അമേരിക്കക്കാർ ഏറ്റവും വെറുക്കുന്ന ബ്രാൻഡുകളിൽ ട്വിറ്ററും മെറ്റയും; ഇതാണ് കാരണം...!

അമേരിക്കയിൽ ഏറ്റവും വെറുക്കപ്പെടുന്ന ബ്രാൻഡുകളിൽ മുൻപന്തിയിലെത്തിയിരിക്കുകയാണ് മാർക് സക്കർബർഗിന്റെ ‘മെറ്റയും ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററും. യുഎസിൽ ഏറ്റവും കൂടുതൽ യൂസർമാരുള്ള ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയാണ് മെറ്റ. ട്വിറ്ററും ഒട്ടും പിന്നിലല്ല. എന്നിട്ടും എങ്ങനെ രണ്ട് കമ്പനികളും വെറുക്കപ്പെട്ടവരുടെ ലിസ്റ്റിലെത്തി..?

യുഎസിലെ വെറുക്കപ്പെട്ട ബ്രാൻഡുകളെ വെളിപ്പെടുത്തുന്ന സർവേയെ കുറിച്ച് സിഎൻബിസി-യാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച് 13 മുതൽ 28 വരെ 16,310 അമേരിക്കക്കാരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രാൻഡുകളെ കണ്ടെത്തുന്നത്. ‘Axios Harris Poll 100’ എന്നാണ് സർവേയുടെ പേര്. യു.എസിലെ ജനങ്ങൾക്കിടയിൽ വിവിധ ബ്രാൻഡുകൾക്കുള്ള മതിപ്പിന്റെ റാങ്കിങ്ങാണിത്.

ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ട്വിറ്റർ യുഎസിൽ ഏറ്റവും വെറുക്കപ്പെടുന്ന നാലാമത്തെ ബ്രാൻഡാണെന്നാണ് സർവേ പറയുന്നത്. സക്കർബർഗിന്റെ മെറ്റ അഞ്ചാം സ്ഥാനത്തുണ്ട്. നിരോധനവുമായി ബന്ധപ്പെട്ട് യുഎസിൽ പ്രതിസന്ധി നേരിടുന്ന ജനപ്രിയ ഹൃസ്വ വിഡിയോ ആപ്പായ ടിക് ടോക്ക് ഏറ്റവും വെറുക്കപ്പെട്ട ഏഴാമത്തെ ബ്രാൻഡായി മാറി.

ട്വിറ്ററിനും മെറ്റയ്ക്കും "സംസ്‌കാരം", "എതിക്സ്" എന്നീ വിഭാഗങ്ങളിൽ മോശം സ്കോർ ലഭിച്ചതായി സർവേ കണ്ടെത്തി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനക്കാരെ മെറ്റയും ട്വിറ്ററും പുറത്താക്കിയ വർഷമായിരുന്നു 2022. യൂസർമാരുടെ വ്യക്തിഗത ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ മെറ്റ വീഴ്ച വരുത്തിയതും വലിയ വാർത്തയായി മാറിയിരുന്നു. അതേസമയം, ടിക് ടോകിന് "സ്വഭാവത്തിലും" "പൗരത്വത്തിലു"മാണ് മോശം സ്കോർ ലഭിച്ചത്.

ഏറ്റവും മതിപ്പുള്ളതും ഇല്ലാത്തതുമായ രണ്ട് വീതം ബ്രാൻഡുകളെ തെരഞ്ഞെടുക്കാനാണ് സർവേ ആവശ്യപ്പെട്ടത്. ശേഷം, ആളുകൾ തെരഞ്ഞെടുത്ത കമ്പനികൾ ഒരുമിച്ച് ലിസ്റ്റ് ചെയ്ത്, ഏറ്റവും അറിയപ്പെടുന്ന 100 ബ്രാൻഡുകളെ കണ്ടെത്തി. ആ 100 കമ്പനികളെ ആളുകൾ പത്ത് രീതിയിൽ റേറ്റ് ചെയ്യും. അങ്ങനെയാണ് ഏറ്റവും വെറുക്കപ്പെടുന്ന ബ്രാൻഡുകളെ കണ്ടെത്തുന്നത്. 

ഏറ്റവും വെറുക്കപ്പെട്ട ഏഴ് ബ്രാൻഡുകൾ:

  1. ദ ട്രംപ് ഓർഗനൈസേഷൻ
  2. FTX
  3. ഫോക്സ് കോർപ്പറേഷൻ
  4. ട്വിറ്റർ
  5. മെറ്റാ
  6. സ്പിരിറ്റ് എയർലൈൻസ്
  7. ടിക് ടോക്ക്
Tags:    
News Summary - most hated brands in America; twitter and meta in the list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.