ആപ്പുകൾ വഴി ലോൺ നൽകി തട്ടിപ്പ്​; പ്ലേസ്​റ്റോറിൽ ശുദ്ധികലശം നടത്തിയെന്ന്​ ഗൂഗ്​ൾ

അമിത പലിശയീടാക്കി ആപ്പുകൾ വഴി ലോൺ നൽകി കോടികളുടെ​ തട്ടിപ്പ്​ നടത്തുന്ന സംഘങ്ങൾ പിടിയിലായതോടെ രാജ്യത്തെ ഉപയോക്​താക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്​തമായ നീക്കവുമായി ടെക് ഭീമൻ ഗൂഗ്​ൾ. ഇന്ത്യയിലെ നൂറുകണക്കിന് പേഴ്സണൽ ലോൺ ആപ്ലിക്കേഷനുകൾ അവലോകനം ചെയ്തതായും ഉപയോക്തൃ സുരക്ഷാ നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയവരെ അപ്പോൾ തന്നെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതായും ഗൂഗിൾ അറിയിച്ചു. ഉപയോക്താക്കളും സർക്കാർ ഏജൻസികളും ചില ആപ്പുകൾ റിപ്പോർട്ട്​ ചെയ്​ത അടിസ്ഥാനത്തിലാണ് നടപടിയെന്ന്​ ജനുവരി 14 ന് പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റിൽ കമ്പനി വ്യക്തമാക്കി.

നിലവിലുള്ള മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കാൻ പ്ലേസ്​റ്റോറിൽ അവശേഷിക്കുന്ന ലോൺ ആപ്ലിക്കേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗൂഗ്​ൾ ബ്ലോഗ്​ പോസ്റ്റിൽ പറഞ്ഞു. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുന്നത് പ്ലേ സ്റ്റോറിൽ നിന്ന് എന്നെന്നേക്കുമായി നീക്കംചെയ്യുന്നതിന് ഇടയാക്കുമെന്നും കമ്പനി മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. അതോടൊപ്പം ഇൻസ്റ്റൻറ്​ വായ്പാ തട്ടിപ്പുകൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിൽ അന്വേഷണ ഏജൻസികളെ സഹായിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി.

35 ശതമാനം വരെ പലിശയീടാക്കിയിരുന്ന വിവിധ ആപ്പുകൾ വഴി രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് പേരാണ് വായ്പയെടുത്തത്. തിരിച്ചടവ് മുടക്കിയവരെ കമ്പനി അധികൃതർ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതായി പരാതികൾ വന്നിരുന്നു. സ്വകാര്യ വിവരങ്ങളുപയോഗിച്ച് ഇടപാടുകാരെ അപകീർത്തി പെടുത്തിയതിനെ തുടർന്ന് 4 പേർ ആത്മഹത്യ ചെയ്തതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ നാല് ചൈനീസ് പൗരന്മാരടക്കം 31 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

രാജ്യമെമ്പാടും ഇത്​ ചർച്ചയായതോടെ ഇൻസ്റ്റൻറ്​ വായ്പ ആപ്ലിക്കേഷനുകൾക്ക് ഗൂഗിൾ ചില മാർഗ്ഗനിർദേശങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്​. പ്രവർത്തിക്കാനുള്ള ലൈസൻസി​െൻറ തെളിവ്, പ്രാദേശിക നിയമങ്ങൾ പാലിക്കുന്നുണ്ടെന്നതി​െൻറ തെളിവ്, പലിശനിരക്ക് വെളിപ്പെടുത്തൽ, തിരിച്ചടവി​െൻറ ഏറ്റവും കുറഞ്ഞതും കൂടിയതുമായ കാലയളവ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

60 ദിവസത്തിൽ താഴെ വായ്പ വാഗ്ദാനം ചെയ്യുന്ന ഒരു ആപ്പിനെയും തങ്ങൾ അനുവദിക്കില്ലെന്ന്​ ഗൂഗിൾ ഇതോടെ അറിയിച്ചിട്ടുണ്ട്. "ഫീച്ചറുകൾ, ഫീസ്, അപകടസാധ്യതകൾ, വ്യക്തിഗത വായ്പകളുടെ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുടെ സുതാര്യത ആളുകളെ അവരുടെ സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കാൻ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതുവഴി വഞ്ചനാപരമായ സാമ്പത്തിക ഉൽ‌പ്പന്നങ്ങൾക്കും സേവനങ്ങൾക്കും വിധേയമാകാനുള്ള സാധ്യത കുറയ്ക്കും," -ഗൂഗ്​ൾ അധികൃതർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Google India removes money lending apps violating user policies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.