ദുബൈ: നിർമ്മിതബുദ്ധി സാങ്കേതിക വിദ്യയിൽ ലോകത്തിന് വഴി കാണിക്കാൻ യു.എ.ഇ. വിവിധ തലങ്ങളിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് ആരംഭിച്ചതോടെയാണ് ഈ മേഖലയിൽ ആഗോള ശ്രദ്ധയിലേക്ക് രാജ്യം എത്തിയിരിക്കുന്നത്. ഇതിന്റെ തെളിവാണ് ദുബൈയിൽ പ്രവർത്തിക്കുന്ന നിർമ്മിത ബുദ്ധി(എ.ഐ) കമ്പനികൾക്ക് വേണ്ടി അവതരിപ്പിച്ച പ്രത്യേക മുദ്രക്ക് 325 കമ്പനികൾ രംഗത്തുവന്നത്. ദുബൈ സെന്റർ ഫോർ ആർടിഫിഷ്യൽ ഇന്റലിജൻസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബൈ സർക്കാർ സ്ഥാപനങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്നതും എ.ഐ സംവിധാനങ്ങൾക്കായി ബിസിനസുകൾക്ക് ആശ്രയിക്കാൻ കഴിയുന്നതുമായ കമ്പനികളെ തിരിച്ചറിയാനാണ് മുദ്ര ഏർപ്പെടുത്തിയത്.
എ.ഐയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളോ സേവനങ്ങളോ നൽകുന്ന ദുബൈയിൽ ലൈസൻസുള്ള എല്ലാ കമ്പനികൾക്കും വെബ്സൈറ്റിൽ സൗജന്യമായി മുദ്ര ലഭിക്കുന്നതിന് അപേക്ഷിക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, മുദ്ര ഒരു ബിസിനസ് ലൈസൻസല്ലെന്നും ദുബൈയിൽ പ്രവർത്തിക്കാനുള്ള മറ്റു മാനദണ്ഡങ്ങൾ കമ്പനികൾ പാലിച്ചിരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് സംരംഭം ആരംഭിച്ചത്. ദുബൈ സെൻറർ ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്(ഡി.സി.എ.ഐ) വികസിപ്പിച്ചെടുത്ത ‘ദുബൈ സീൽ’ സർട്ടിഫൈഡ് കമ്പനികൾക്ക് അവരുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പ്രൊമോഷണൽ കാമ്പയ്നുകളിലും പ്രദർശിപ്പിക്കാൻ അനുവാദമുണ്ടാകും. ഇത് കമ്പനികളുടെ വിശ്വാസ്യതയെ തിരിച്ചറിയാനുള്ള മാർഗമാവുകയും ചെയ്യും.
യു.എ.ഇയിൽ എ.ഐ രംഗത്ത് മുന്നേറ്റത്തിന് വഴിയൊരുക്കുന്ന അഞ്ച് ജിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ആർടിഫിഷ്യൽ ഇന്റലിജൻസ് കാമ്പസ് അബൂദബിയിൽ നിർമിക്കുന്നതിന് യു.എ.ഇയും യു.എസും ധാരണയിലെത്തിയിട്ടുണ്ട്. യു.എസിന് പുറത്തുള്ള ഏറ്റവും വലിയ എ.ഐ കാമ്പസായിരിക്കുമിത്. യു.എ.ഇ ആസ്ഥാനമായ ജി ഫോർട്ടി ടുവും മൈക്രോസോഫ്റ്റും ചേർന്നാണ് കാമ്പസ് നിർമിക്കുന്നത്. നേരത്തെ തന്നെ നിർമ്മിതബുദ്ധി സാങ്കേതികവിദ്യയുടെ രംഗത്ത് വലിയ മുന്നേറ്റം യു.എ.ഇ നേടിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ അതിവേഗത്തിൽ സ്വീകരിക്കുന്ന രാജ്യത്ത് വിവിധ മേഖലകളിൽ എ.ഐ നിലവിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. സർക്കാർ വിദ്യഭ്യാസത്തിന്റെ കെ.ജി മുതൽ 12ാംക്ലാസ് വരെയുള്ള തലങ്ങളിൽ എ.ഐ ഉൾപ്പെടുത്തുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപനം പുറത്തുവന്നിരുന്നു. പുതിയ എ.ഐ കാമ്പസ് കൂടി നിലവിൽ വരുന്നതോടെ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന നിർമ്മിതബുദ്ധി കേന്ദ്രമായി രാജ്യം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2017ൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പേരിൽ ഒരു ദേശീയ എ.ഐ നയം ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ആഗോള എ.ഐ ഹബ്ബായി മാറാനുള്ള പാതയിൽ രാജ്യം പ്രവേശിച്ചിട്ട് വർഷങ്ങളായി. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗതാഗതം, ഊർജ്ജം എന്നിവയുൾപ്പെടെ നിർണായക മേഖലകളിലുടനീളം എ.ഐ സാങ്കേതികവിദ്യ സംയോജിപ്പിക്കാൻ മുൻഗണന നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.