യേശുക്രിസ്തുവിനും ട്വിറ്ററിൽ വെരിഫൈഡ് അക്കൗണ്ട്; ഇലോൺ മസ്കിന് 'താങ്ക്സ്' പറഞ്ഞ് ട്വീറ്റും

ട്വിറ്ററിന്റെ പുതിയ ഉടമയായ ഇലോൺ മസ്ക് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമിൽ ദിവസേനയെന്നോണം പുത്തൻ മാറ്റങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും വിവാദമായ മാറ്റം 'വെരിഫൈഡ് അക്കൗണ്ടുകളു'മായി ബന്ധപ്പെട്ടുള്ളതാണ്. അത്തരം അക്കൗണ്ടുകൾക്ക് നൽകിവന്നിരുന്ന 'ബ്ലൂ ടിക്' വെരിഫിക്കേഷന് ഇനിമുതൽ 7.99 ഡോളർ ഈടാക്കുമെന്ന് മസ്ക് അറിയിച്ചതോടെ, ട്വിറ്ററാട്ടികൾ വലിയ പ്രതിഷേധവുമായി എത്തുകയുണ്ടായി.

സെലിബ്രിറ്റികളും രാഷ്ട്രീയക്കാരുമടക്കമുള്ളവരുടെ ഒറിജിനൽ പ്രൊഫൈലുകൾക്ക് നൽകിവന്നിരുന്ന വെരിഫിക്കേഷൻ ബാഡ്ജ്, പണം മുടക്കിയാൽ എല്ലാവർക്കും ലഭിക്കുമെന്ന അവസ്ഥ വന്നതോടെ, ട്വിറ്ററിൽ ഇപ്പോൾ, വ്യാജന്മാരുടെ വിളയാട്ടമാണ്.

ട്വിറ്ററിൽ അധിക ഫീച്ചറുകൾ നൽകുന്ന 'ട്വിറ്റർ ബ്ലൂ' എന്ന സബ്സ്ക്രിപ്ഷൻ പ്ലാൻ എടുത്ത പ്രൊഫൈലുകൾക്കെല്ലാം നിലവിൽ 'ബ്ലൂ ടിക്' നൽകുന്നുണ്ട്. പണമടച്ചുള്ള ബ്ലൂ ടിക്ക് ആളുകൾക്ക് ലഭ്യമാക്കിയ ഉടനെ വിദഗ്ധർ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. ഒരു നിശ്ചിത ഫീസ് ഈടാക്കി 'ചെക്ക്മാർക്ക്' ആർക്കും ലഭ്യമാക്കുന്നത് ആൾമാറാട്ടത്തിനും തെറ്റായ വിവരങ്ങളുടെയും തട്ടിപ്പുകളുടെയും വ്യാപനത്തിനും ഇടയാക്കുമെന്നാണ് അവർ പറഞ്ഞത്. എന്നാൽ, അത് തന്നെ സംഭവിച്ചു.

പുതിയ 'ട്വിറ്റർ ബ്ലൂ' ഫീച്ചർ കാരണം, യേശുക്രിസ്തുവിനും ട്വിറ്ററിൽ വെരിഫൈഡ് അക്കൗണ്ട് ലഭിച്ചു. അതെ, വെരിഫിക്കേഷൻ ബാഡ്ജായ ബ്ലൂ ടിക്കുമായി 'ജീസസ് ക്രൈസ്റ്റ്' എന്ന പ്രൊഫൈൽ ട്വീറ്റുകൾ ഇട്ടത് ട്വിറ്ററാട്ടികളെയാകെ അമ്പരപ്പിച്ചു. ഏതോ വിരുതൻ തമാശക്ക് തുടങ്ങിയ പ്രൊഫൈലിന് ഏഴ് ലക്ഷത്തിലേറെ പിന്തുടർച്ചക്കാരുമുണ്ട്. ജീസസ് ക്രൈസ്റ്റിന്റെ വെരിഫൈഡ് അക്കൗണ്ട് ഇടുന്ന ട്വീറ്റുകൾക്ക് ആയിരക്കണഡക്കിന് ആളുകളാണ് മറുപടികളുമായി എത്തുന്നത്.

ട്വിറ്റർ ബ്ലൂ ഫീച്ചർ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ, പ്ലാറ്റ്ഫോമിൽ നിന്ന് വിലക്കപ്പെട്ട മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാജ അക്കൗണ്ടുകൾ ബ്ലൂ വെരിഫിക്കേഷൻ ടിക്കുമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയതും വിവാദമായി. ഗെയിമിങ് കഥാപാത്രമായ സൂപ്പർ മാരിയോയുടെ പേരിൽ തുടങ്ങിയ അക്കൗണ്ടും ബ്ലൂ ടിക്ക് സ്വന്തമാക്കി. ഇലോൺ മസ്കിന്റെ പേരിലും വ്യാജ അക്കൗണ്ട് നിർമിച്ച് ചിലർ രംഗത്തുവന്നിരുന്നു.

വ്യാജ അക്കൗണ്ടുകളും ബോട്ടുകളും കാരണം ട്വിറ്റർ ഏറ്റെടുക്കുന്നതിൽ നിന്ന് പിൻവലിഞ്ഞ ആളാണ് ഇലോൺ മസ്ക്. എന്നാൽ, ട്വിറ്ററിപ്പോൾ ബ്ലൂ ടിക്ക് മാർക്കുള്ള വ്യാജ അക്കൗണ്ടുകളാൽ നിറയുന്ന അവസ്ഥയാണ്. പ്രമുഖ ബ്രാൻഡുകളെയും ലോകപ്രശസ്ത സെലിബ്രിറ്റികളെയും എന്തിന്, സാക്ഷാൽ യേശുക്രിസ്തുവിനെ പോലും വ്യാജന്മാർ വെറുതെ വിടുന്നില്ല.


​വിവാദങ്ങൾക്കുള്ള മറുപടിയായി ട്വിറ്റർ ഇപ്പോൾ ബ്ലൂ ടിക്കിന് പുറമേ, വെരിഫൈഡ് പ്രൊഫൈലുകൾക്ക് 'ഒഫീഷ്യൽ' എന്ന അധിക ലേബൽ നൽകുന്നുണ്ട്. എന്നാൽ, വ്യാജന്മാരുടെ വിളയാട്ടം അവസാനിപ്പിക്കാൻ അതൊന്നും പോര എന്നാണ് ട്വിറ്ററാട്ടികൾ പറയുന്നത്.

"ദയവായി ശ്രദ്ധിക്കുക,വരും മാസങ്ങളിൽ ട്വിറ്റർ ധാരാളം മണ്ടത്തരങ്ങൾ ചെയ്യും. അതിൽ മികച്ചവ നിലനിർത്തുകയും ചെയ്യാത്തത് ഒഴിവാക്കുകയും ചെയ്യും.". - ട്വിറ്ററിൽ നിരന്തരമായി വരുത്തുന്ന മാറ്റങ്ങളെ ന്യായീകരിച്ചുകൊണ്ട് ഇലോൺ മസ്ക് കഴിഞ്ഞ ദിവസമിട്ട ട്വീറ്റ് ഇങ്ങനെയായിരുന്നു.


Tags:    
News Summary - Jesus Christ gets verified Twitter account. Thanks to Elon Musk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.