ഐഫോൺ കയറ്റുമതിയിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്

ന്യൂഡൽഹി: യു.എസിലേക്കുള്ള ഐഫോൺ കയറ്റുമതിയിൽ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. ഏപ്രിലിൽ മാത്രം മൂന്ന് ദശലക്ഷത്തോളം ഐഫോണുകൾ യു.എസിലേക്ക് കയറ്റി അയച്ചതായി മാർക്കറ്റ് ഗവേഷണ സംരംഭമായ ഒംഡിയയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതേകാലയളവിൽ ചൈനയിൽനിന്നുള്ള കയറ്റുമതി 76 ശതമാനം കുറഞ്ഞ്, ഒമ്പത് ലക്ഷം യൂണിറ്റുകളാണ് അയച്ചത്.

ഇറക്കുമതി ചെയ്യുന്ന ഐഫോണുകൾക്ക് ട്രംപ് ഭരണകൂടം 25 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനിടെയാണ് ഇന്ത്യയിൽനിന്ന് കയറ്റുമതി കൂടിയതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിർമാണ പ്ലാന്‍റുകൾ ഒരുക്കുന്നത് നിർത്തണമെന്നും ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും ആപ്പിൾ സി.ഇ.ഒ ടിം കുക്കിനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. താരിഫ് പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് സ്റ്റോക്ക് കൂട്ടാനായാണ് യു.എസിലേക്ക് കൂടുതൽ കയറ്റി അയച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആപ്പിൾ പ്രതിവർഷം 22 കോടിയിലേറെ ഐഫോണുകളാണ് ലോകത്താകമാനം വിറ്റഴിക്കുന്നത്. യു.എസ്, ചൈന, യൂറോപ് എന്നിവയാണ് പ്രധാന വിപണികൾ. യു.എസിൽ നിർമിക്കുന്ന ഐഫോണുകൾക്ക് ശരാശരി 3500 ഡോളറാണ് വില. ഇന്ത്യൻ രൂപ മൂന്ന് ലക്ഷത്തിനരികെ വരുമിത്. ഇതോടെയാണ് ആപ്പിൾ ചൈനയിലും ഇന്ത്യയിലും നിർമാണ പ്ലാന്‍റുകൾ ആരംഭിച്ചത്. അസംസ്കൃത വസ്തുക്കൾക്കും ജോലിക്കാർക്കുള്ള വേതനത്തിലും ചെലവ് കുറവായതാണ് ഈ രാജ്യങ്ങളിലേക്ക് ആപ്പിളിനെ ആകർഷിക്കുന്നത്. 

Tags:    
News Summary - India Surpasses China, Becomes Largest iPhone Exporter To US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.