സ്റ്റാർലിങ്കിനെ വെല്ലുമോ..? ഇന്ത്യയിൽ സാറ്റലൈറ്റ് വഴി അതിവേഗ ഇന്റർനെറ്റ് നൽകാൻ ജിയോ

ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത അതിവേഗ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകാൻ പുതിയ പദ്ധതിയുമായി റിലയൻസ് ജിയോ രംഗത്ത്. ലക്സംബർഗ് ആസ്ഥാനമായുള്ള എസ്.ഇ.എസുമായി സഹകരിച്ചുള്ള സംയുക്ത സംരംഭം ജിയോ പ്ലാറ്റ്‌ഫോമുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് കമ്പനികളും ചേർന്ന് ജിയോ സ്‌പേസ് ടെക്‌നോളജി ലിമിറ്റഡ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു, അതിൽ ജിയോ പ്ലാറ്റ്‌ഫോമുകളും (ജെപിഎൽ) എസ്.ഇ.എസും യഥാക്രമം 51 ശതമാനവും 49 ശതമാനവും ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കും.

ശതകോടീശ്വരൻ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, ആമസോണിന്റെ പ്രൊജക്ട് കുയിപ്പര്‍, ടാറ്റ ഗ്രൂപ്പും കനേഡിയന്‍ കമ്പനിയായ ടെലിസാറ്റും സഹകരിക്കുന്ന ടാറ്റാ-ടെലിസാറ്റ് എന്നീ കമ്പനികളാണ് ഇതുവരെ ഇന്ത്യന്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളാകാന്‍ രംഗത്തെത്തിയിരിക്കുന്നത്.

എസ്.ഇ.എസ് സേവനത്തിൽ ചില അന്താരാഷ്‌ട്ര എയറോനോട്ടിക്കൽ, മാരിടൈം ഉപഭോക്താക്കൾ ഒഴികെ, ഇന്ത്യയിൽ എസ്.ഇ.എന്റെ സാറ്റലൈറ്റ് ഡാറ്റയും കണക്റ്റിവിറ്റി സേവനങ്ങളും നൽകുകയെന്നതാണ് സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്. ഇതിന് SES-ൽ നിന്ന് 100 Gbps വരെ ശേഷിയുള്ള ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാകും. കൂടാതെ ഈ സേവനം വ്യാപിപ്പിക്കാൻ വിപണിയിലെ ജിയോയുടെ ഉന്നതസ്ഥാനവും രാജ്യത്തെ വിപുലമായ ശൃംഖലയും പ്രയോജനപ്പെടുത്തും.

രാജ്യത്തിനകത്ത് സേവനങ്ങൾ നൽകുന്നതിനായി സംയുക്ത സംരംഭം ഇന്ത്യയിൽ വിപുലമായ ഗേറ്റ്‌വേ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കും, കരാറിന്റെ മൊത്തം മൂല്യം ഏകദേശം 100 മില്യൺ ഡോളറാണെന്ന് പ്രസ്താവനയിൽ പറയുന്നു.

''ഞങ്ങളുടെ ഫൈബർ അധിഷ്‌ഠിത കണക്‌റ്റിവിറ്റിയും എഫ്‌ടിടിഎച്ച് ബിസിനസും വിപുലീകരിക്കുകയും 5Gയിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് തുടരുമ്പോൾ തന്നെ, എസ്.ഇ.എസുമായുള്ള ഈ പുതിയ സംയുക്ത സംരംഭം മൾട്ടി-ഗിഗാബിറ്റ് ബ്രോഡ്‌ബാൻഡിന്റെ വളർച്ചയെ കൂടുതൽ ത്വരിതപ്പെടുത്തും. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അധിക കവറേജും ശേഷിയും ഉപയോഗിച്ച്, ജിയോയ്ക്ക് വിദൂര നഗരങ്ങളും ഗ്രാമങ്ങളും സംരംഭങ്ങളും സർക്കാർ സ്ഥാപനങ്ങളും ഉപഭോക്താക്കളുമെല്ലാം പുതിയ ഡിജിറ്റൽ ഇന്ത്യയുമായി ബന്ധിപ്പിക്കാൻ കഴിയും. SES-ന്റെ നൂതന നേതൃത്വവും സാറ്റലൈറ്റ് വ്യവസായത്തിലെ വൈദഗ്ധ്യവും ഞങ്ങളുടെ വിപുലീകൃതമായ വ്യാപനവും ഉപഭോക്തൃ അടിത്തറയും സംയോജിപ്പിച്ചുള്ള ഈ പുതിയ യാത്രയിൽ ഞങ്ങൾ ആവേശഭരിതരാണ്," ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു.

Tags:    
News Summary - Reliance Jio partners with SES to offer satellite-based internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.