മൊബൈൽ റീച്ചാർജുകളുടെ റേറ്റ് കൂടുന്നതല്ലാതെ ഡാറ്റയിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരാറില്ലല്ലേ. റീചാർജ് ചെയ്ത പാക്കേജിലെ ഡാറ്റ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ തീർന്നു പോകുന്നുണ്ടോ? നിങ്ങളുടെ ഫോണിലെ ആപ്പുകൾ തന്നെയാണ് ഇന്‍റർനെറ്റ് പെട്ടെന്നു തീർന്നു പോകാനുള്ള കാരണം. പക്ഷേ, ഡാറ്റ തീരുമെന്ന് കരുതി ഫോൺ ഉപയോഗിക്കാതിരിക്കാൻ കഴിയില്ലല്ലോ. എന്നാൽ ഡാറ്റയെ സ്മാർട്ടായി വിനിയോഗിക്കാനാകും. അതിന് ഏതൊക്കെ ആപ്പുകൾ എത്ര അളവിലാണ് നിങ്ങളുടെ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നതെന്ന് അറിയണം.
ഓരോ ആപ്പും വ്യത്യസ്ത അളവിലാണ് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നത്. കൂടുതൽ ഡാറ്റ വേണ്ടിവരുന്നത് വിഡിയോ സ്ട്രീമിങ്ങ് ആപ്പുകൾക്കും സമൂഹമാധ്യമ ആപ്പുകൾക്കുമാണ്. ജനപ്രിയ ആപ്പുകളിലെ ഡാറ്റ വിനിയോഗം അറിയാം;
യൂട്യൂബിലെ ഡാറ്റ വിനിയോഗം നമ്മൾ കാണുന്ന വിഡിയോയുടെ ഗുണനിലവാരത്തെ ആശ്രയിച്ചാണുള്ളത്. 360pയിൽ 0.5 GB, 720pയിൽ 2 GB, 1080pയിൽ 3 GB എന്നിങ്ങനെയാണ് മണിക്കൂറിൽ ഒരു വിഡിയോ കാണാൻ യൂട്യൂബിൽ വേണ്ട ഡാറ്റ. ഇനി 4k UHD നിലവാരത്തിലാണ് വിഡിയോ കാണുന്നതെങ്കിൽ 15 GBയോ അതിൽ കൂടുതലോ ഡാറ്റ ഉപയോഗിക്കപ്പെടും. ഓട്ടോ മോഡ് ഓപ്ഷൻ ഓൺ ചെയ്തിട്ടുണ്ടെങ്കിൽ ഇന്‍റർനെറ്റ് സ്പീടിനനുസരിച്ച് ഡാറ്റയുടെ ഉപയോഗം വ്യത്യാസപ്പെട്ടിരിക്കും.
പരസ്യങ്ങളില്ലാതെ പൂർണമായും ഉപഭോക്താവിന് വിഡിയോകൾ കാണാൻ നെറ്റ്ഫ്ലിക്സിലൂടെ കഴിയും. ഉയർന്ന ഗുണനിലവാരത്തിൽ വീഡിയോകൾ കാണുമ്പോൾ പക്ഷേ സൂക്ഷിക്കണം. കാരണം നെറ്റ്ഫ്ലിക്സ് നിങ്ങളുടെ ഡാറ്റ വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. വിഡിയോ ക്വോളിറ്റി കുറച്ചാൽ മണിക്കൂറിൽ 300MBയും ഇനി SDനിലവാരത്തിലാക്കിയാൽ 700MBയും HDമികവിൽ 3GBയും അൾട്ര എച്ച്ഡിയിൽ 7GBവരെയുമാണ് നെറ്റ്ഫ്ലിക്സിലൂടെ ഡ്രെയിനാകുന്ന ഡാറ്റയുടെ അളവ്.
സ്‌പോട്ടിഫൈ പോലെയുള്ള മ്യൂസിക് ആപ്പുകൾ കുറച്ച് ഡാറ്റ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
ഗെയിമിങ് ആപ്പുകൾ ഗെയിം കളിക്കുമ്പോൾ മാത്രമല്ല ഡാറ്റ ഉപയോഗിക്കുന്നത്. അവ പലപ്പോഴും പാച്ചുകൾ, വോയ്‌സ് ചാറ്റ്, ഗ്രാഫിക്സ് അപ്‌ഡേറ്റുകൾ എന്നിവ ഡൗൺലോഡ് ചെയ്യാറുണ്ട്. ഗെയിം കളിക്കുമ്പോൾ 60MB മുതൽ 150MB വരെയും അപ്‌ഡേറ്റുകളും പാച്ചുകളും ചെയ്യുമ്പോൾ 100MB മുതൽ 1GB വീതം വരെയും ഡാറ്റ ഉപയോഗിക്കാറുണ്ട്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പോലെയുള്ള സമൂഹമാധ്യമ ആപ്പുകൾ തുടർച്ചയായി റീലുകളും വിഡിയോകളും കാണുമ്പോൾ വലിയ തോതിൽ ഡാറ്റ ഉപയോഗിക്കുന്നു. ഫേസ്ബുക്കിൽ പോസ്റ്റുകൾ കാണാൻ മണിക്കൂറിൽ 100 MBയും വിഡിയോ കാണാൻ 500MBയും ഉപയോഗിക്കപ്പെടുന്നു. ഇൻസ്റ്റയാവട്ടെ മണിക്കൂറിൽ 720MBയാണ് ഉപയോഗിക്കുന്നത്.
വിഡിയോകൾ കാണുമ്പോൾ ഏറ്ഫവും കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നത് യൂട്യൂബ് ആണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളാണ് തൊട്ടുപിറകിൽ. സമൂഹമാധ്യമ പ്ലാറ്റ്പോമുകളിൽ ഇൻസ്റ്റഗ്രാമാണ് ഏറ്റവും കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നതിൽ മുമ്പിൽ നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.