‘ഫലസ്തീനിലെ ജനങ്ങളെ കുറിച്ച് മിണ്ടുന്നില്ലേ’, വിവാദങ്ങൾക്ക് പിന്നാലെ പുതിയ ഇമെയിലുമായി ഗൂഗിൾ സി.ഇ.ഒ

ഒരാഴ്ചയിലേറെയായി സമ്പൂർണ ഉപരോധത്തിൽ കഴിയുന്ന ഗസ്സക്ക് നേരെ കഴിഞ്ഞ 11 ദിവസമായി വ്യാപക വ്യോമാക്രമണം നടത്തുകയാണ് ഇസ്രായേൽ. ആയിരക്കണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. ആക്രമണത്തിൽ പരിക്കേറ്റ നിരവധി പേർ ചികിത്സ തേടിയെത്തിയ അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിയിലും സയണിസ്റ്റ് ബോംബുകൾ പതിച്ചതോടെ, അവിടെ കത്തിച്ചാമ്പലായത് 500-ലേറെ ജീവനുകൾ. നിരപരാധികളായ ഫലസ്തീനികൾ കൊല്ലപ്പെടുമ്പോഴും ലോക നേതാക്കളും മെറ്റ, ഗൂഗിൾ അടക്കമുള്ള ടെക് ഭീമൻമാരും ഇസ്രായേലിന് പിന്തുണയറിയിക്കുന്ന തിരക്കിലാണ്.

ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ ആപ്പുകളുടെ മാതൃ കമ്പനിയായ മെറ്റയുടെ സി.ഇ.ഒ മാർക് സക്കർബർഗ്, ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയും ഇസ്രയേലും അവിടുത്തെ ജനതയും നേരിട്ട ‘ഭീകരാക്രമണത്തെ’ അപലപിച്ചു. എന്നാൽ ഗാസയിൽ കൊല്ലപ്പെട്ട നിരപരാധികളായ ഫലസ്തീനികളുടെ ദുരവസ്ഥയെക്കുറിച്ച് ഒന്നും മിണ്ടാത്തതിന്റെ പേരിൽ ഇരുവരും വിമർശനം ഏറ്റുവാങ്ങുകയുണ്ടായി.

ഗൂഗിളിന്റെ ഇസ്രായേൽ ഓഫീസിലെ 2000-ത്തോളം ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയറിയിച്ചുകൊണ്ടായിരുന്നു സുന്ദർ പിച്ചൈ ആദ്യം രംഗത്തുവന്നത്. ജീവനക്കാർക്ക് അയച്ച ഇ-മെയിലിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ‘‘ഈ വാരാന്ത്യത്തിൽ ഇസ്രായേലിൽ നടന്ന ഭീകരാക്രമണങ്ങളിലും രൂക്ഷമാകുന്ന സംഘർഷങ്ങളിലും അഗാധമായ ദുഃഖമുണ്ട്. ഗൂഗിളിന് ഇസ്രായേലിൽ രണ്ട് ഓഫീസുകളിലായി 2,000-ത്തിലധികം ജീവനക്കാരുണ്ട്. അവർ അനുഭവിക്കുന്നത് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ശനിയാഴ്ച മുതൽ ഞങ്ങളുടെ അടിയന്തര ശ്രദ്ധ ജീവനക്കാരുടെ സുരക്ഷയിലാണ്. എല്ലാ പ്രാദേശിക ജീവനക്കാരുമായും ബന്ധപ്പെട്ടു, അവരെ പിന്തുണയ്ക്കുന്നത് തുടരും. - സുന്ദർ പിച്ചൈ കുറിച്ചു.

പിന്നാലെ, ജൂതവിരുദ്ധതയുമായി(antisemitism) ബന്ധപ്പെട്ട സമൂഹ മാധ്യമ പോസ്റ്റും അദ്ദേഹം പങ്കുവെച്ചു. ‘ഈ ഭയാനകമായ നിമിഷത്തിൽ യഹൂദവിരുദ്ധതയ്‌ക്കെതിരെ ശബ്ദിക്കേണ്ടതും നിലകൊള്ളേണ്ടതും പ്രധാനമാണ്. അത് ഒരിക്കലും സ്വീകാര്യമല്ല. ഈ ചരിത്രപരമായ തിന്മയെ അപലപിക്കാനും അവബോധം വളർത്താനുമുള്ള ഈ പ്രതിബദ്ധതയിൽ ഒപ്പിടുന്നതിൽ അഭിമാനിക്കുന്നു’. - ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

