ഇന്നത്തെ 'ഗൂഗിൾ ഡൂഡിൽ' വരച്ചത് വിദ്യാർഥിയായ ശ്ലോക്; കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ സമ്മാനം

ഇന്ന് ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപയോഗിച്ചവർ 'ഡൂഡിൽ' ശ്രദ്ധിച്ചിരുന്നോ..? ഇന്നത്തെ ഗൂഗിൾ ഡൂഡിൽ കൊൽക്കത്തയിലെ ഒരു സ്കൂൾ വിദ്യാർഥി വരച്ചതാണ്. പേര് ശ്ലോക് മുഖർജി. ഈ വർഷം ഗൂഗിൾ, ഇന്ത്യയിൽ നടത്തിയ 'ഡൂഡിൽ ഫോർ ഗൂഗിൾ' മത്സരത്തിലെ വിജയിയാണ് കൊൽക്കത്തയിലെ ന്യൂ ടൗണിലുള്ള ഡൽഹി പബ്ലിക് സ്കൂൾ വിദ്യാർഥിയായ ശ്ലോക്.

"ഇന്ത്യ ഓൺ ദി സെന്റർ സ്റ്റേജ്" എന്ന പേരിലുള്ള ഡൂഡിലിൽ ഒരു "പരിസ്ഥിതി സൗഹൃദ റോബോട്ടി''നെയാണ് നിങ്ങൾക്ക് കാണാൻ കഴിയുക. യോഗ ചെയ്യുന്ന മനുഷ്യൻ, ശാസ്ത്രജ്ഞൻ, റോബോട്ട്, ഗ്ലോബ്, ഒരു വൃക്ഷം, ചെടി എന്നിവയുടെ ആകൃതിയിലാണ് "ഗൂഗിൾ" എന്ന അക്ഷരങ്ങൾ. 24 മണിക്കൂർ സമയത്തേക്ക് ഗൂഗിൾ ഇന്ത്യ വെബ്‌സൈറ്റിൽ ശ്ലോകിന്റെ ഡൂഡിൽ ഫീച്ചർ ചെയ്യും.

ഇന്ത്യയിലെ നൂറിലധികം നഗരങ്ങളിൽ നിന്നുള്ള ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ നിന്നുള്ള 1.15 ലക്ഷത്തിലധികം എൻട്രികളിൽ നിന്നാണ് ശ്ലോകിന്റെ ഡൂഡിൽ ഗൂഗിൾ തിരഞ്ഞെടുത്തത്. "അടുത്ത 25 വർഷത്തിനുള്ളിൽ എന്റെ ഇന്ത്യ..." എന്നതായിരുന്നു ഈ വർഷത്തെ മത്സരത്തിന്റെ തീം.

"അടുത്ത 25 വർഷത്തിനുള്ളിൽ, മനുഷ്യരാശിയുടെ പുരോഗതിക്കായി നമ്മുടെ ഇന്ത്യയിലെ ശാസ്ത്രജ്ഞർ പരിസ്ഥിതി സൗഹൃദ റോബോട്ട് വികസിപ്പിക്കും. ഇന്ത്യ ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് പതിവായി ഇന്റർഗലാറ്റിക്കൽ യാത്രകൾ നടത്തും. യോഗ, ആയുർവേദ മേഖലകളിൽ ഇന്ത്യ കൂടുതൽ വികസിക്കും, വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകും," -ശ്ലോക് മുഖർജി എഴുതി.

അതേസമയം, ഗൂഗിൾ ശ്ലോക് മുഖർജിക്ക് സമ്മാനമായി അഞ്ച് ലക്ഷത്തിന്റെ കോളജ് സ്കോളർഷിപ്പ് നൽകും. കൂടാതെ, അവന്റെ സ്കൂളിന് വേണ്ടി രണ്ട് ലക്ഷം രൂപയുടെ ടെക്നോളജി പാക്കേജും നൽകും. 

Tags:    
News Summary - Doodle for Google 2022 India winner is Shlok Mukherjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.