ഒരു മിനിറ്റിൽ 100 കിലോമീറ്റർ റേഞ്ച്! വിപ്ലവകരമായ '15സി എവി ബാറ്ററി' സാങ്കേതികവിദ്യയുമായി ചൈനീസ് ഭീമൻ സൻവോഡ
ഇലക്ട്രിക് വെഹിക്കിൾ (EV) ലോകത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് കളമൊരുക്കിക്കൊണ്ട്, പുതിയ 15C സ്മാർട്ട് ഫ്ലാഷ് ചാർജിങ് (Smart Flash Charging) ബാറ്ററി സിസ്റ്റം അവതരിപ്പിച്ച് ചൈനീസ് ബാറ്ററി നിർമാതാക്കളായ സൻവോഡ ഇലക്ട്രിക് വെഹിക്കിൾ ബാറ്ററി കമ്പനി (Sunwoda EVB). ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ഷാവോചൗങ് (Zaozhuang) നഗരത്തിൽ നടന്ന ബാറ്ററി വ്യവസായ സമ്മേളനത്തിലാണ് വിപ്ലവകരമായ സാങ്കേതികവിദ്യ അവതരിപ്പിച്ചത്. പരമ്പരാഗത ഇവി ചാർജിങ് രീതികളെ അപ്രസക്തമാക്കുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.
മിനിറ്റുകൾക്കുള്ളിൽ ഫുൾ ചാർജ്
നിലവിൽ ടെസ്‌ല (Tesla), ബി.എം.ഡബ്ല്യു (BMW), മെഴ്‌സിഡസ് ബെൻസ് (Mercedes-Benz) തുടങ്ങിയ വമ്പൻമാരുടെ സൂപ്പർചാർജറുകൾ പോലും ഒരു കാർ പൂർണ്ണമായി ചാർജ് ചെയ്യാൻ കുറഞ്ഞത് 20 മുതൽ 35 മിനിറ്റ് വരെ സമയമെടുക്കുമ്പോഴാണ് സൻവോഡയുടെ പുതിയ മുന്നേറ്റം
സാധാരണ താപനിലയിൽ ബാറ്ററിയുടെ ചാർജ് 10 ശതമാനത്തിൽ നിന്ന് 70 ശതമാനത്തിലെത്താൻ വെറും 5 മിനിറ്റ് മാത്രം മതി. അതേസമയം, വെറും 9 മിനിറ്റിനുള്ളിൽ ബാറ്ററി 10%-ൽ നിന്ന് 97% വരെ ചാർജ് ചെയ്യാനാകും. ചാർജ് ചെയ്യുന്ന ഓരോ മിനിറ്റിലും ഏകദേശം 100 കിലോമീറ്റർ വരെ ഡ്രൈവിങ് റേഞ്ച് വാഹനം കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
കഠിനമായ തണുപ്പിലും മികച്ച പ്രകടനം (-20 ഡിഗ്രി സെൽഷ്യസ്)
അൾട്രാ-ഫാസ്റ്റ് ചാർജിങ് രംഗത്തെ എക്കാലത്തെയും വലിയ വെല്ലുവിളികളിലൊന്നാണ് അമിതമായ ചൂടും (Thermal Stress) തണുപ്പുകാലത്ത് ചാർജിങ് വേഗത കുറയുന്നതും. എന്നാൽ ഇതിന് മികച്ച പരിഹാരമായാണ് സൻവോഡയുടെ പുതിയ സിസ്റ്റം എത്തിയിരിക്കുന്നത്
വലിയ തോതിൽ ഊർജം ഒരേസമയം ഉള്ളിലേക്ക് തള്ളിക്കയറ്റുമ്പോൾ ഉണ്ടാകുന്ന താപവ്യതിയാനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഈ ബാറ്ററികൾക്ക് സാധിക്കുന്നു. കൂടാതെ -20 ഡിഗ്രി സെൽഷ്യസ് (-20°C) പോലുള്ള അതിശൈത്യമുള്ള കാലാവസ്ഥയിൽ പോലും വെറും 15 മിനിറ്റിനുള്ളിൽ 10% മുതൽ 97% വരെ ചാർജ് ചെയ്യാനും, 700 കിലോമീറ്ററിലധികം ഡ്രൈവിങ് റേഞ്ച് നൽകാനും ഈ ബാറ്ററികൾക്ക് കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
സുരക്ഷിതത്വവും വമ്പൻ വാറണ്ടിയും
ഇത്രയും ഉയർന്ന വേഗതയിൽ ചാർജ് ചെയ്താൽ ബാറ്ററിയുടെ ആയുസ്സ് കുറയുമെന്ന ആശങ്കക്ക് വിരാമമിട്ടുകൊണ്ടാണ് സൻവോഡയുടെ വാറണ്ടി പ്രഖ്യാപനം. അൾട്രാ-ഫാസ്റ്റ് ചാർജിങ് എത്ര തവണ ഉപയോഗിച്ചാലും ബാറ്ററിയുടെ ആയുസ്സ് കുറയില്ലെന്ന് ഉറപ്പുനൽകിക്കൊണ്ട് 10 വർഷം അല്ലെങ്കിൽ 3 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബാറ്ററിയുടെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കാനും തകരാറുകൾ മുൻകൂട്ടി കണ്ടെത്താനും 'സ്മാർട്ട് ബാറ്ററി സെൽസ് 3.0' സാങ്കേതികവിദ്യയും എഐ ക്ലൗഡ് പ്ലാറ്റ്‌ഫോമും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചൈനീസ് വാഹന നിർമാതാക്കളായ ഗീലി (Geely), ഡൊങ്ഫെങ് (Dongfeng), ജി.എ.സി (GAC) തുടങ്ങിയ മുൻനിര കമ്പനികൾക്കൊക്കെയും സെല്ലുകൾ നൽകുന്ന പ്രമുഖ പങ്കാളിയാണ് സൻവോഡ. നിലവിൽ ഇലക്ട്രിക് വാഹന വിപണിയിൽ ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി, 2027ഓടെ 10,000 മെഗാവാട്ട് ചാർജിങ് സ്റ്റേഷനുകൾ സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ചൈനീസ് ഭീമൻ. ബി.വൈ.ഡി (BYD) ഉൾപ്പെടെയുള്ള മറ്റ് ചൈനീസ് കമ്പനികളും സമാനമായ അതിവേഗ ഫ്ലാഷ് ചാർജിങ് സാങ്കേതികവിദ്യകളുമായി രംഗത്തുണ്ട്. സൻവോഡയുടെ ഈ പുതിയ മുന്നേറ്റം യാഥാർത്ഥ്യമാകുന്നതോടെ, പെട്രോൾ പമ്പുകളിൽ ഇന്ധനം നിറക്കുന്ന അതേ വേഗതയിൽ ഇലക്ട്രിക് കാറുകളും ചാർജ് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു പുതിയ കാലഘട്ടത്തിനാണ് ഇവി ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.