ബി.എസ്.എൻ.എൽ 5ജിയിലേക്ക്; 25,000 ടവറുകൾ സ്ഥാപിക്കാൻ നീക്കം
ന്യൂഡൽഹി : 5ജി സേവനങ്ങൾ രാജ്യത്ത് വ്യാപിപ്പിക്കാൻ ഒരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ. നിലവിലെ 4ജി ശൃംഖല പ്രതീക്ഷിച്ച ഫലം നൽകുന്നുണ്ടെന്നും വരും മാസങ്ങളിൽ 4ജി സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുമെന്നും കമ്പനി പ്രിൻസിപ്പൽ ജനറൽ മാനേജർ വിവേക് ദുവ പറഞ്ഞു. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026 ന്റെ (ഐഎംസി) ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശികമായി വികസിപ്പിച്ച ടെലികോം സാങ്കേതികവിദ്യയുടെ കരുത്തിൽ അടുത്ത തലമുറ മൊബൈൽ സേവനങ്ങളിലേക്ക് കടക്കാനാണ് ബി.എസ്.എൻ.എൽ ലക്ഷ്യമിടുന്നത്. 5ജി നെറ്റ്വർക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായി 25,000 മൊബൈൽ ടവറുകൾക്കുള്ള ഓർഡർ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ടെലികോം സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി വ്യക്തമാക്കി. സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തി 25,000 മുതൽ 50,000 വരെ ടവറുകൾ കൂടി സ്ഥാപിക്കുന്നതും പരിഗണനയിലാണ്. അടുത്ത ഒരു വർഷത്തിനിടെ ബി.എസ്.എൻ.എല്ലിന്റെ ശൃംഖലാ ശേഷി ഗണ്യമായി വർധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വോഡഫോൺ ഐഡിയയുമായി (വി.ഐ) ചേർന്ന് ചില ടെലികോം സർക്കിളുകളിൽ ഇൻട്രാ സർക്കിൾ റോമിങ് സംവിധാനം പരീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമായ രണ്ട് ശൃംഖലകളിൽ ഏതെങ്കിലും ഉപയോഗിക്കാനാകും. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി ‘വാണി’ എന്ന എഐ അധിഷ്ഠിത ചാറ്റ്ബോട്ടും ബി.എസ്.എൻ.എൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രാദേശിക ഭാഷകളിൽ ആശയവിനിമയം നടത്തി നെറ്റ്വർക്ക് പ്രശ്നങ്ങൾ തിരിച്ചറിയാനും ആവശ്യമായ പരാതികൾ രജിസ്റ്റർ ചെയ്യാനും ഇതിലൂടെ സാധിക്കും. ഉപഭോക്തൃ ഡാറ്റയുടെ സുരക്ഷ വർധിപ്പിക്കാൻ സാപ്താങ് എന്ന സൈബർ സുരക്ഷാ സ്ഥാപനവുമായി ചേർന്ന് തദ്ദേശീയ ഡാറ്റ ഫിൽട്ടറിങ് സംവിധാനവും കമ്പനി നടപ്പാക്കുന്നുണ്ട്. അപകടകരമായ ഡാറ്റാ ട്രാഫിക് ഉപഭോക്താക്കളുടെ ഫോണുകളിലേക്കെത്തുന്നതിന് മുമ്പ് നെറ്റ്വർക്ക് തലത്തിൽത്തന്നെ തിരിച്ചറിയുകയും തടയുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
'ഭാരത് സന്ദേശ്’ എന്ന പേരിൽ ദ്വിമുഖ ഡിജിറ്റൽ ആശയവിനിമയ പ്ലാറ്റ്ഫോമും ബി.എസ്.എൻ.എൽ അവതരിപ്പിച്ചു. സർക്കാർ ഏജൻസികൾക്കും ബാങ്കുകൾ, വൈദ്യുതി-ജല വിതരണ സ്ഥാപനങ്ങൾ തുടങ്ങിയ സ്വകാര്യ സേവനദാതാക്കൾക്കും ഉപഭോക്താക്കളുമായി ഒരൊറ്റ സംവിധാനത്തിലൂടെ ആശയവിനിമയം നടത്താൻ ഇത് സഹായിക്കും.
ബി.എസ്.എൻ.എല്ലിന്റെ കെട്ടിടങ്ങളും നിലവിലുള്ള ഡാറ്റ സെന്റർ സൗകര്യങ്ങളും എഡ്ജ് അടിസ്ഥാനസൗകര്യങ്ങളാക്കി മാറ്റാനാകുമോയെന്നും പരിശോധിക്കും. ഇന്ത്യയിലുടനീളം തദ്ദേശീയവും എഐ ഉപയോഗത്തിന് അനുയോജ്യവുമായ ഡാറ്റ സെന്റർ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനായി സബ്മർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ബി.എസ്.എൻ.എൽ ടവർ കോർപറേഷൻ ലിമിറ്റഡും ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.