ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട ഫീച്ചറാണ് സ്റ്റോറീസ്. മറ്റേത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളേക്കാളും ഇൻസ്റ്റഗ്രാമിലാണ് നെറ്റിസൺസ് സ്റ്റോറീസ് വ്യാപകമായി പങ്കുവെക്കുന്നത്. 'സ്റ്റോറീസ്' ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. മെറ്റയുടെ ഇമേജ് - വിഡിയോ ഷെയിറങ് ആപ്പ് പ്ലാറ്റ്ഫോമിൽ 'കാൻഡിഡ് സ്റ്റോറീസ്' എന്ന പുതിയ ഫീച്ചറാണ് കൊണ്ടുവരുന്നത്.
എന്താണ് കാൻഡിഡ് സ്റ്റോറീസ്..?
പേര് പോലെ തന്നെ നിങ്ങൾ, ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ചിത്രമായോ, വിഡിയോ ആയോ സ്റ്റോറിയിൽ പങ്കുവെക്കലാണ് 'കാൻഡിഡ് സ്റ്റോറി' കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുന്നതും ജോഗിങ്ങിന് പോകുന്നതും ഫുട്ബാൾ മത്സരം കാണുന്നതുമെല്ലാം മേക്കപ്പും ഫിൽട്ടറുകളും മറ്റ് തയ്യാറെടുപ്പുകളുമൊന്നുമില്ലാതെ സ്റ്റോറിയായി പോസ്റ്റ് ചെയ്യുക.
എന്നാൽ, ഇത്തരത്തിൽ സ്റ്റോറികൾ പങ്കുവെച്ചാൽ, അത് നിങ്ങളെ പിന്തുടരുന്നവരിൽ എല്ലാവർക്കും കാണാൻ സാധിക്കില്ല. മറിച്ച്, കാൻഡിഡ് സ്റ്റോറികൾ പങ്കുവെക്കുന്ന മറ്റുള്ള ഇൻസ്റ്റഗ്രാം യൂസർമാർക്ക് മാത്രമാകും നിങ്ങളുടെ 'കാൻഡിഡ് സ്റ്റോറികൾ' കാണാൻ കഴിയുക.
നിങ്ങൾ ആദ്യമായി ഒരു 'കാൻഡിഡ് സ്റ്റോറി' ഇൻസ്റ്റയിൽ പങ്കുവെച്ചാൽ, ദിവസവും വ്യത്യസ്ത സമയങ്ങളിലായി ആപ്പ് നിങ്ങളെ അത്തരത്തിലുള്ള സ്റ്റോറി പങ്കുവെക്കാനായി ഓർമിപ്പിക്കും. ഫേസ്ബുക്കിലും സമാനമായ ഫീച്ചർ തങ്ങൾ പരീക്ഷിക്കുന്നതായി മെറ്റ അറിയിച്ചിട്ടുണ്ട്.
ഒരു 'ബിറിയൽ ഈച്ചക്കോപ്പി'
2020-ൽ പുറത്തുവന്ന ഒരു ഫ്രഞ്ച് സോഷ്യൽ മീഡിയ ആപ്പാണ് ബിറിയൽ. അലക്സിസ് ബാരിയാറ്റും കെവിൻ പെറോയും ചേർന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. സമീപകാലത്തായി വലിയ ഓളമാണ് ബിറിയൽ ഇന്റർനെറ്റ് ലോകത്ത് സൃഷ്ടിക്കുന്നത്. കാരണം, അതിന്റെ വ്യത്യസ്തത തന്നെയാണ്. ആ വ്യത്യസ്തതയാണ് ഇൻസ്റ്റഗ്രാം കോപ്പിയടിച്ചിരിക്കുന്നത്.
പേര് പോലെ 'യഥാർത്ഥമായിരിക്കുക' എന്നതാണ് ബിറിയൽ ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആപ്പിൽ ലോഗ്-ഇൻ ചെയ്താൽ യൂസർമാർക്ക് ദിവസവും ഏതെങ്കിലും സമയത്തായി യഥാർഥമായിരിക്കാൻ സമയമായി ('Time to Be Real') എന്ന് പറഞ്ഞുകൊണ്ട് ഒരു അറിയിപ്പ് ലഭിക്കും. പിന്നാലെ, ഉപയോക്താവിന് അവർ ആ സമയത്ത് എന്താണോ ചെയ്യുന്നത് അതിന്റെ ഒരു തത്സമയ ചിത്രം പോസ്റ്റുചെയ്യുന്നതിനായി രണ്ട് മിനിറ്റ് വിൻഡോ തുറക്കുകയും ചെയ്യും.
ആപ്പ് ഉപയോഗിക്കുന്ന വ്യക്തിയുടെ ജീവിതത്തിലെ യഥാർഥവും ഫിൽട്ടർ ചെയ്യാത്തതുമായ ഒരു സ്‌നാപ്പ്ഷോട്ട് പകർത്തി അത് എല്ലാവർക്കുമായി പങ്കുവെക്കുക എന്നതാണ് ബിറിയൽ കൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റേത് പ്ലാറ്റ്ഫോമും പരീക്ഷിക്കാത്ത ഈ ഫീച്ചർ ബിറിയലിനെ ശ്രദ്ധേയമാക്കി. എന്നാൽ, ഇൻസ്റ്റഗ്രാം ഇതേ സംഭവമാണ് മറ്റൊരു പേരിൽ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.