Image: JerryRigEverything

ഇനി ഫോൺ സ്വയം റിപ്പയർ ചെയ്യാം; പുതിയ നിയമത്തിനായി ശ്രമം തുടങ്ങി രാജ്യം

മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, കൺസ്യൂമർ ഡ്യൂറബിൾസ്, വാഹനങ്ങളും അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ റിപ്പയർ ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന 'റൈറ്റ് ടു റിപ്പയർ ചട്ടക്കൂട്' അവതരിപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. ഒരേസമയം പരിസ്ഥിതിക്ക് ദോഷം ചെയ്യാതിരിക്കലും ആളുകളെ സ്വയം പര്യാപ്തമാക്കലുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഗാഡ്ജറ്റുകളും മറ്റും സ്വയം റിപ്പയർ ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയുള്ള ചട്ടക്കൂട് അവതരിപ്പിക്കുന്നതിനുള്ള ചർച്ച ജൂലൈ 13ന് നടന്നു. ഇന്ത്യയിലെ ഉപഭോക്തൃകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായ നിധി ഖാരെ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ DoCA, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ഉപഭോക്തൃ പ്രവർത്തകർ & ഉപഭോക്തൃ സംഘടനകൾ എന്നിവരും പങ്കെടുത്തു.

ആളുകൾ വാങ്ങുന്ന ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ നന്നാക്കാൻ കമ്പനികൾ ഒരു മാന്വൽ നൽകുന്നില്ല എന്ന പ്രധാന പ്രശ്നത്തെക്കുറിച്ച് യോഗം സംസാരിച്ചു. ആളുകളെ പുതിയ ഉല്ലപ്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്നതിനായി ദീർഘകാലം നിലനിൽക്കാത്ത ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതടക്കമുള്ള ആസൂത്രിതമായ പല പ്രവർത്തനങ്ങളും കമ്പനികൾ ചെയ്തുവരുന്നതായി യോഗത്തിൽ ചർച്ച വന്നു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ചിലവ് വരുത്തുക മാത്രമല്ല, ഇ-മാലിന്യത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

"ഇന്ത്യയിൽ റിപ്പയർ ചെയ്യാനുള്ള അവകാശത്തെക്കുറിച്ചുള്ള ഒരു ചട്ടക്കൂട് വികസിപ്പിക്കുന്നതിന്റെ ലക്ഷ്യം പ്രാദേശിക വിപണിയിൽ ഉപഭോക്താക്കളെയും ഉൽപ്പന്നം വാങ്ങുന്നവരെയും ശാക്തീകരിക്കുക എന്നതാണ്. അതോടൊപ്പം, ഉപകരണ നിർമ്മാതാക്കളും മൂന്നാം കക്ഷി വിൽപ്പനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള വ്യാപാരം ഏകോപിപ്പിക്കുക, ഉൽപ്പന്നങ്ങളുടെ സുസ്ഥിര ഉപഭോഗം വികസിപ്പിക്കുന്നതിനും ഇ-മാലിന്യങ്ങൾ കുറയ്ക്കുന്നതിനും ഊന്നൽ നൽകുക എന്നിവയ്ക്ക് കൂടിയാണെന്നും ഉപഭോക്തൃകാര്യ വകുപ്പ് പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

എല്ലാത്തിനും പുറമേ, ആവശ്യമുള്ളപ്പോൾ സാമ്പത്തിക ചിലവില്ലാതെ ഉൽപ്പന്നങ്ങൾ നന്നാക്കാൻ പുതിയ നിയമം ആളുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകും. കേന്ദ്ര സർക്കാർ അടുത്തിടെ തുടക്കമിട്ട ലൈഫ് മൂവ്മെന്റ് (പരിസ്ഥിതിയോട് ഇണങ്ങിച്ചേർന്നുള്ള ജീവിതശൈലി) എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നിർദ്ദിഷ്ട ചട്ടക്കൂട്. വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങൾ പുനരുപയോഗിക്കാനും റീസൈക്കിൾ ചെയ്യാനും ഇത് പ്രോത്സാഹിപ്പിക്കുന്നു.

യു.എസ്.എ, യു.കെ, യൂറോപ്യൻ യൂനിയൻ എന്നിവർ 'റൈറ്റ് ടു റിപ്പയർ' നിയമം അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയും അതിനായി ശ്രമം തുടങ്ങിയത്.  ഈ നിയമം വന്നതോടെ അമേരിക്കയിലെയും മറ്റും ആപ്പിൾ, സാംസങ് തുടങ്ങിയ ബ്രാൻഡുകളുടെ ഉപഭോക്താക്കൾക്ക് അവരുടെ ഉപകരണങ്ങൾ ന്യായമായ വിലയിൽ വീട്ടിലിരുന്ന് എളുപ്പത്തിൽ റിപ്പയർ ചെയ്യാനുള്ള അവകാശം ലഭിച്ചു. 

Tags:    
News Summary - India Seeks a Right to Repair Law for Phones Tablets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.