മെറ്റയിൽ കൂട്ടപിരിച്ചുവിടൽ ഇന്നു മുതൽ; 3000 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ന്യൂയോർക്ക്: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയിൽ കൂട്ടപിരിച്ചുവിടൽ ഇന്നുമുതൽ. വിവിധ രാജ്യങ്ങളിലായി 3000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് കമ്പനിയുടെ വാദം. കൂടുതൽ മെഷീൻ ലേണിങ് എൻജിനീയർമാരെ നിയമിക്കുന്നതിന്‍റെ ഭാഗമായാണ് നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കുന്നത്. കഴിഞ്ഞവർഷം 10,000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ പിരിച്ചുവിടൽ. പ്രാദേശിക നിയന്ത്രണങ്ങൾ കാരണം ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിലെ ജീവനക്കാരെ നടപടി ബാധിക്കില്ല.

അതേസമയം, മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളിലെയും ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിടുന്നത്. മോശം പ്രകടനം നടത്തുന്ന കമ്പനിയിലെ അഞ്ചു ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞമാസമാണ് മെറ്റ അറിയിച്ചത്. ഇതുപ്രകാരം 3000ലധികം ജീവനക്കാർക്കാണ് ജോലി നഷ്ടമാകുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സി.ഇ.ഒ മാർക് സക്കർബർഗ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തന നിലവാരം ഉ‍യർത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും ശരാശരിക്കും താഴെയുള്ള ജീവനക്കാരെ ഉടൻ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിക്ക് 2025 വെല്ലുവിളി നിറഞ്ഞതാണെും അദ്ദേഹം കൂട്ടിച്ചേർത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കൂടുതൽ നിക്ഷേപം നടത്തുന്നതിന്‍റെ ഭാഗമായുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ജീവനക്കാരെ ഒഴിവാക്കുന്നത്.

Tags:    
News Summary - Meta to start laying off 3,000 employees today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.