ഓൺലൈൻ ഷോപ്പിങ് ബോറായോ? എങ്കിൽ എ.ഐ റോബോട്ട് സഹായിക്കാനെത്തും. ചാറ്റ് ജി.പി.ടിയാണ് പുതിയ ഷോപ്പിങ് ഫീച്ചർ ആഡ് ചെയ്യുന്നത്. ഇതോടെ ഓൺലൈൻ ഷോപ്പിങ് രംഗത്ത് മീഡിയ സൈറ്റുകളുടെയും ആമസോൺ, ഗൂഗ്ൾ തുടങ്ങിയവയുടെയും ആധിപത്യം ചോദ്യം ചെയ്യപ്പെടും. ഷോപ്പിങ് അപ്ഡേറ്റ് വഴി ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങളുടെ വിലയും റിവ്യൂകളും എളുപ്പത്തിൽ കാണാൻ സാധിക്കുകയും വ്യക്തിഗത ഉൽപന്ന റെക്കമെൻഡേഷൻസിന്റെ ഭാഗമായി നേരിട്ടുള്ള ലിങ്കുകളും ലഭ്യമാക്കും. ‘ഇതൊരിക്കലും പരസ്യമല്ല, സ്വതന്ത്രമായി തെരഞ്ഞെടുക്കുന്നവയാണ്’ എന്നാണ് മാതൃ കമ്പനി ഓപൺ എ.ഐ അവകാശപ്പെടുന്നത്.
ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ എളുപ്പം കണ്ടെത്താനും താരതമ്യം ചെയ്യാനും വാങ്ങാനും സൗകര്യമൊരുക്കുകയാണ് അപ്ഡേഷന്റെ ലക്ഷ്യമെന്നും കമ്പനി പറയുന്നു. ഫീച്ചർ ഉടൻതന്നെ ലഭ്യമായിത്തുടങ്ങും.
എ.ഐ രംഗം കൈയടക്കിക്കൊണ്ട് 2022ൽ പുറത്തിറങ്ങിയ ഓപൺ എ.ഐ കഴിഞ്ഞ വർഷം ചാറ്റ് ജി.പി.ടി ബോട്ട് പുറത്തിറക്കുക കൂടി ചെയ്തതോടെ ഏറ്റവും ജനപ്രീതിയുള്ള നിർമിത ബുദ്ധി പ്ലാറ്റ്ഫോം ആയി മാറിയിരിക്കുകയാണ്.
ചാറ്റ് ജി.പി.ടിക്ക് കഴിഞ്ഞ ആഴ്ച മാത്രം 100 കോടി വെബ് സെർച്ചാണ് വന്നത്. അതേസമയം, ആഗോള വെബ് ട്രാഫിക്കിന്റെ 89 ശതമാനവും ഗൂഗ്ൾ തന്നെയാണ് കൈയടക്കിയിരിക്കുന്നത്. എന്നാൽ, ഈ ആധിപത്യം പതിയെ കുറയുന്നതാണ് നിലവിലെ സാഹചര്യം. ഷോപ്പിങ് കൂടി തങ്ങളുടെ സെർച്ചിൽ വരുന്നതോടെ ഓപൺ എ.ഐയും ഗൂഗിളും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലുണ്ടാവുമെന്നാണ് ടെക് ലോകം കരുതുന്നത്. ന്യൂയോർക് ടൈംസ് പോലെ ഈ രംഗത്ത് ഒരു കൈ നോക്കുന്ന ലോകത്തെമ്പാടുമുള്ള പബ്ലിഷേഴ്സിനും ഓപൺ എ.ഐ വെല്ലുവിളിയാകും.
മത്സരം മുന്നിൽകണ്ട് ആമസോൺ കഴിഞ്ഞ വർഷംതന്നെ തങ്ങളുടെ എ.ഐ ഷോപ്പിങ് അസിസ്റ്റന്റ് പുറത്തിറക്കിയിരുന്നു. എ.ഐ കമ്പനിയായ പെർപ്ലെക്സിറ്റിക്കും ഷോപ്പിങ് ടൂളുണ്ട്. ലൈവ് സ്പോർട്സ് സ്കോറും ചാറ്റ് ജി.പി.ടി വഴി ഉടൻ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.