‘36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം’; നടിയുടെ ഡീപ് ഫേക്ക് വിഡിയോ പ്രചരിച്ചതിന് പിന്നാലെ നടപടിയുമായി കേന്ദ്രം

യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ദൃശ്യങ്ങളും വിഡിയോകളും നിർമിക്കുന്ന 'ഡീപ് ഫേക്' സാങ്കേതിക വിദ്യക്ക് സമീപകാലത്തായി വലിയ പ്രചാരമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. നടി രശ്മിക മന്ദാനയുടെ 'ഡീപ് ഫേക്' വിഡിയോ ഇത്തരത്തിൽ നിർമിക്കപ്പെട്ടിരുന്നു. മറ്റൊരു വ്യക്തിയുടെ വിഡിയോയാണ് എ.ഐ സാങ്കേതികവിദ്യയുപയോഗിച്ച് രശ്മികയുടെ മുഖം ചേർത്ത് പ്രചരിപ്പിച്ചത്. വിഡിയോ വൈറലായതോടെ, വിശദീകരണവുമായി നടിയെത്തിയിരുന്നു. ‘എന്നെക്കുറിച്ച് മാത്രമല്ല, സാങ്കേതികവിദ്യയുടെ ദുരുപയോഗം കാരണം അപകടങ്ങൾക്ക് ഇരയാകുന്നവരെയോർത്ത് ഭയമാകുന്നു’ എന്നായിരുന്നു അവർ പറഞ്ഞത്.

അതേസമയം, തെന്നിന്ത്യൻ നായിക നേരിട്ട ദുരനുഭവം വലിയ ചർച്ചയായി മാറിയതോടെ നടപടിയുമായി രംഗത്തുവന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. നിയമങ്ങൾ ലംഘിക്കുന്ന തെറ്റായ വിവരങ്ങളും ഡീപ്ഫേക്കുകളുമടക്കമുള്ള ഉള്ളടക്കങ്ങൾ കണ്ടെത്തി 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് പ്രമുഖ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഉപദേശം നൽകിയതായി ഔദ്യോഗിക പ്രസ്താവനയിലൂടെ 'ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം പറഞ്ഞു.

ഐടി റൂൾസ് 2021 പ്രകാരം നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ തന്നെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഉള്ളടക്കത്തിനെതിരെ സോഷ്യൽ മീഡിയ കമ്പനികൾ വേഗത്തിൽ നടപടിയെടുക്കണമെന്നും ഉപയോക്താക്കൾ അത്തരം വിവരങ്ങൾ, ഉള്ളടക്കം, ഡീപ്ഫേക്കുകൾ എന്നിവ പങ്കുവെക്കരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

"ഐടി നിയമത്തിന്റെയും ചട്ടങ്ങളുടെയും പ്രസക്തമായ വ്യവസ്ഥകൾക്കനുസൃതമായി പ്രവർത്തിക്കുന്നതിൽ സോഷ്യൽ മീഡിയ കമ്പനികൾ പരാജയപ്പെട്ടാൽ, സെക്ഷൻ 79(1) പ്രകാരം ശക്തമായ നടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Remove Deepfakes Within 36 Hours: Government To Social Media Firms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.