എന്നാൽ, ഫലസ്തീനെ കുറിച്ചോ, ഫലസ്തീനിൽ നിന്നുള്ള ഗൂഗിളിന്റെ ജീവനക്കാരെ കുറിച്ചോ സി.ഇ.ഒ ഒരുവാക്ക് പോലും പറയാതിരുന്നതിനെതിരെ പലരും രംഗത്തുവരികയുണ്ടായി. "എന്റെ മുൻ തൊഴിൽദാതാവായ ഗൂഗിളിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ കഴിഞ്ഞ ആഴ്‌ച ഫലസ്തീനിലെ സംഭവങ്ങളെക്കുറിച്ച് രണ്ടുതവണ പോസ്റ്റുകൾ പങ്കുവെച്ചു. ആദ്യം ഗൂഗിൾ ഇസ്രായേൽ ഓഫീസുകളിലെ ഇസ്രായേലി തൊഴിലാളികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. രണ്ടാമത്തേത് യഹൂദവിരുദ്ധതക്കെതിരായുള്ള പോസ്റ്റും. എന്നാൽ ഫലസ്തീനികളെക്കുറിച്ചോ ഫലസ്തീനിയൻ ഗൂഗിൾ ജീവനക്കാരെക്കുറിച്ചോ ഒരു വാക്കുമില്ല, "ആൻറിസെമിറ്റിസത്തിനെതിരായ സുന്ദർ പിച്ചൈയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഏരിയൽ കോറൻ എന്ന മുൻ ഗൂഗിൾ ജീവനക്കാരി X-ൽ പോസ്റ്റ് ചെയ്തു.

ഗൂഗിളിലെ ആയിരക്കണക്കിന് ജീവനക്കാർ #NoTechforApartheid എന്ന മുദ്രാവാക്യത്തോടെ ഇസ്രായേൽ സൈന്യത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിക്കുന്നത് നിർത്താൻ ഗൂഗിളിനോട് ആവശ്യപ്പെട്ടപ്പോൾ ‘സുന്ദർ’ ഒന്നും പറഞ്ഞില്ല. ഒരാഴ്‌ചയ്‌ക്കുള്ളിൽ സൈന്യം 2,000-ലധികം ഗാസക്കാരെ കൊല്ലുകയും ഒരു ദശലക്ഷം ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും അല്ലെങ്കിൽ മരണം വരിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും നിങ്ങൾകൊന്നും പറയാനില്ലേ..? എന്നും അവർ ചോദിച്ചു.




 ഏരിയൽ കോറന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും എക്‌സിന്റെ 4 ലക്ഷത്തിലധികം കാഴ്‌ചക്കാരെ നേടുകയും ചെയ്തിട്ടുണ്ട്. പലരും അവരുടെ പോസ്റ്റിനെ അനുകൂലിച്ച് രംഗത്തുവരുന്നുണ്ട്. എന്നാൽ, കടുത്ത വിമർശനം ഉയർന്നതോടെ, ജീവനക്കാർക്കായി രണ്ടാമതൊരു ‘ഇന്റേണൽ ഇ-മെയിലു’മായി ഗൂഗിൾ സി.ഇ.ഒ എത്തി.

പുതിയ ഇ-മെയിലിൽ, രണ്ട് പ്രത്യേക പാരഗ്രാഫുകളിലായി ഗൂഗിളിലെ ജൂത ജീവനക്കാർക്കും ഫലസ്തീനിയൻ, അറബ്, മുസ്‍ലിം ജീവനക്കാർക്കുമുള്ള പിന്തുണയും അവരുടെ സുരക്ഷയിലുള്ള ആശങ്കയും അറിയിച്ച് സുന്ദർ പിച്ചൈ രംഗത്തുവന്നിട്ടുണ്ട്.

“ഇസ്രായേലിലെ ഗൂഗിളർമാർ ഇപ്പോഴും സുരക്ഷിതമായ ഇടങ്ങളിൽ അഭയം പ്രാപിക്കുന്നു. ഞങ്ങളുടെ ടെൽ അവീവ്, ഹൈഫ ഓഫീസുകളിൽ ഷെൽട്ടറുകൾ ഉണ്ട്, അവ ആവശ്യമുള്ള ഗൂഗിളർമാർക്കായി തുറന്നിരിക്കുന്നു,” -പിച്ചൈ അറിയിച്ചു. " ഇസ്‌ലാമോഫോബിയയുടെ വർധനവ് തങ്ങളുടെ ഫലസ്തീൻ, അറബ്, മുസ്‍ലിം ജീവനക്കാരെ ആഴത്തിൽ ബാധിക്കുന്ന"തായും യുദ്ധത്തിനും മാനുഷിക പ്രതിസന്ധിക്കും ഇടയിൽ ഗാസയിലെ ഫലസ്തീൻ പൗരന്മാർക്ക് കടുത്ത നാശനഷ്ടവും ജീവഹാനിയും നേരിടേണ്ടിവരുന്നത് ഭയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം ഇ-മെയിലിൽ കുറിച്ചു. ഇസ്രായേലിലും ഗാസയിലും ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന നോൺ-പ്രൊഫിറ്റ് സ്ഥാപനങ്ങൾക്ക് കമ്പനി 8 മില്യൺ ഡോളർ ഗ്രാന്റായി നൽകുന്നതായും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Google CEO Sundar Pichai Addresses Concerns Over Silence on Palestine with New Email

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.