പാസ്‌വേഡ് മറന്നാലും 'മുഖം രക്ഷിക്കും'; ഗൂഗിൾ അക്കൗണ്ട് വീണ്ടെടുക്കാൻ ഇനി സെൽഫി വീഡിയോ ഫീച്ചർ

പാസ്‌വേഡ് നഷ്ടമായതുകൊണ്ട് ഗൂഗിൾ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാൻ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ ഗൂഗിൾ അവതരിപ്പിച്ച ഈ പുതിയ ഫീച്ചർ നിങ്ങൾക്ക് ഉപകാരപ്പെടും. സെൽഫി വീഡിയോ എന്ന ഗൂഗിളിന്‍റെ പുതിയ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ഗൂഗിൾ അക്കൗണ്ട് ഓപ്പൺ ചെയ്യാം.

നിങ്ങളുടെ മുഖം ഉപയോഗിച്ച് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനും അക്കൗണ്ട് റിക്കവറി ചെയ്യാനും സാധിക്കും. ഇതിനായി ഉപയോക്താക്കൾ സ്വന്തം മുഖത്തിന്‍റെ വീഡിയോ റെക്കോഡ് ചെയ്ത് വെച്ചാൽ മതി. വ്യക്തിഗത അക്കൗണ്ടുകൾ ഉള്ളവർക്ക് ഈ ഫീച്ചർ ഉപയോഗിക്കാം. എന്നാൽ ഗൂഗിൾ വർക്ക്‌സ്‌പേസ് അക്കൗണ്ടുകൾ, കുട്ടികളുടെ അക്കൗണ്ടുകൾ, ഗൂഗിളിന്റെ അഡ്വാൻസ്ഡ് പ്രൊട്ടക്ഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള അക്കൗണ്ടുകൾ എന്നിവയ്ക്ക് ഈ സേവനം ലഭ്യമല്ല.

ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് നിർദ്ദേശാനുസരണം തല വിവിധ വശങ്ങളിലേക്ക് തിരിച്ച് ക്യാമറയിൽ ഒരു ചെറിയ വീഡിയോ റെക്കോർഡ് ചെയ്യണം. ഇത് ഗൂഗിളിന്റെ സെർവറുകളിൽ എൻക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കും. പിന്നീട് ലോഗിൻ ചെയ്യുമ്പോൾ ഇത് പരിശോധിച്ചായിരിക്കും പ്രവേശനം അനുവദിക്കുക.

ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുമെന്നും നിങ്ങളുടെ അനുമതിയില്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും ഗൂഗിൾ ഉറപ്പ് നൽകുന്നു. ഫേഷ്യൽ റെക്കഗ്നോഗ്ഷൻ സാങ്കേതികവിദ്യ മെച്ചപ്പെടുത്താൻ വീഡിയോ ഉപയോഗിക്കണോ എന്നത് ഉപയോക്താക്കൾക്ക് തീരുമാനിക്കാം. ഇത് നിർബന്ധമല്ല.

എഐ യുഗത്തിൽ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിക്കുന്നത് എളുപ്പമാണെങ്കിലും, ഇത് തടയാൻ മൾട്ടി-ലെയർ സുരക്ഷാ സംവിധാനങ്ങൾ ഗൂഗിൾ സജ്ജീകരിച്ചിട്ടുണ്ട്. ജീവനുള്ള മനുഷ്യനാണെന്ന് ഉറപ്പുവരുത്താൻ ലോഗിൻ ചെയ്യുമ്പോഴും തല ചലിപ്പിക്കാൻ ആവശ്യപ്പെടും. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും അക്കൗണ്ട് സെറ്റിങ്സിൽ നിന്ന് ഈ വീഡിയോ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും ഗൂഗിൾ നൽകുന്നുണ്ട്. ഡിജിറ്റൽ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. 

Tags:    
News Summary - Forgot your Google password? Now you can log in with a selfie.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.