സെമികണ്ടക്ടര്‍ ക്ഷാമം; സ്മാർട്ട്​ഫോണുകളുടെ​ വില വർധിച്ചേക്കും, കൂടുതൽ ബാധിക്കുക സാംസങ്, ഒപ്പോ, ഷവോമി എന്നീ ബ്രാൻഡുകളെ

സെമികണ്ടക്ടര്‍ ക്ഷാമം മൂലം ടെക്​നോളജി മേഖല ആഗോളതലത്തിൽ നേരിടുന്നത്​ വലിയ പ്രതിസന്ധിയാണ്​. അത്​ കാർ നിർമാണം ഉൾപ്പടെ പല മേഖലകളെയും കാര്യമായി ബാധിച്ചിരുന്നെങ്കിലും സ്മാർട്ട്​ഫോൺ വിപണിക്ക്​ മാത്രം കാര്യമായ കുലുക്കമില്ലാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞിരുന്നു.

എന്നാൽ, വൈകാതെ അവിടേക്കും പ്രതിസന്ധി വ്യാപിക്കുമെന്ന സൂചനയുമായി എത്തിയിരിക്കുകയാണ്​ കൗണ്ടർപോയിൻറ്​ ടെക്നോളജി മാർക്കറ്റ് റിസർച്ച്​. സെമികണ്ടക്​ടറുകളുടെ ക്ഷാമം രൂക്ഷമായാൽ സ്​മാർട്ട്​ഫോണുകളുടെ വില വർധിച്ചേക്കുമെന്നാണ്​ അവരുടെ റിപ്പോർട്ടിൽ പറയുന്നത്​.

ലോകവ്യാപകമായി സെമികണ്ടക്ടറുകളുടെ ക്ഷാമം ആരംഭിച്ചത്​ 2020 അവസാനത്തോടെയായിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയതോടെയാണ്​ സ്ഥിതി കൂടുതൽ വഷളായത്​. എന്നാൽ, നേരത്തെ തന്നെ സ്വീകരിച്ച തയ്യാറെടുപ്പുകള്‍ കാരണം, സ്മാര്‍ട്‌ഫോണ്‍ വിപണി​ പിടിച്ചുനിന്നു. ആപ്ലിക്കേഷന്‍ പ്രൊസസറുകളും ക്യാമറ സെന്‍സറുകളും പോലുള്ള അനുബന്ധ ഘടകങ്ങള്‍ സംഭരിച്ചുവെക്കാന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞു.

എന്നാല്‍ ശേഖരിച്ചുവെച്ച അനുബന്ധ ഘടകങ്ങള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നതും ആവശ്യത്തിന് പുതിയ സ്റ്റോക്ക് എത്താതിരിക്കുന്നതും സ്മാര്‍ട്‌ഫോണ്‍ രംഗത്തെയും ചിപ്പ് ക്ഷാമം പിടികൂടുന്നതിന് വഴിവെക്കുകയാണ്​. ആവശ്യപ്പെടുന്നതിന്‍റെ 70 % ഘടകങ്ങള്‍ മാത്രമേ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഇപ്പോൾ ലഭിക്കുന്നുള്ളൂ.

സാംസങ്, ഓപ്പോ, ഷാവോമി തുടങ്ങിയ ബ്രാൻഡുകളെയാണ് സെമികണ്ടക്ടര്‍ ക്ഷാമം കൂടുതല്‍ ബാധിക്കുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആപ്പിളിന് ഈ സങ്കീര്‍ണത നേരിടാന്‍ ഒരു പരിധിവരെ സാധിച്ചേക്കും. അവസ്ഥ രൂക്ഷമായാല്‍ ചില സ്മാര്‍ട്‌ഫോണുകളില്‍ മാത്രമായി കമ്പനികള്‍ക്ക് ശ്രദ്ധകൊടുക്കേണ്ടിവരും. മറ്റ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നത് നിര്‍ത്തിവെക്കേണ്ടിയും വരും. ഇത് സ്മാര്‍ട്‌ഫോണുകളുടെ വില വര്‍ധനവിനും കാരണമായേക്കും. കാറുകൾ, മൊബൈലുകൾ, ഗെയിമിംഗ് ഉപകരണങ്ങൾ മുതൽ റഫ്രിജറേറ്ററുകൾ, മൈക്രോവേവ് എന്നിവയില്‍ പോലും ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്​.

Tags:    
News Summary - Semiconductor Shortages Hitting Smartphone Industry Hard may lead to price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.