ഇന്ത്യ- പാകിസ്താൻ സംഘർഷം; അടിയന്തര പ്രോട്ടോക്കോളുകൾ നടപ്പിലാക്കാനൊരുങ്ങി ഇന്ത്യൻ ടെലികോം കമ്പനികൾ

ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തര പ്രോട്ടോക്കോളുകൾ പുറത്തിറക്കി ഇന്ത്യൻ ടെലികോം കമ്പനികൾ. ജിയോ, എയർടെൽ, ബി.എസ്.എൻ.എൽ, വി.ഐ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് അടിയന്തര പ്രോട്ടോക്കോളുകൾ പുറത്തിറക്കുന്നത്. സംസ്ഥാന, ജില്ലാ തലങ്ങളിലെ അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ (ഇ.ഒ.സി)ക്കായാണ് ഇവ എന്നാണ് റിപ്പോർട്ടുകൾ.

അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 100 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബേസ് ട്രാൻസ്‌സിവർ സ്റ്റേഷൻ (ബി.ടി.എസ്) സൈറ്റുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം ദുരന്തനിവാരണ വകുപ്പ് എടുത്തുകാണിച്ചതിനെ തുടർന്നാണ് ഈ നീക്കം.

മെയ് ഏഴിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡി.ഒ.ടി) ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർക്ക് 2020 ൽ സ്ഥാപിതമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്.ഒ.പി) കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിർദേശം നൽകിയിരുന്നു. ഈ നടപടികൾ ഉടനടി പാലിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ടെലികോം കമ്പനികളോട് നിർദേശത്തിൽ മന്ത്രാലയം ആവശ്യപ്പെട്ടു.

ഡീസൽ ജനറേറ്ററുകൾക്ക് ആവശ്യമായ ഡീസൽ കരുതൽ ശേഖരം നിലനിർത്താനും ടെലികോം ഇൻഫ്രാസ്ട്രക്ചറിന് തുടർച്ചയായ വൈദ്യുതി വിതരണം ഉറപ്പാക്കാനും സർക്കാർ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ടെലികോം സേവനങ്ങൾ വേഗത്തിൽ പുന:സ്ഥാപിക്കുന്നതിന് നിർണായക സ്പെയർ പാർട്‌സുകളുള്ള റിപ്പയർ ക്രൂ ഉൾപ്പെടെയുള്ള റിസർവ് ടീമുകളെ തന്ത്രപരമായി വിന്യസിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾ പാലിച്ച് ഐ.സി.ആർ സജീവമാക്കുന്നതിനായി ഓപ്പറേറ്റർമാരോട് അവരുടെ ഇൻട്രാ-സർക്കിൾ റോമിംഗ് (ഐ.സി.ആർ) സേവനങ്ങൾ പരീക്ഷിക്കാനും ദുരന്തനിവാരണ ഡെപ്യൂട്ടി ഡയറക്ടർ ജനറലിന് അഭ്യർത്ഥനകൾ സമർപ്പിക്കാനും ഡി.ഒ.ടി നിർദ്ദേശിച്ചു.

Tags:    
News Summary - indian telecom companies begin implementing emergency protocols amid India Pakistan tension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.