ട്വിറ്ററിന് മുട്ടൻ പണിയുമായി 'സ്പിൽ' വരുന്നു; നേതൃത്വം നൽകുന്നത് പിരിച്ചുവിട്ട ജീവനക്കാർ

ടെസ്‍ല തലവനും ലോക കോടീശ്വരനുമായ ഇലോൺ മസ്ക് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ ഏറ്റെടുത്തതോടെ പ്ലാറ്റ്‌ഫോമിൽ നിരവധി പരിഷ്കാരങ്ങളാണ് വരുത്തിയത്. ട്രംപ് അടക്കമുള്ള തീവ്ര വലതുപക്ഷ നിലപാടുകാരുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചതും എട്ട് ഡോളർ സബ്സ്ക്രിപ്ഷൻ ചാർജ് നൽകിയുള്ള ട്വിറ്റർ ബ്ലൂവുമൊക്കെ വലിയ വിവാദമായ മാറ്റങ്ങളായിരുന്നു.

എന്നാൽ, ഏറെ ചർച്ചയായി മാറിയത് ആയിരക്കണക്കിന് ജീവനക്കാരെ ട്വിറ്ററിൽ നിന്ന് കൂട്ടമായി പിരിച്ചുവിട്ട സംഭവമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് രാഷ്ട്രീയ-കലാ-കായിക രംഗത്തുള്ള പല പ്രമുഖരും ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിച്ചുപോവുകയുണ്ടായി.

എന്നാൽ, മസ്ക് പിരിച്ചുവിട്ട ജീവനക്കാർ തന്നെ ഇപ്പോൾ മസ്കിന് പണിയുമായി എത്തിയിരിക്കുകയാണ്. ട്വിറ്ററിൽ ഒരേസമയത്ത് ജോലിക്ക് കയറിയ അൽഫോൻസോ ഫോൺസ് ടെറൽ, ഡിവാരിസ് ബ്രൗൺ എന്നിവരാണ് അതിന് ചുക്കാൻ പിടിക്കുന്നത്. നവംബറിൽ ഇലോൺ മസ്ക് ട്വിറ്റർ ഓഫീസിൽ നിന്നും പറഞ്ഞുവിട്ട ഇരുവരും ചേർന്ന് പുതിയൊരു ട്വിറ്റർ ബദലിന്റെ നിർമാണത്തിലാണ്. ഏറെക്കാലമായി ട്വിറ്ററിന്റെ സോഷ്യൽ എഡിറ്റോറിയലിന്റെ ആഗോള തലവനായി സേവനമനുഷ്ഠിക്കുകയായിരുന്നു അൽഫോൻസോ ഫോൺസ് ടെറൽ. ഡിവാരിസ് ബ്രൗൺ ട്വിറ്ററിൽ പ്രൊഡക്റ്റ് മാനേജർ തലവനായിരുന്നു.

'സ്പിൽ' എന്ന് പേരിട്ടിരിക്കുന്ന ആപ്പിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞെന്നും ജനുവരിയോടെ ആപ്പ് ലഭ്യമായിത്തുടങ്ങുമെന്നും ഇരുവരും അറിയിച്ചുകഴിഞ്ഞു. ട്വിറ്ററിനെ മടുത്ത് ഒഴിവാക്കിയവർക്ക് 'സ്പിൽ' മികച്ച സോഷ്യൽമീഡിയ ആയിരിക്കുമെന്നും സംസ്‌കാരത്തിന് മുൻഗണ നൽകുന്ന പ്ലാറ്റ്‌ഫോമായിരിക്കും ഇതെന്നും ഇരുവരും അവകാശപ്പെടുന്നു. കറുത്ത നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടവർ, ക്വിയർ പ്രവർത്തകർ തുടങ്ങിയ ഉപയോക്താക്കളെ ഉയർത്തിക്കാട്ടാൻ ഒരു ഇടം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും അങ്ങനെയാണ് സ്പിൽ നിലവിൽ വന്നതെന്നും ടെക് ക്രഞ്ചിന് (TechCruch) നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞു.

Tags:    
News Summary - former Twitter employees are creating Spill as an alternative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.