റേ-ബാൻ ഗ്ലാസുമായി മെറ്റ ഇന്ത്യയിലേക്ക്; പ്രീബുക്കിങ് ആരംഭിച്ചു

ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയും പ്രമുഖ സ്പെക്സ് നിർമാതാക്കളായ റേ-ബാനും ചേർന്ന് പുറത്തിറക്കിയ റേ-ബാൻ മെറ്റാ ഗ്ലാസുകൾ ഇനി ഇന്ത്യൻ വിപണിയിലും. മെയ് 19 മുതൽ റേ-ബാൻ വെബ്ബ് സൈറ്റിലൂടെയും രാജ്യത്തെ പ്രമുഖ ഒപ്റ്റിക്കൽ, സൺഗ്ലാസ് സ്റ്റോറുകളിലൂടെയും ഗ്ലാസുകൾ വാങ്ങാൻ സാധിക്കും. മെറ്റയും റേ-ബാൻ ഗ്ലാസിന്റെ മാതൃകമ്പനിയായ എസ്സിലോർ ലക്‌സോട്ടിക്കയും ചേർന്നാണ് റേ-ബാൻ മെറ്റ ഗ്ലാസ് പുറത്തിറക്കുന്നത്.

12 എംപി അൾട്രാ വൈഡ് ക്യാമറയും അഞ്ച് മൈക്ക് സിസ്റ്റവും ഇതിലുണ്ട്. ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും എടുക്കാൻ കഴിയും. കൂടാതെ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് തൽക്ഷണം പങ്കിടാനും കഴിയും. രണ്ട് കാമറകളും ഓപ്പൺ ഇയർ സ്പീക്കറുകളും മൈക്രോഫോണും മെറ്റ ഗ്ലാസിൽ ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ AR1 Gen1 പ്രോസസർ ആണ് ഗ്ലാസിൽ ഉപയോഗിക്കുന്നത്.

പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയ്ക്കാണ് റേ-ബാൻ മെറ്റ ഗ്ലാസുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 29,900/ രൂപ മുതൽ ആണ് ഗ്ലാസിന്റെ വില. 'ഹേയ് മെറ്റ' എന്ന കമാന്‍ഡിലൂടെ ഗ്ലാസ് പ്രവർത്തിപ്പിക്കാന് സാധിക്കും. മുമ്പിൽ കാണുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും മ്യൂസിക്കോ പോഡ്കാസ്റ്റുകളോ കേൾക്കുന്നതിനോ ഈ ഗ്ലാസ് ഉപയോഗിക്കാം.

നിലവിൽ ഇംഗ്ലീഷ്, ഫ്രഞ്ച്. ഇറ്റാലിയൻ, സ്പാനീഷ് ഭാഷകളുടെ പാക്കുകൾ പ്രീ ഇൻസ്റ്റാളായി ഗ്ലാസിൽ സേവ് ചെയ്യാൻ സാധിക്കും. വിദേശരാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇഷ്ടപ്പെട്ട ഭാഷയിൽ അവർ പറയുന്നത് തത്സമയം കണ്ണടയിലൂടെ കേൾക്കാൻ സാധിക്കും. മെറ്റ എഐ ആപ്പുമായി എളുപ്പത്തിൽ റേ-ബാൻ മെറ്റ ഗ്ലാസുകൾ കണക്ട് ചെയ്യാൻ സാധിക്കും. ഇൻസ്റ്റാഗ്രാമിൽ നിന്ന് നേരിട്ട് സന്ദേശങ്ങൾ, ഫോട്ടോകൾ, ഓഡിയോ കോളുകൾ, വീഡിയോ കോളുകൾ എന്നിവ ഗ്ലാസുകളിൽ ഹാൻഡ്സ്-ഫ്രീ ആയി അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുമെന്നും മെറ്റ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു.

വാട്ട്സ്ആപ്പ്, മെസഞ്ചർ എന്നിവയിലൂടെ കോളുകൾ ചെയ്യാനും സന്ദേശങ്ങൾ അയയ്ക്കുന്നതിന് ഒപ്പം ഐഫോണിലോ ആൻഡ്രോയിഡ് ഫോണുകളിലോ ഉള്ള നേറ്റീവ് മെസേജിംഗ് ആപ്പും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കും. വിനോദത്തിനായി, യൂറോപ്യൻ യൂണിയൻ, ഏഷ്യ എന്നിവയുൾപ്പെടെ യുഎസിനും കാനഡയ്ക്കും പുറത്തേക്ക് റേ-ബാൻ സ്മാർട്ട് ഗ്ലാസുകളിൽ സ്‌പോട്ടിഫൈ, ആമസോൺ മ്യൂസിക്, ആപ്പിൾ മ്യൂസിക്, ഷാസം എന്നിവയുടെ ലഭ്യത മെറ്റാ ഉടൻ തന്നെ വിപുലീകരിക്കും.

Tags:    
News Summary - Meta launches Ray-Ban smart glasses in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.