്ടെന്ന് എ.ഐ.എം.ആർ.എ അനുമാനിക്കുന്നു.

ഉത്സവകാല വിൽപ്പനയിലെ പ്രധാന പങ്ക് സ്മാർട്ട്‌ഫോണുകൾക്കാണ്. ഇവയുടെ വാർഷിക വിൽപ്പനയുടെ 30-35% ഈ കാലയളവിലാണ് നടക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, ജിയോമാർട്ട് തുടങ്ങിയ ഓൺലൈൻ റീട്ടെയിലർമാരുടെ ഉത്സവകാല ബിസിനസിന്റെ 35% വരെ സംഭാവന ചെയ്യുന്ന പ്രധാന വരുമാന മാർഗം കൂടിയാണ് ഈ വിഭാഗം. ക്വിക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും വിൽപ്പന വർധിപ്പിക്കുന്നതിനായി സ്മാർട്ട്‌ഫോണുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.

കെട്ടിക്കിടക്കുന്ന സ്റ്റോക്കുകൾ വിറ്റഴിക്കാൻ വേണ്ടി മാത്രം പ്ലാറ്റ്‌ഫോമുകളും ബ്രാൻഡുകളും സെയിൽ സമയപരിധി നീട്ടുകയാണ്.  റീട്ടെയിൽ വിൽപ്പനയുടെ 70-80% ഇ.എം.ഐ/വായ്പ വഴിയാണ് നടക്കുന്നത്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്ന ഉപഭോക്താക്കൾ പുതുക്കിപ്പണിത ഫോണുകളോ, സെക്കൻഡ് ഹാൻഡ് ഫോണുകളോ വാങ്ങാനോ അല്ലെങ്കിൽ നിലവിലുള്ള ഫോണുകൾ നന്നാക്കി ഉപയോഗിക്കാനോ ആണ് കൂടുതൽ താല്പര്യപ്പെടുന്നത്. ഇത് റീട്ടെയിൽ വിൽപ്പനയെ ബാധിച്ചു.

മൊത്തത്തിലുള്ള തിരിച്ചടിക്കിടയിലും, 45,000 രൂപക്ക് മുകളിൽ വിലയുള്ള പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗം വലിയ തകർച്ചയില്ലാതെ പിടിച്ചുനിന്നുവെന്ന് കൗണ്ടർപോയിന്റ് പറയുന്നു. എന്നാൽ, പ്രീമിയം മോഡലുകൾക്ക് ഡിമാൻഡ് ഉണ്ടെങ്കിലും, വില വർധനവിന് ശേഷമുള്ള ഉയർന്ന മുൻകൂർ ചെലവുകൾ ഫോൺ വാങ്ങുന്നതിൽ നിന്ന് ഉപയോക്താക്കളെ പിന്നോട്ട് വലിക്കുന്നു.

2026ലെ ആദ്യ എട്ട് മാസങ്ങളിൽ സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ 10% ഇടിവുണ്ടായെങ്കിലും, ശരാശരി വിൽപന വില ഉയർന്നതിനാൽ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ബിസിനസ് 4% വർധിച്ചു. എൻട്രി ലെവൽ, മിഡ് റേഞ്ച് ഫോണുകളുടെ വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തിയപ്പോഴും, പ്രീമിയം ഫോണുകൾ മാത്രമാണ് വളർച്ച കൈവരിച്ച ഒരേയൊരു വിഭാഗം.

ഉത്സവകാലം മുന്നോട്ട് പോകുമ്പോൾ ഡിമാൻഡ് മെച്ചപ്പെട്ടേക്കാമെങ്കിലും സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ അളവ് രഇടിയാനാണ് സാധ്യതയെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ദീപാവലിക്ക് ശേഷം മറ്റൊരു ഘട്ട വിലവർധനവിന് കൂടി വ്യവസായ ലോകം ഒരുങ്ങുകയാണ്. ഇത് പാദത്തിന്റെ ശേഷിക്കുന്ന സമയത്തും സ്മാർട്ട്‌ഫോൺ വിൽപ്പനയെ വീണ്ടും ബാധിച്ചേക്കാം.

Tags:    
News Summary - online festival selling of smart phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.