‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളത്’; വിവാദ പരാമർശവുമായി വീണ്ടും ഇലോൺ മസ്ക്

ന്യൂഡൽഹി: മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിനെക്കുറിച്ചുള്ള ഇലോൺ മസ്കിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളതാണ്’ എന്നായിരുന്നു മസ്കിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി അറിയിച്ച എക്സ് ഉപയോക്താവിന്റെ പോസ്റ്റിന് മറുപടിയായാണ് മസ്കിന്റെ പ്രതികരണം.

‘ഇൻസ്റ്റഗ്രാം ഔദ്യോഗികമായി ഡിലീറ്റ് ചെയ്തു. അടിസ്ഥാനപരമായി സ്ത്രീകൾക്കായുള്ള ആപ്പാണ്, യാതൊരു പ്രയോജനവുമില്ല’ എന്ന തരത്തിലായിരുന്നു ജെയ്ഗർ ക്യാപിറ്റൽ എന്ന എക്സ് അക്കൗണ്ടിന്റെ പോസ്റ്റ്. ഇതിനോടുള്ള പ്രതികരണത്തിലാണ് മസ്ക് ‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളത് (Instagram is for girls)’ എന്ന് കുറിച്ചത്. പിന്നാലെ പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.

നേരത്തേയും ഇലോൺ മസ്ക് ഇൻസ്റ്റഗ്രാമിനെ പെൺകുട്ടികളുമായി ബന്ധപ്പെടുത്തി പരാമർശിച്ചിരുന്നു. മേയ് മാസത്തിൽ സമാനമായ പരാമർശം അദ്ദേഹം എക്സിൽ നടത്തിയിരുന്നു. അന്ന് സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട ഒരു വൈറൽ ചർച്ചക്ക് മറുപടിയായാണ് ‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ളത്’ എന്ന് ഇലോൺ മസ്ക് കുറിച്ചത്. തുടർന്ന് പുരുഷന്മാർ തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ അയക്കുന്നതിനെക്കുറിച്ചും മസ്ക് പരിഹാസരൂപത്തിലുള്ള പ്രതികരണം നടത്തിയിരുന്നു. ഈ പരാമർശങ്ങൾക്കെതിരെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

മസ്കിന്റെ ഏറ്റവും പുതിയ പരാമർശത്തിനെതിരെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തി. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്ഫോം ആർക്ക് വേണ്ടിയുള്ളതാണെന്നുള്ള ചോദ്യങ്ങളാണ് ഉയർന്നതിൽ അധികവും. കൂടാതെ ഇൻസ്റ്റഗ്രാം എല്ലാ ലിംഗവിഭാഗങ്ങളിലുമുള്ള ആളുകൾ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണെന്ന് ചൂണ്ടിക്കാട്ടിയവരും ഉണ്ടായിരുന്നു. 

Tags:    
News Summary - Elon Musk Says Instagram Is for Girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.